സുപ്രീംകോടതി
ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ നിർവചനവും സംരക്ഷണവും സംബന്ധിച്ചു പഠിക്കുന്ന ഉന്നതാധികാര സമിതിക്കു റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി.
2027 ഫെബ്രുവരി 28 വരെ സമയം നീട്ടി നൽകണമെന്നായിരുന്നു സമിതി ആവശ്യപ്പെട്ടത്. എന്നാൽ, നവംബർ 30ന് മുമ്പായി സമിതിയുടെ പ്രവർത്തനം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കൂടുതൽ സമയം നീട്ടിനൽകാനാകില്ലെന്നും പ്രാപ്തിയില്ലെങ്കിൽ സമിതി പുനഃസംഘടിപ്പിക്കുമെന്നും ചീഫ് ജസ്റ്റീസ് മുന്നറിയിപ്പ് നൽകി. കൃത്യമായി ജോലി ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി, രാജസ്ഥാനിലെയും ഗുജറാത്തിലെയും ഗോത്രവർഗ വിഭാഗങ്ങൾ ഉൾപ്പടെയുള്ള എല്ലാ പങ്കാളികളുമായും സമഗ്രമായ കൂടിയാലോചന നടത്തണമെന്നും ആവശ്യപ്പെട്ടു.
അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനും അനുമതിയുണ്ട്. ഇടക്കാല റിപ്പോർട്ടുകൾ, നിർവചനങ്ങൾ, അനുബന്ധ വിഷയങ്ങൾ എ
ന്നിവ പരിഗണിക്കുന്നതിനായി ഡിസംബർ രണ്ടിന് കേസിൽ വീണ്ടും വാദം കേൾക്കും.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ആരവല്ലി മലനിരകളുടെ നിർവചനത്തിൽ വ്യത്യസ്തത നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമവിരുദ്ധ ഖനനം വർധിക്കുന്നുവെന്ന പരിസ്ഥിതി പ്രവർത്തകരുടെയും സിവിൽ സൊസൈറ്റികളുടെയും ആശങ്കകളും കണക്കിലെടുത്താണ് കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തത്.
തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ജൂണിലാണ് ഉന്നതാധികാര സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.
Tags : SupremeCourt AravalliHills Warning HighPoweredCommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash