പ്രതീകാത്മക ചിത്രം
ക്ഷീരകർഷർക്ക് പണി, പാലും വെള്ളത്തിൽ!
പശുവളർത്തൽ നഷ്ടക്കച്ചവടമെന്ന് കർഷകർ, ഫാമുകൾക്ക് പ്രതിസന്ധി
തൃശൂർ: കാലിത്തീറ്റയുടെ വില വർധിച്ചതോടെ പശുവളർത്തൽ നഷ്ടക്കച്ചവടമായെന്ന് ക്ഷീരകർഷകർ. കന്നുകാലി ഫാമുകൾ നടത്തുന്നവർ ക്ഷീരകൃഷിയിൽനിന്നു പിൻമാറേണ്ട സ്ഥിതിയിലാണ്. പലരും വിലവർധനയ്ക്കു മുന്പുതന്നെ ഫാമുകൾ നിർത്തിയിട്ടുണ്ട്. പാൽ ലിറ്ററിന് മൂന്നു രൂപ കൂടിയപ്പോൾ പ്രതീക്ഷയിലായിരുന്ന ക്ഷീരകർഷകരും കാലിത്തീറ്റയുടെ വില വർധിച്ചതോടെ വീണ്ടും ആശങ്കയിലായി.
സർക്കാർ സ്ഥാപനമായ കേരള ഫീഡ്സിന്റെ കാലിത്തീറ്റകൾക്കാണ് കഴിഞ്ഞദിവസം മുതൽ വില വർധിച്ചത്. 50 കിലോഗ്രാമിന്റെ ചാക്കിന് 155 രൂപയാണ് കൂടിയത്. പശുവിന്റെ ആരോഗ്യത്തിനും പാൽ ഉത്പാദനത്തിനുമായി ഗുണമേന്മയുള്ള കാലിത്തീറ്റതന്നെ വാങ്ങിനൽകുന്ന ക്ഷീരകർഷകർക്ക് പാൽ വിറ്റ് ലഭിക്കുന്ന പണം പശുവിനു വേണ്ടിതന്നെ ചെലവഴിക്കേണ്ടി വരുന്നു. കൂടുതൽ പാൽ ലഭിക്കുന്നതിനായി പശുക്കൾക്ക് നൽകിയിരുന്ന എലൈറ്റിന് 1,540 രൂപയും, ഭക്ഷണമെന്ന നിലയിൽ നൽകിയിരുന്ന മിടുക്കിക്ക് 1,440 രൂപയുമാണ് പുതുക്കിയ വില.
ഒരു പശുവിന് പ്രതിദിനം അഞ്ചു കിലോയോളം കാലിത്തീറ്റയാണ് സാധാരണ നൽകുന്നത്. മാസത്തിൽ മൂന്നു ചാക്ക് എന്നാണ് കണക്ക്. ഫാം നടത്തിപ്പുകാർക്ക് പശുക്കളുടെ എണ്ണത്തിന് അനുസൃതമായി നഷ്ടവുമേറും. സ്വകാര്യ കന്പനികളുടെ കാലിത്തീറ്റകൾക്കും വിലകൂട്ടിയത് തിരിച്ചടിയായി. അന്പത് രൂപയോളം ഇനിയും കൂടുമെന്നാണ് അറിയിപ്പു ലഭിച്ചതെന്ന് ഡീലർമാർ പറയുന്നു.
കാലിത്തീറ്റ നിർമിക്കാൻ ഉപയോഗിക്കുന്ന അംസംസ്കൃത വസ്തുക്കൾക്ക് വില വർധിച്ചതാണ് കേരള ഫീഡ്സിന്റെ കാലിത്തീറ്റയുടെ വിലക്കിഴിവ് പിൻവലിച്ചതിനു കാരണമെന്നാണ് വിശദീകരണം. കഴിഞ്ഞ ജൂണ് ഒന്നു മുതലാണ് വർധിപ്പിച്ച പാൽവില പ്രാബല്യത്തിലായത്. ലിറ്ററിന് നാലു രൂപ വർധിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും പാലിന്റെ ഗുണമേന്മ വിലയിരുത്തി രണ്ടു മുതൽ മൂന്നു രൂപവരെയാണ് കർഷകർക്ക് കൂട്ടിക്കിട്ടിയത്.
ഈ അവസ്ഥയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് ക്ഷീരകർഷകനായ മാപ്രാണം സ്വദേശി ഗഫൂർ പറയുന്നു. മുന്പ് ചാക്കിന് ആയിരം രൂപയ്ക്കു ലഭിച്ചിരുന്ന കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1500 വരെ നൽകേണ്ടിവരുന്നു. പശുക്കളെ വാങ്ങി മറിച്ചുവിൽക്കുന്ന വ്യാപാരത്തിനുപോലും കാലിത്തീറ്റയുടെ വിലവർധന തിരിച്ചടിയാണെന്നു ഗഫൂർ പറയുന്നു.
Tags : Nattuvishesham DistrictNews DeepikaNews The price