അനുകൂല കാലാവസ്ഥ ചവിട്ടുപടിയാക്കി ചെറുകിട കർഷകർ റബർ വെട്ടിന് ഉത്സാഹിച്ചപ്പോൾ പല വൻകിട തോട്ടങ്ങളും ഇതര സംസ്ഥാന തൊഴിലാളികളുടെ വരവിനായി കാത്തിരിക്കുന്നു. കൊപ്രയുടെ വില തകർച്ച നാളികേര കർഷകരെ പ്രതിസന്ധിലാക്കി. ഹൈറേഞ്ചിൽനിന്നുള്ള കുരുമുളക് നീക്കം ചുരുങ്ങി, നിരക്ക് ഉയർത്താതെ അന്തർസംസ്ഥാന വ്യാപാരികൾ സംഘടിതരായി ദക്ഷിണേന്ത്യൻ സ്റ്റോക്കിസ്റ്റുകളെ വെല്ലുവിളിക്കുന്നു. കാലാവസ്ഥ അനുകൂലമായതോടെ ഏലത്തോട്ടങ്ങൾ വീണ്ടും സജീവം.
കർഷകർ ടാപ്പിംഗിൽ
സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലെയും ചെറുകിട കർഷകർ ടാപ്പിംഗിനു മത്സരിക്കുന്നു. വിപണി വില പുതിയ ഉയരങ്ങളിലേക്കു ചുവടുവയ്ക്കുന്നതിനാൽ ഉത്പാദനം പരമാവധി ഉയർത്താനുള്ള എല്ലാ ശ്രമങ്ങളും കർഷക കുടുംബങ്ങൾ നടത്തുന്നുണ്ട്. ജൂൺ രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുമ്പോൾ ഷീറ്റും ലാറ്റക്സും അവർ വില്പനയ്ക്ക് ഇറക്കിത്തുടങ്ങും. നാലാം ഗ്രേഡ് റബർ വില കിലോ 273 രൂപ വരെ ഉയർന്നതു കർഷകർക്കു വിപണിയിലുള്ള വിശ്വാസം ഇരട്ടിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നിരക്ക് 197 രൂപ മാത്രമായിരുന്നു.
ഏഷ്യൻ അവധി വ്യാപാര കേന്ദ്രങ്ങളിൽ റബർ ചാഞ്ചാട്ടത്തിലായിരുന്നു. ജപ്പാനിൽ നിരക്ക് കിലോ 424 യെന്നിൽ നിന്നും വാരമധ്യം 415 യെന്നിലേക്ക് ഇടിഞ്ഞ ശേഷം ശക്തമായ തിരിച്ചുവരവിൽ 431ലേക്ക് ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നിരക്ക് കിലോ 290 യെന്നായിരുന്നു.
ചൈനീസ് വ്യാവസായിക മേഖലയിൽ നിന്നുള്ള ആവശ്യക്കാരുടെ അഭാവം നിലനിന്നു. ഏഷ്യൻ ഉത്പാദക രാജ്യങ്ങൾ ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നതിനാൽ മാസാവസാനതോടെ ഷീറ്റ് ലഭ്യത ഉയരുമെന്ന കണക്കുകൂട്ടലിലാണു വ്യവസായികൾ. ഇതിനിടയിൽ ബാങ്കോക്കിൽ റബർ വില 302 രൂപ വരെ ഉയർന്നത് ഇറക്കുമതി രാജ്യങ്ങളിൽ ഞെട്ടലുളവാക്കി. 300 രൂപയിലേക്ക് വിപണി ഒരിക്കലും പ്രവേശിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പല വൻകിട ടയർ നിർമാതാക്കളും.
വില ഉയരാതെ നാളികേരോത്പന്ന വിപണി
നാളികേരോത്പന്നങ്ങൾ തുടർച്ചയായ വില ഇടിവിനിടയിൽ സ്ഥിരതയ്ക്ക് ശ്രമം നടത്തിയെങ്കിലും കൊപ്രാ വിപണിയോട് മില്ലുകാർ കാണിച്ച തണുപ്പൻ മനോഭാവം തിരിച്ചടിയായി. പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും വ്യാവസായിക ആവശ്യം ഉയർന്നാൽ മാത്രമേ വിലക്കയറ്റത്തിനു സാഹചര്യം ഒരുങ്ങൂ. പ്രാദേശിക മാർക്കറ്റുകളിലും വിദേശത്തും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറവാണ്. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 22,200 രൂപയിലും കൊപ്ര 12,900 രൂപയിലും ക്ലോസിംഗ് നടന്നു. ദക്ഷിണേന്ത്യയിൽ നാളികേര ഉത്പാദനം ഉയർന്നതും മുന്നേറ്റത്തിനു തടസമായി.
കുരുമുളകിൽ ആശ്വാസം
അന്തർസംസ്ഥാന വ്യാപാരികൾ ഒടുവിൽ വില ഉയർത്തി കുരുമുളക് ശേഖരിച്ചു. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകർ നാടൻ ചരക്ക് വില്പന നിയന്ത്രിച്ചതാണു നിരക്ക് ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചത്. ഉത്സവ കാല ആവശ്യങ്ങൾക്ക് ഉത്തരേന്ത്യയിൽ ഉയർന്ന അളവിൽ ചരക്ക് ആവശ്യമുണ്ട്. എന്നാൽ, നിരക്ക് ഇടിച്ച് പരമാവധി ചരക്ക് കൈക്കലാകാൻ അവർ എല്ലാ അടവുകളും വിപണിയിൽ പരീക്ഷിക്കുന്നുണ്ട്. ഇതിനിടയിൽ കർണാടകത്തിലെ അർധസർക്കാർ സ്ഥാപനം കർഷകരിൽനിന്നും കുരുമുളക് സംഭരണത്തിന് ഉത്സാഹിച്ചു. വില ഉയരുമെന്ന വിശ്വാസത്തിൽ അവിടത്തെ കർഷകർ കാര്യമായി ചരക്ക് വില്പന നടത്തുന്നില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,600 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ.
ഏലത്തോട്ടങ്ങൾ സജീവമാകുന്നു
കാലാവസ്ഥ മാറ്റങ്ങൾക്കിടയിൽ ഏലത്തോട്ടങ്ങൾ വീണ്ടും സജീവമാക്കുന്നു. മാസാന്ത്യതോടെ വിളവെടുപ്പ് വീണ്ടും സജീവമാകുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം കർഷകർ. കയറ്റുമതിക്കാരും അന്തർസംസ്ഥാന വാങ്ങലുകാരും ലേല കേന്ദ്രങ്ങളിൽനിന്നും ലഭ്യമാവുന്ന ചരക്കത്രയും ശേഖരിക്കുന്നുണ്ട്. ശരാശരി ഇനങ്ങൾ കിലോ 2648 രൂപയിലും മികച്ചയിനങ്ങൾ 3489 രൂപയിലും വാരാന്ത്യം ഇടപാടുകൾ നടന്നു.