പ്രണവ്, കനകരാജ്, നിഥുല്കുമാര്
മീനങ്ങാടി: സെപ്റ്റംബര്‍ 30ന് വൈകുന്നേരം എഫ്സിഐ ഗോഡൗണിന് സമീപം ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍.
കണ്ണൂര്‍ മണത്തണ മേലേമുറിങ്ങോടി പുതുപ്പറമ്പില്‍ പി. പ്രണവ്(24), മുഴക്കുന്ന് ഉറക്കുന്നുണ്ടുപറമ്പില് കെ. കനകരാജ്(28),കണ്ണൂര്‍ ചൊക്ലി പെരിങ്ങളം കണ്ണമ്പള്ളി കോടിയുംപുനത്തില് നിഥുല്കുമാര്(29)എന്നിവരാണ് പിടിയിലായത്.
കേസില്‍ കണ്ണൂര്‍ പെരിങ്ങളം അനിയാരം മൂത്തേടത്ത് താഴെകുനിയില്‍ എം. രഞ്ജു(32), മട്ടന്നൂര്‍ സൗരവ് നിവാസില്‍ സൗരവ് സുനില്‍ (26)എന്നിവര്‍ സംഭവദിവസം അറസ്റ്റിലായിരുന്നു. പ്രണവിനെയും കനകരാജിനെയും പേരാവൂര്‍ എടത്തൊട്ടിയില്നിന്നും നിഥുല്കുമാറിനെ കണ്ണൂര്‍ കണ്ണമ്പള്ളിയില്നിന്നുമാണ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയിലെ ബംഗളൂരുവില്‍നിന്ന് കൊടുവള്ളിയിലേക്ക് ഇന്നോവ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവാണ് കവര്‍ച്ചയ്ക്ക് ഇരയായത്. രണ്ട് കാറുകളില്‍ എത്തിയ പത്തോളം പേരാണ് ഇന്നോവ തടഞ്ഞുനിര്‍ത്തിയത്. ആയുധങ്ങള്‍ ഉപയോഗിച്ച് കാറിന്റെ സൈഡ് ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തശേഷമാണ് യുവാവിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചത്.
യുവാവിനെ പുറത്തിറക്കിയശേഷം ഇന്നോവയും അതിലുണ്ടായിരുന്ന 21,000 രൂപയുമാണ് കവര്‍ന്നത്. ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുള്‍കരീമിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Meenangadi highway robbery Arrest Police Pepper Spray car passenger