International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് 71-ാം ജന്മദിനം. തന്റെ അമ്മ ലൈബ്രേറിയനായിരുന്നുവെന്ന കാര്യം അനുസ്മരിച്ച് വത്തിക്കാൻ അപ്പോസ്തോലിക് ലൈബ്രറി സന്ദർശിച്ചാണ് മാർപാപ്പ ജന്മദിനം ആഘോഷിച്ചത്. തുടർന്ന് കർദിനാൾമാരുടെ സാന്നിധ്യത്തിൽ മാർപാപ്പ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.
ജന്മദിനത്തോടനുബന്ധിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയടക്കം വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ, സഭാമേധാവികൾ എന്നിവർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. സമാധാനം, ഐക്യം, മാനുഷിക അന്തസ് എന്നിവയ്ക്കായി മാർപാപ്പ നടത്തുന്ന നിരന്തര പരിശ്രമങ്ങളെ ലോകനേതാക്കൾ പ്രകീർത്തിച്ചു.
ജന്മദിനത്തോടനുബന്ധിച്ച് വത്തിക്കാൻ ജീവനക്കാർക്ക് ആശ്വാസമേകുന്ന രണ്ട് സുപ്രധാന ഉത്തരവുകൾ മാർപാപ്പ പുറപ്പെടുവിച്ചു.
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് വെട്ടിക്കുറച്ച ശമ്പളം പൂർണമായി പുനഃസ്ഥാപിച്ചതാണ് ഒന്നാമത്തെ ഉത്തരവ്. വത്തിക്കാൻ സീക്രട്ട് ആർക്കൈവുകളിലെയും ലൈബ്രറിയിലെയും അപൂർവശേഖരങ്ങൾ വത്തിക്കാൻ സിറ്റിക്കുപുറത്തേക്ക് മാറ്റാനുള്ള മുൻ തീരുമാനം റദ്ദാക്കി വത്തിക്കാനുള്ളിൽത്തന്നെ പുതിയ മന്ദിരം നിർമിച്ച് അവ സംരക്ഷിക്കാൻ നിർദേശിച്ചതാണ് രണ്ടാമത്തെ ഉത്തരവ്.
1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചത്.
International
"ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരു പ്രസംഗവുമായല്ല, മറിച്ച് വലിയൊരു വിശപ്പോടെയാണ്. നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള അതിയായ വിശപ്പ്...' വേനൽക്കാലത്തിന്റെ ആടിയുലയുന്ന കാറ്റിൽ, ഒലിവ് മരങ്ങൾ തണൽവിരിച്ച കാസൽ ഗഡോൾഫോയിലെ ലൗദാത്തോ സി ഗ്രാമം ആ വാക്കുകൾക്കു സാക്ഷിയായി.
തന്റെ വേനൽക്കാല വസതിയിൽ വച്ച്, പാർശ്വവത്കരിക്കപ്പെട്ട ഇരുന്നൂറോളം വരുന്ന ദുർബലരായ മനുഷ്യർക്കൊപ്പം ഉച്ചഭക്ഷണം പങ്കുവച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ജൂലൈ 11ന് റോം രൂപതയുടെ സഹായത്തോടെയാണ് ഹൃദയസ്പർശിയായ ഈ ഒത്തുചേരൽ ഒരുക്കിയത്. ഭവനരഹിതർ, അഭയാർഥികൾ, സ്വന്തം നാടുവിട്ടു പലായനം ചെയ്യേണ്ടി വന്നവർ തുടങ്ങി ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്നവരായിരുന്നു വിരുന്നിനെത്തിയ അതിഥികൾ.
ഇതിൽ 35 കുട്ടികളും ഉൾപ്പെടുന്നു. ടാൻസാനിയയിൽനിന്നുള്ള അഭയാർഥിയായ അമ്മയും അവരുടെ രണ്ട് പിഞ്ചുകുട്ടികളും യുക്രെയ്ൻ, പെറു, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികൾ എന്നിവർക്കൊപ്പമാണ് മാർപാപ്പ ഭക്ഷണത്തിനായി ഇരുന്നത്.
താൻ പ്രസംഗിക്കാനല്ല, മറിച്ച് എല്ലാവരെയും സ്വാഗതം ചെയ്യുന്ന, വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഒരു സഭയെക്കുറിച്ചുള്ള ആഗ്രഹവുമായാണ് എത്തിയതെന്ന മാർപാപ്പ നർമം കലർന്ന വാക്കുകളിൽ പറഞ്ഞു . "ശത്രുതയില്ലാത്ത, എല്ലാവരിലും സ്നേഹവും സമാധാനവും അനുരഞ്ജനവും വസിക്കുന്ന ഒരു ലോകമാണ് സഭ ലക്ഷ്യമിടേണ്ടത്,' മാർപാപ്പ ഓർമിപ്പിച്ചു.
Viral
വത്തിക്കാന്റെ ചരിത്രത്തിൽ പുത്തൻ അധ്യായം കുറിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പ തന്റെ ലാളിത്യത്തിലൂടെയും ആധുനികമായ കാഴ്ചപ്പാടുകളിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.
പരമ്പരാഗതമായ പാപ്പൽ വസ്ത്രധാരണത്തിനൊപ്പം ലളിതമായ സ്പോർട്സ് ഷൂ ധരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വെറുമൊരു ഫാഷൻ എന്നതിലുപരി, സാധാരണക്കാരോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ മനസിന്റെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.
വത്തിക്കാൻ പുറത്തിറക്കിയ പുതിയ ഡോക്യുമെന്ററിയിലെ ഈ ദൃശ്യങ്ങൾ ആത്മീയതയും ആധുനികതയും തമ്മിലുള്ള മനോഹരമായ ഒരു കൂടിച്ചേരലായാണ് വിശ്വാസികൾ ദർശിക്കുന്നത്.
ഷിക്കാഗോയിൽ ജനിച്ചു വളർന്ന റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ മാർപ്പാപ്പ, തന്റെ അമേരിക്കൻ പശ്ചാത്തലവും ലാളിത്യവും ഒട്ടും കൈവിടാതെയാണ് സഭയെ നയിക്കുന്നത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള നൈക്കി മോഡൽ ഷൂസുകൾ ധരിച്ചുകൊണ്ട് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ, അത് ആഡംബരങ്ങളേക്കാൾ പ്രായോഗികതയ്ക്കും ലാളിത്യത്തിനും മുൻഗണന നൽകുന്ന ഒരു ഭരണാധികാരിയുടെ ചിത്രമാണ് നൽകുന്നത്.
ഈ മാറ്റം യുവാക്കൾക്കിടയിൽ സഭയുടെ പ്രതിച്ഛായ വർധിപ്പിക്കാനും വിശ്വാസികളെ സഭയുമായി കൂടുതൽ അടുപ്പിക്കാനും സഹായിക്കുന്നുണ്ട്. മുൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പ തുടങ്ങിവെച്ച വിപ്ലവകരമായ മാറ്റങ്ങളുടെ തുടർച്ചയായാണ് പലരും ഇതിനെ കാണുന്നത്.
സഭയുടെ തലവൻ എന്നത് അപ്രാപ്യമായ ഒരു പദവിയല്ലെന്നും, അദ്ദേഹം നമ്മളിലൊരാളാണെന്നുമുള്ള സന്ദേശം ഈ ലളിതമായ ജീവിതശൈലിയിലൂടെ അദ്ദേഹം ലോകത്തിന് നൽകുന്നു.
'ഹോളി ഡ്രിപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഈ വാർത്ത ആഘോഷിക്കപ്പെടുമ്പോൾ, അത് ആധുനിക ലോകത്തിന്റെ ഭാഷയിൽ സഭയെയും അതിന്റെ മൂല്യങ്ങളെയും ഉൾക്കൊള്ളാനുള്ള യുവതലമുറയുടെ ആവേശത്തെയാണ് കാണിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുള്ള അദ്ദേഹം, ഇത്തരമൊരു ലളിതമായ സമീപനത്തിലൂടെ മനുഷ്യത്വത്തിന്റെയും എളിമയുടെയും വലിയൊരു സന്ദേശമാണ് ആഗോള സമൂഹത്തിന് കൈമാറുന്നത്.
International
വത്തിക്കാൻ: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും ലിയോ പതിനാലാമൻ മാർപ്പാപ്പ മുഖ്യകാർമികത്വം വഹിച്ചു.
മാർപ്പാപ്പയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ക്രിസ്മസ് ആയിരുന്നു ഇത് എന്നത് ഈ വർഷത്തെ ചടങ്ങുകളുടെ സവിശേഷത വർദ്ധിപ്പിച്ചു.
ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെ ആരംഭിച്ച ശുശ്രൂഷകളിൽ ഇരുനൂറിലധികം അംഗങ്ങൾ അണിനിരന്ന ഗായകസംഘത്തിന്റെ സംഗീതം ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കി.
അൾത്താരയ്ക്ക് മുന്നിലെ ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഉണ്ണിയേശുവിന്റെ രൂപം മാർപ്പാപ്പ അനാവരണം ചെയ്തതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്മസ് സന്ദേശത്തിൽ കരുണയുടെയും സ്നേഹത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് മാർപ്പാപ്പ സംസാരിച്ചത്.
ദരിദ്രരോടും അപരിചിതരോടും ദയ കാണിക്കണമെന്നും സഹായം ആവശ്യമുള്ളവരെ അവഗണിക്കുന്നത് ദൈവത്തെ തന്നെ അവഗണിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആറായിരത്തോളം വിശ്വാസികളാണ് ബസിലിക്കയിൽ നേരിട്ടെത്തി ചടങ്ങുകളിൽ പങ്കെടുത്തത്.
യുദ്ധത്തിന്റെ കരിനിഴൽ വീണുകിടക്കുന്ന ഗാസയിലെ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങൾ മാറ്റിവെച്ചിരുന്ന പലസ്തീനിലെ ക്രൈസ്തവരും ഇത്തവണ പ്രത്യാശയോടെ തിരുപ്പിറവി ആഘോഷിച്ചു.
യേശുവിന്റെ ജന്മസ്ഥലമായ ബേത്ലഹേമിലെ നേറ്റിവിറ്റി പള്ളിയിൽ നടന്ന പാതിരാകുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു. സമാധാനത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് കടന്നുപോകുന്നത്.
Editorial
ഹമാസ് എന്ന ഭീകരപ്രസ്ഥാനത്തെ വച്ചുപൊറുപ്പിക്കാൻ ഇസ്രയേലിനു ബാധ്യതയില്ല. പക്ഷേ, തിരിച്ചടി പരിധി ലംഘിക്കുന്പോൾ ജനാധിപത്യലോകത്തിന്റെ സമാധാനശ്രമങ്ങളെ വെല്ലുവിളിക്കുകയുമരുത്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പരിഹാരമായി ഏതാണ്ട് ലോകം മുഴുവൻ അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നത് ബെഞ്ചമിൻ നെതന്യാഹുവിനല്ലാതെ ഇസ്രയേൽ എന്ന ജനാധിപത്യ രാഷ്ട്രത്തിന് ഗുണകരമാകില്ല. ഹമാസ് ഭീകരർ മാത്രമേ ഗാസയിലുള്ളൂ എന്ന മട്ടിലുള്ള ആക്രമണങ്ങൾക്കെതിരേ കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നുകഴിഞ്ഞു.
ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയവരെ മാത്രമല്ല, കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഗാസ നിവാസികളെയും ബന്ദികളാക്കി ഹമാസ് നടത്തുന്ന ഭീകരാക്രമണത്തിന് തിരശീല വീഴ്ത്തേണ്ടതു തന്നെയാണ്. പക്ഷേ, ജനാധിപത്യ രാജ്യങ്ങളെയും മാർപാപ്പ ഉൾപ്പെടെയുള്ള മതനേതാക്കളെയുമൊക്കെ അവഗണിച്ച് ജോർദാൻ നദിക്കു പടിഞ്ഞാറ് പലസ്തീൻ എന്ന രാഷ്ട്രം ഇനിയില്ല എന്ന നെതന്യാഹുവിന്റെ മറുപടി ജനാധിപത്യ ലോകക്രമത്തോടുള്ള നിന്ദയും വെല്ലുവിളിയുമാണ്.
ഇസ്രയേലിന്റെ യുദ്ധം ഹമാസിന്റെ വേരറക്കുകയുമില്ല. കാരണം, അതിന്റെ തായ്വേരുകൾ ഗാസയിലല്ല, തീവ്രവാദ മനസുകളിലും വിവിധ ഇസ്ലാമിക രാജ്യങ്ങളുടെ പണത്തിലും മണ്ണിലുമാണ്. ലോകസമാധാനത്തിന്റെ മുഖ്യതടസങ്ങളിലൊന്ന് ഇസ്ലാമിക തീവ്രവാദമാണ്. പക്ഷേ, തീവ്രവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ അവർ പിടിമുറുക്കിയ രാജ്യങ്ങളിലെ ജനങ്ങളെ അപ്പാടെ ശിക്ഷിക്കാനോ ആട്ടിപ്പായിക്കാനോ ആകില്ല.
തീവ്രവാദ സംഘടനകളെ തീറ്റിപ്പോറ്റി ഇന്ത്യയിൽ കൊലപാതകത്തിനിറക്കുന്ന അയൽരാജ്യമായ പാക്കിസ്ഥാനോട് ഇന്ത്യ അങ്ങനെയൊരു സമീപനമല്ല സ്വീകരിച്ചിട്ടുള്ളത്. നിയന്ത്രിത തിരിച്ചടികളെയും നയതന്ത്രങ്ങളെയും ജനാധിപത്യ കൂട്ടുകെട്ടുകളെയുമാണ് അവലംബിക്കുന്നത്. യഹൂദരെയും ക്രിസ്ത്യാനികളെയും ലോകത്തുനിന്ന് ഉന്മൂലനം ചെയ്യുന്നതാണു പരമലക്ഷ്യമെന്നു കരുതുന്ന ഹമാസ് എന്ന മുസ്ലിം ബ്രദർഹുഡ് പോഷകസംഘടനയെയും ഒറ്റക്കെട്ടായി നേരിടാൻ ലോകം ഇനിയെങ്കിലും തയാറാകണം.
ഒപ്പം, ഗാസയെന്നാൽ ഹമാസ് മാത്രമല്ലെന്നും ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയരുതെന്നുമുള്ള മറ്റു രാജ്യങ്ങളുടെ മുന്നറിയിപ്പുകൾ ഇസ്രയേൽ ചെവിക്കൊള്ളുകയും വേണം. ഒരിക്കൽ പലസ്തീൻ നേതാക്കളും അറബ് ലീഗും തള്ളിക്കളഞ്ഞ ദ്വിരാഷ്ട്ര രൂപീകരണത്തിന് ഇസ്രയേൽ തയാറായാൽ അത്തരമൊരു പലസ്തീനിൽനിന്നു ഹമാസിനെ പുറത്താക്കാനുള്ള പിന്തുണ ഇപ്പോൾ അവർക്കു ലഭിക്കും. പക്ഷേ, ഇസ്രയേൽ വഴങ്ങുന്നില്ല.
നികുതിയുദ്ധത്തിലൂടെ ലോകത്തെ വെറുപ്പിക്കുന്ന ട്രംപിന്റെ പാതയിലാണ് നെതന്യാഹുവും. ഗാസയിലെ മരണം 65,000 കടന്നു. അതിന്റെ ഉത്തരവാദിത്വം ഇസ്രയേലിനു മാത്രമല്ല. 2023 ഒകടോബർ ഏഴിന് ഭീകരാക്രമണം നടത്തി 1,200ലധികം നിരപരാധികളെ കൊല്ലുകയും അതിലേറെപ്പേരെ പരിക്കേൽപ്പിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കി കൊണ്ടുപോകുകയും അവരെ മോചിപ്പിക്കാനുള്ള ആഹ്വാനങ്ങളെ നിരസിക്കുകയും ഗാസ നിവാസികളെ പരിചകളാക്കുകയും ചെയ്ത ഹമാസിനുമുണ്ട്.
ഇന്നലെ ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ഫ്രാൻസ് പറഞ്ഞത്, ഈ അംഗീകാരം ഹമാസിനുള്ള തിരിച്ചടിയാണെന്നാണ്. പലസ്തീനുള്ള അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും പറഞ്ഞു. അതുപോലെ, കാനഡയും ഓസ്ട്രേലിയയുമൊന്നും ഹമാസിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനല്ല പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണവും പട്ടിണിയും ഒഴിവാക്കാനാണ്. പലസ്തീനെ ഐക്യരാഷ്ട്രസഭയിൽ അംഗീകരിക്കുന്നത് യുദ്ധവിരുദ്ധ സന്ദേശമല്ലാതെ ഒന്നുമല്ല. പൊതുസഭയിലെ ഈ അംഗീകാരത്തിന് അമേരിക്കയുൾപ്പെടുന്ന രക്ഷാസമിതിയിൽ അംഗീകാരം ലഭിക്കുകയുമില്ല. പക്ഷേ, ആ പ്രതികരണത്തെ ഇസ്രയേൽ മാനിക്കേണ്ടതുണ്ടായിരുന്നു.
ഹമാസിന്റെ ഭീകരാക്രമണത്തിൽ ഇസ്രയേലിനൊപ്പം നിന്ന രാജ്യങ്ങളാണ് ഇപ്പോൾ അരുതെന്നു പറയുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനു തയാറാകണമെന്നുമാണ് ഫ്രാൻസിസ് മാർപാപ്പയും ഇപ്പോൾ ലെയോ മാർപാപ്പയും ആവശ്യപ്പെട്ടിട്ടുള്ളത്. തീവ്രവാദം ഒരാശയമാണ്; ഇരവാദംകൊണ്ട് ജനാധിപത്യ പൊതുബോധത്തിൽപോലും സ്ഥാനം പിടിച്ച മാരക വൈറസ്.
ഹമാസും ഇസ്ലാമിക് സ്റ്റേറ്റും പോപ്പുലർ ഫ്രണ്ടും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങളെ വിമോചനപ്പോരാളികളാക്കുന്ന വോട്ട് രാഷ്ട്രീയം ഇന്ത്യയിൽ ഉൾപ്പെടെ വിലപ്പോകുന്നുമുണ്ട്. ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കുകയും ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്യുന്ന ക്രൈസ്തവരെ കണ്ടില്ലെന്നു നടിക്കുന്ന ആ ‘മനുഷ്യാവകാശ’ നാട്യക്കാരെ കേരളത്തിലും തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഹമാസിന്റെ സഹസംഘടനകൾ നൈജീരിയയിൽ ദിവസവും കൊന്നൊടുക്കുന്നത് ശരാശരി 30 ക്രിസ്ത്യാനികളെയാണ്. ഈ വർഷം ആദ്യ ഏഴു മാസങ്ങളിൽ ഏഴായിരത്തിലധികം ക്രിസ്ത്യാനികൾ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടെന്നാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) എന്ന സംഘടനയുടെ കണക്ക്.
പക്ഷേ, ഇതു ചൂണ്ടിക്കാണിച്ച് ഗാസയിലെ മനുഷ്യക്കുരുതി ന്യായീകരിക്കാൻ യഥാർഥ ക്രൈസ്തവർ തയാറാകില്ല. തങ്ങൾക്കു കിട്ടാത്ത നീതി മറ്റുള്ളവർക്ക് കൊടുക്കരുതെന്നു ശഠിക്കുകയുമില്ല. ദിവസങ്ങൾക്കുമുന്പ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെസോഗുമായുള്ള കൂടിക്കാഴ്ചയിൽ ബന്ദികളെ മോചിപ്പിക്കണമെന്ന ആഹ്വാനത്തിനൊപ്പം ലെയോ മാർപാപ്പ ഊന്നൽ നൽകിയത് ദ്വിരാഷ്ട്ര പരിഹാരത്തിനാണ്.
സ്വന്തം ജനത ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെടുന്പോഴും ഗാസയിൽ മനുഷ്യത്വത്തിന്റെ കൊടി താഴെയിടാൻ വിസമ്മതിക്കുന്ന നിലപാടാണ് മാർപാപ്പയുടേത്. തീവ്രവാദികൾ പഠിച്ചിട്ടില്ലാത്ത ജനാധിപത്യ മതേതര സന്ദേശങ്ങൾ നെതന്യാഹുവും വായിക്കുന്നില്ലെങ്കിൽ ഗാസയ്ക്കു നേരേ മാത്രമല്ല അനിവാര്യമായ സമാധാനശ്രമങ്ങൾക്കു നേരേയും നെതന്യാഹു തോക്കു ചൂണ്ടുകയാണ്.
ഒരിക്കൽ ഫാസിസത്തിന്റെ മരണച്ചൂളയിൽനിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായി പുറത്തുവന്ന യഹൂദരെ സുരക്ഷയുടെ പേരു പറഞ്ഞ് നെതന്യാഹു മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിക്കരുത്.