ലെയോ പതിനാലാമൻ മാർപാപ്പാ
വത്തിക്കാൻ സിറ്റി: ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷമുള്ള വിശ്രമത്തിന്റെ ഭാഗമായി 27ന് അസീസിയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പാ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ 13ന് ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനായ മാർപാപ്പയുടെ ആരോഗ്യനില അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നതിനാൽ ഹെലികോപ്റ്ററിലുള്ള യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടക്കം കുറിച്ച ലോക സമാധാനത്തിനായുള്ള പ്രാർഥനാദിനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് 27ന് അസീസിയിൽ "ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനം" എന്ന വിഷയത്തിൽ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
നേരിട്ടു പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും മാർപാപ്പ തന്റെ പ്രത്യേക സന്ദേശവും പിന്തുണയും അയക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. സംഘർഷഭരിതമായ കാലത്ത് ''അസീസി ചൈതന്യം'' ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രധാന്യം മാർപാപ്പ സന്ദേശത്തിൽ ഓർമിപ്പിക്കും.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള എക്സ് റേ പരിശോധനകൾ ഉൾപ്പടെയുള്ളവയിൽ മാർപാപ്പയുടെ ആരോഗ്യം മികച്ച രീതിയിൽ പുരോഗമിക്കുന്നതായി വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന് ഇനി മറ്റു പ്രത്യേക ചികിത്സകളുടെ ആവശ്യമില്ലെന്നും വത്തിക്കാൻ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം വത്തിക്കാനിൽ തിരിച്ചെത്തിയ മാർപാപ്പ കഴിഞ്ഞദിവസങ്ങളിൽ ത്രികാലജപപ്രാർഥനയിലും പൊതുകൂടിക്കാഴ്ചകളിലും സജീവമായി പങ്കെടുത്തിരുന്നു.
Tags : Assisi Visit Cancelled PopeLeoXIV cancels Assisi Visit Post-surgery Rest