പ്രതീകാത്മക ചിത്രം
അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലിസിനു നിർണായക തെളിവുകൾ ലഭിച്ചു.
അന്യസംസ്ഥാന തൊഴിലാളിയാണ് കൊലപാതകത്തിനു പിന്നിലെന്ന സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണു പൊലിസ് അന്വേഷണം. അഗളി എസ്ഐ അർഷാദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണസംഘം രാത്രിതന്നെ വിമാനമാർഗം ബംഗാളിലെത്തി.
ഞായറാഴ്ച പകൽ രണ്ടരയോടെ ഭവാനിപ്പുഴ ചീരക്കടവിൽ പരിസരവാസികളാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെയും അഞ്ചുവയസുള്ള പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണു മൂന്നു ചാക്കുകളിലായി കെട്ടി ഭവാനിപ്പുഴയിൽ തള്ളിയത്. തലയും ഉടലും വേർപെടുത്തിയ നിലയിലായിരുന്നു ശരീരഭാഗങ്ങൾ.
രണ്ടാഴ്ചമുമ്പ് ബംഗാൾ സ്വദേശികളായ യുവാവും യുവതിയും കുഞ്ഞും പ്രദേശത്ത് തോട്ടം തൊഴിലാളികളായി എത്തിയിരുന്നതായി പൊലിസിനു വിവരം ലഭിച്ചു. ഇവരെ ദിവസങ്ങൾക്കുമുന്പ് കാണാതായിട്ടുണ്ട്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണു നിർണായക തെളിവുകൾ ലഭിച്ചത്. യുവാവ് സംസ്ഥാനത്തുനിന്ന് കടന്നതായാണു വിവരം.
തൃശൂർ സിറ്റി പൊലിസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം ഇന്നലെ സ്ഥലത്തെത്തി അന്വേഷണം നടത്തി. അഗളി ഡിവൈസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.
Tags : BhavaniRiver CrucialEvidence DeadBodies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash