വടക്കഞ്ചേരി: മലയോരമേഖലയിൽ കുരുമുളകിന്റെ വിളവെടുപ്പ് പൂർത്തിയാക്കി അടുത്ത സീസണിനായി തോട്ടങ്ങൾ ഒരുക്കുന്ന തിരക്കുകളിലാണ് കർഷകർ. ഒരു സീസണിലെ വിളവെടുപ്പ് കഴിഞ്ഞാൽ മുളകിന്റെ താങ്ങുമരങ്ങളെല്ലാം വെട്ടി ഒതുക്കും. പടർന്നുനിൽക്കുന്ന കൊമ്പുകളെല്ലാം മുറിച്ചുമാറ്റി കുരുമുളക് കൊടികൾക്ക് നല്ല വെയിൽ കിട്ടുന്ന സ്ഥിതിയിലാക്കും. നല്ല വെയിൽ കിട്ടിയാലെ അടുത്ത സീസണിൽ നല്ല വിളവുണ്ടാകൂ.
കൊമ്പുകൾ തൂങ്ങി താങ്ങുതടി ഒടിഞ്ഞ് വീഴാതിരിക്കാൻ കൂടിയാണ് ഈ മുന്നൊരുക്കം. കീടബാധ കുറയാനും കൊടികൾക്ക് കരുത്ത് കിട്ടാനും സൂര്യതാപമേല്ക്കണം. യഥാസമയങ്ങളിൽ പരിചരണമുണ്ടെങ്കിലെ കുരുമുളകിൽ നിന്നും നല്ല ആദായം കിട്ടൂ.
സീസൺ പിൻവാങ്ങുന്നതോടെ മലയോരമേഖലയിലെ കർഷകരുടെ തിരക്കുകൾക്കും താത്കാലിക ശമനമാവുകയാണ്. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളായി മുളക് പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളക് ചൂരിലായിരുന്നു മലമ്പ്രദേശങ്ങൾ.
മലയോരത്ത് പത്ത് കുരുമുളക് കൊടികളെങ്കിലും ഇല്ലാത്ത വീടുകളുണ്ടാകില്ല. കുറഞ്ഞ സ്ഥലമുള്ളവരാണെങ്കിലും ഉള്ള സ്ഥലം മുളക് കൊടികൾ സ്ഥാനം പിടിക്കും. റബർ വിലയിലെ ചാഞ്ചാട്ടങ്ങളിൽ വരുമാനവഴികൾ ക്രമപ്പെടുത്തുന്നത് കുരുമുളകിലെ ആദായത്തിലൂടെയാണ്. റബറില്ലാതെ കുരുമുളകിനെ ഒന്നാംവിളയായി കാണുന്ന കർഷകരും ഏറെയുണ്ട്. മുളക് വിലയെ ആശ്രയിച്ചാണ് ഒരു വർഷത്തെ കുടുംബ ബജറ്റുകൾ വരെ തയാറാക്കുന്നത്.
മക്കളുടെ പഠനം മുതൽ വിവാഹം വരെ വീടു റിപ്പയർ, വാഹനം വാങ്ങൽ മുതൽ തോട്ടം പരിചരണം വരെ എല്ലാം ഈ കറുത്തമുത്തിനെ ചുറ്റിപ്പറ്റിയാണ്. ഇക്കുറി വലിയ പ്രതീക്ഷകൾക്ക് വകയില്ലാഞ്ഞ വിധമായിരുന്നു വിളവും വിലയും.
മുൻ വർഷങ്ങളെക്കാൾ ഇക്കുറി വിളവ് കുറവായിരുന്നെന്ന് കർഷകർ പറഞ്ഞു. മുളക് പറിക്കൽ, ഉണക്കൽ, വൃത്തിയാക്കൽ തുടങ്ങിയവക്കെല്ലാം വരുന്ന ചെലവുകൾ ഉയർന്നു നിൽക്കുമ്പോഴും ഉത്പാദനം കുറഞ്ഞത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ജൈവഗ്രാമമായതിനാൽ പാലക്കുഴിപ്പോലെയുള്ള മലയോരത്തെ കുരുമുളകിന് വില കൂടുതലുണ്ടെന്നതാണ് ആശ്വാസം.
എക്സ്പോർട്ട് ക്വാളിറ്റിയുള്ള കുരുമുളകാണ് പാലക്കുഴിയിലേത്. ഇതിനാൽ വിപണി വിലയേക്കാൾ കൂടുതൽ വില കിട്ടും. കുഞ്ചിയാർപതി, തളികകല്ല്, കടപ്പാറ മംഗലംഡാമിന്റെ മറ്റു മലപ്രദേശങ്ങളിലും ഡിമാന്റുള്ള കുരുമുളകാണ് വിളയുന്നത്.
തൂക്കകൂടുതലും വലുപ്പവുമുള്ള നീലമുണ്ടി ഇനമാണ് പാലക്കുഴി ഉൾപ്പെടെയുള്ള മലയോരമേഖലയിൽ കൂടുതലുമുള്ളത്. കരിമുണ്ട, കരിമുണ്ടി, പന്നിയൂർ ഒന്ന് മുതൽ ആറ് വരെയുള്ള ഇനങ്ങളും അറക്കളംമുണ്ടി, നാരായകൊടി തുടങ്ങിയ ഇനങ്ങളുമുണ്ട്. എല്ലാം അനുകൂലമായാലും വിളവെടുപ്പ് സീസണിൽ എന്തെങ്കിലുമൊക്കെ പ്രതിസന്ധികൾ കർഷകർക്ക് നേരിടേണ്ടിവരും.
എങ്കിലും കിട്ടാത്തതിനെക്കുറിച്ചോ നഷ്ടപ്പെടുന്നതിനെക്കുറിച്ചോ പരാതിപ്പെടാതെ അധ്വാനം തുടരുകയാണ് മലയോര കർഷകരെല്ലാം. മണ്ണുചതിക്കില്ലെന്ന വിശ്വാസത്തിൽ ഒരു സീസണിൽ അല്ലെങ്കിൽ മറ്റൊരു സീസണിൽ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണ് അധ്വാനത്തിനെല്ലാം പ്രചോദനമാകുന്നത്.
Tags : nattu vishesham Malayala farmers pepper