സെഞ്ചുറി നേടിയ പ്രതിക റാവലിന്റെ ആഘോഷം
വഡോദര: സിംബാബ്വെ വനിതകൾക്കെതിരായ ഏകദിന പരമ്പരയില ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾക്കാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്.
സിംബാബ്വെ വനിതകൾ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം ഇന്ത്യൻ വനിതകൾ 27.1 ഓവറിൽ മറികടന്നു. സെഞ്ചുറി നേടിയ പ്രതിക റാവലിന്റെയും അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.
പ്രതിക 100 റൺസാണെടുത്തത്. 96 പന്തിൽ 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു പ്രതികയുടെ ഇന്നിംഗ്സ്. ഷെഫാലി വർമ 33 പന്തിൽ 64 റൺസാണ് ഷെഫാലി സ്കോർ ചെയ്തത്. അഞ്ച് ബൗണ്ടറിയും നാല് സിക്സും ഉൾപ്പെടുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ സ്മൃതി മന്ദാന 32 റൺസ് എടുത്തു. സിംബാബ്വെയ്ക്ക് വേണ്ടി ഒലിൻഡർ ചാരെയാണ് വിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 49.5 ഓവറിൽ 197 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 62 റൺസെടുത്ത ബിലോവ്ഡ് ബിസയും 29 റൺസെടുത്ത മൈക്കെല്ലെ മാവുംഗയും 25 റൺസെടുത്ത മോഡെസ്റ്റർ മുപാചിക്ക്വവും മാത്രമാണ് സിംബാബ്വെ നിരയിൽ തിളങ്ങിയത്. ചിപോ മുഗേരി 21 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാല് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റും ദീപ്തി ശർമ രണ്ട് വിക്കറ്റും ഷെഫാലി വർമ ഒരു വിക്കറ്റും എടുത്തു.
Tags : Womens ODI India beats Zimbabwe pratika rawal shafali verma Shafali Verm