പ്രതീകാത്മക ചിത്രം
മുസാഫർനഗർ: യുപി മുസാഫർനഗറിലെ അതിവേഗ കോടതി നാലുമാസത്തിനിടെ വധശിക്ഷ വിധിച്ചത് 23 പ്രതികൾക്ക്. സ്ത്രീധനം ആവശ്യപ്പെട്ട് 2018ൽ ഭാര്യ ഷെഹ്സാദിനെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി നദിം ആണ് പട്ടികയിലെ ഒടുവിലത്തെയാൾ.
ഇന്നലെയാണ് പ്രതിക്കു മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചത്. നാലുമാസത്തിനിടെ 11 വ്യത്യസ്ത കേസുകളിലെ 23 പ്രതികൾക്കാണു ജഡ്ജി രവികുമാർ ദിവാകർ പരമാവധി ശിക്ഷ നിർദേശിച്ചിരിക്കുന്നത്.
അതിനിടെ കോടതിയുടെ പരിഗണനയിലുള്ള നൂറോളം കൊലപാതകക്കേസുകൾ കഴിഞ്ഞമാസം ജില്ലാ സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിംഗിന്റെ കോടതിയിലേക്കു മാറ്റിയിരുന്നു. ഭരണപരമായ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിമാറ്റം.
കേസുകളിൽ പലതിലും ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതി വധശിക്ഷ വിധിച്ചേക്കാമെന്ന് അഭിഭാഷകരും ഹർജിക്കാരും സംശയിച്ചിരുന്നു.
കോടതിമാറ്റത്തിന് ഇതും കാരണമായതായി അനുമാനിക്കാമെന്ന് ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു.
Tags : Convicts Hanged FastTrackCourt UtterPradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash