കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിക്ക് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍ക്കും ജാമ്യം. വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആക്രമണം ഗൗരവതരമെങ്കിലും പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും കോടതി വിലയിരുത്തി.
ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം.
പ്രതികള്‍ കന്‍റോണ്‍മെന്‍റ് എസിക്ക് മുമ്പാകെ ഹാജരാകണം. സംഭവം നടന്ന പ്രദേശത്തോ അതിന്‍റെ സബ് ഡിവിഷന്‍ പരിധിയിലോ പ്രവേശിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ടി.എസ്. കിരണ്‍, ജീവന്‍, അനില്‍കുമാര്‍, ശ്രീജിത്ത്, നിഷാദ്, സിദ്ധാര്‍ഥ്, റഫീഖ്, ജി. നന്ദു, രാഹുല്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
പോലീസിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികള്‍ 67 ദിവസമായി കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല, പിന്നെ എന്തിനാണ് പ്രതികള്‍ കസ്റ്റഡിയില്‍ തുടരുന്നതെന്ന് കോടതി ചോദിച്ചു.
വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ ഇഡി കോടതിയില്‍ എതിര്‍ത്തു. എല്ലാ വധശ്രമങ്ങളിലും പരിക്ക് ഗുരുതരമാകണമെന്നില്ല എന്നായിരുന്നു ഇഡിയുടെ വാദം.