ഡാനില്‍ മെദ്വദേവ്, അരീന സബലെങ്ക
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവ് പുറത്ത്. ഏഴാം സീഡായ മെദ്വെദേവിനെ 11-ാം സീഡായ അമേരിക്കയുടെ ഫ്രാന്‍സെസ് തിയാഫൊ അട്ടിമറിച്ചു. 7-6 (7-1), 6-4, 7-6 (8-6) എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തിയാഫൊയുടെ ജയം.
ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. അമേരിക്കയുടെ എട്ടാം സീഡായ ബെന്‍ ഷെല്‍ട്ടണ്‍ ആണ് സിറ്റ്സിപാസിനു പുറത്തേക്കുള്ള വഴികാണിച്ചത്. സ്കോര്‍: 6-2, 6-3, 6-4.
27-ാം സീഡായ അര്‍ജന്റീനയുടെ മാര്ട്ടിന് എച്ചെവെറിയും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. സീഡില്ലാത്ത അമേരിക്കയുടെ അലക്സ് മീച്ചെല്സണ് ആണ് എച്ചെവെറിയെ അട്ടിമറിച്ചത്. സ്കോര്‍: 7-6 (8-6), 6-4, 6-4.
അല്‍കരാസ്, സബലെങ്ക ക്വാർട്ടറിൽ
പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ കാര്‍ലോസ് അല്‍കരാസ്, വനിതാ സിംഗിള്‍സില്‍ നിലവിലെ കിരീട ജേതാവായ അരീന സബലെങ്ക എന്നിവര്‍ ക്വാര്‍ട്ടറില്‍. രണ്ടാം സീഡായ അല്‍കരാസ് അമേരിക്കയുടെ ടോമി പോളിനെയാണ് പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.
സ്കോര്‍: 6-4, 6-3, 6-4.
ഒന്നാം സീഡായ അരീന സബലെങ്ക അമേരിക്കയുടെ ടെയ്ലര് ടൗസെന്ഡിനെ കീഴടക്കി ക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-4, 6-3.
വനിതാ സിംഗിള്‍സില്‍ ജെസീക്ക പെഗുല, എമ്മ നവാരൊ, ലിന്‍ഡ നോസ്കോവ എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
Tags : USOpen MensSingle DaniilMedvedev Sports