ബാഴ്സയുടെ ഫെർമിൻ ലോപസ്, ലാമിൻ യമാൽ, റാഫീഞ്ഞ എന്നിവരുടെ ഗോളാഘോഷം.
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ഗോളടിമേളം സൃഷ്ടിച്ച് എഫ്സി ബാഴ്സലോണയുടെ കുതിപ്പ്. 2026-27 ലാ ലിഗ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ 17 ഗോളാണ് എഫ്സി ബാഴ്സലോണ എതിര് ടീമുകളുടെ വലയില്‍ നിക്ഷേപിച്ചത്. വഴങ്ങിയത് വെറും രണ്ട് എണ്ണം മാത്രവും.
സീസണിലെ ആദ്യ മത്സരത്തില്‍ എല്‍ചെയെ 5-0നും രണ്ടാം മത്സരത്തില്‍ അത്ലറ്റിക്കോ ബില്‍ബാവൊയെ 2-0നും മൂന്നാം മത്സരത്തില്‍ റയോ വയ്യക്കാനൊയെ 5-2നും ഏറ്റവും ഒടുവില്‍ വലെന്‍സിയയെ 5-0നുമാണ് ബാഴ്സലോണ തകര്‍ത്തത്. നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് 2026-27 സീസണില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ ബാഴ്സലോണ ഡച്ച് ക്ലബ്ബായ ഫെയ്നൂര്‍ഡിനെ നേരിടും.
റാഫീഞ്ഞ, ലോപസ്, യമാല്‍
റാഫീഞ്ഞ, ഫെര്‍മിന്‍ ലോപസ്, ലാമിന് യമാല്‍ എന്നിവരാണ് ഈ സീസണില്‍ ബാഴ്സലോണയുടെ ഇതുവരെയുള്ള ഗോള്‍വേട്ടയ്ക്കു ചുക്കാന്‍ പിടിക്കുന്നത്. നാലു മത്സരങ്ങളില്‍നിന്ന് റാഫീഞ്ഞ ആറു ഗോള്‍ സ്വന്തമാക്കി. ലോപസും യമാലും നാല് എണ്ണം വീതം നേടിക്കഴിഞ്ഞു.
21-ാം നൂറ്റാണ്ടില്‍ ബാഴ്സലോണയ്ക്കായി ആദ്യനാലു മത്സരങ്ങളില്‍നിന്ന് ആറു ഗോള്‍ നേടുന്ന രണ്ടാമതു കളിക്കാരനാണ് റാഫീഞ്ഞ. ലയണല്‍ മെസി മാത്രമേ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.
Tags : FCBarcelona Rafinha Lopez Yamal SpanishLaLiga Sports