ഹെബ്രോൺ നഗരത്തിൽ ആക്രമണം നടത്തുന്ന പലസ്തീൻകാരൻ.
രമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പിൽ അഞ്ച് ഇസ്രേലികൾക്കു പരിക്ക്. ആക്രമണം നടത്തിയ രണ്ട് പലസ്തീനികളെ ഇസ്രേലി സേന വെടിവച്ചു കൊന്നു.
ഹെബ്രോൺ നഗരത്തിലെ പ്രവേശനകവാടത്തിലായിരുന്നു ആക്രമണം. കാറിൽനിന്ന് തോക്കുമായി ഇറങ്ങിയ പലസ്തീനികൾ ഇവിടുത്തെ ഇസ്രേലി സേനാ ചെക് പോസ്റ്റിനു നേർക്കു വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് ഇസ്രേലികളുടെ നില ഗുരുതരമാണ്.
വെസ്റ്റ് ബാങ്കിലെ അധിനിവേശ ഇസ്രേലികൾ പലസ്തീനികളുടെ ഒലിവ് വിളവ് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതായ റിപ്പോർട്ടുകൾക്കിടെയാണ് സംഭവം.
അക്രമികളുടെ കാറിൽനിന്ന് വലിയ തോതിൽ ആയുധങ്ങൾ കണ്ടെടുത്തതായി ഇസ്രേലി സേന അറിയിച്ചു. അക്രമികളുടെ വീട്ടിൽ ഇസ്രേലിസേന റെയ്ഡ് നടത്തി. ആക്രമണം നടന്ന സ്ഥലത്തെ പലസ്തീൻ കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ഉത്തരവിട്ടതായി ഇസ്രേലി ധനമന്ത്രി ബസാലേസ് സ്മോട്രിച്ച് അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ്ബാങ്ക് മുഴുവൻ ലോക്ഡൗണിലാക്കാൻ സൈന്യത്തിനു നിർദേശം നല്കിയതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വെസ്റ്റ് ബാങ്കിൽ ലോക് ഡൗൺ ഏർപ്പെടുത്തുമെന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
ഈ വർഷം വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേനയുടെയും അധിനിവേശ ഇസ്രേലികളുടെയും ആക്രമണത്തിൽ 96 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
Tags : Shooting WestBank Israelis Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash