സ്വതന്ത്ര ഭരദ്വാജ്
ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ പിതാവിനെ മർദിച്ച കേസിൽ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്ത തീവ്ര വലതുപക്ഷ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും കസ്റ്റഡിയിൽനിന്നു മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭരദ്വാജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റീസുമാരായ നവീൻ ചൗള, രവീന്ദർ ദുദേ എന്നിവരടങ്ങിയ ബെഞ്ച് ഹർജി നിരസിക്കുകയായിരുന്നു. അതേസമയം, ഇയാളുടെ ജുഡീഷൽ കസ്റ്റഡി 14 ദിവസത്തേക്കുകൂടി വിചാരണക്കോടതി നീട്ടി.
ദളിത് വിഭാഗത്തിൽപ്പെട്ട വിദ്യാർഥിആക്ടിവിസ്റ്റിന്റെ പിതാവിനെ ആക്രമിച്ച കേസിൽ ഭാരതീയ ന്യായ സംഹിതയിലെ സാധാരണ വകുപ്പുകൾക്കുപുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം, പോക്സോ എന്നിവ പ്രകാരമുള്ള ഗുരുതരമായ വകുപ്പുകളും ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിനുശേഷം പെൺകുട്ടിയുടെ പിതാവിന്റെ തലയോട്ടി താൻ തകർത്തുവെന്നും മണിക്കൂറുകൾക്കുള്ളിൽ പൊലീസ്തന്നെ വിട്ടയച്ചുവെന്നും അവകാശപ്പെട്ട് ഭരദ്വാജ് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പാർലമെന്റ് പൊലിസ് സ്റ്റേഷനുമുന്നിൽ സമരം നടത്തിയതോടെയാണ് ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്.
Tags : JantarMantar AttackCase SwatantraBharadwaj Dismissed DelhiHihgCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash