ധീരേന്ദ്ര ശാസ്ത്രി, സമീക് ഭട്ടാചാര്യ
കോൽക്കത്ത: ദുർഗാ പൂജ വേളയിൽ പൂജാ പന്തലുകൾക്ക് സമീപം മാംസാഹാരത്തിന് വിലക്ക് ഏർപ്പെടുത്തണമെന്നും ബംഗാളികൾ നവരാത്രി വ്രതം നോൽക്കണമെന്നുമുള്ള ബാഗേശ്വർ ധാം അധിപൻ ധീരേന്ദ്ര ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) പ്രസ്താവന തള്ളി പശ്ചിമ ബംഗാൾ ബിജെപി. ബംഗാളികളുടെ ഭക്ഷണരീതിയിൽ ഇടപെടാൻ ശാസ്ത്രിക്ക് യാതൊരു അവകാശവുമില്ലെന്നും ദുർഗാ പൂജയുടെ കാലത്ത് ബംഗാളികൾ മത്സ്യവും മാംസവും കഴിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സമീക് ഭട്ടാചാര്യ വ്യക്തമാക്കി.
ഹൗറയിൽ നടന്ന ഒരു പ്രവചന പരിപാടിക്കിടെയാണ് പൂജാ വേളയിൽ മദ്യ-മാംസ വിൽപനശാലകൾ അടച്ചിടണമെന്നും ഈ സമയത്ത് നോൺ-വെജ് കഴിക്കുന്നവർ അശുദ്ധരാണെന്നും ധീരേന്ദ്ര ശാസ്ത്രി പ്രസ്താവിച്ചത്. ഇത് ബംഗാളികളുടെ പാരമ്പര്യത്തിനും ഭക്ഷണ സംസ്കാരത്തിനും എതിരെയുള്ള കടന്നുകയറ്റമാണെന്ന് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനുപിന്നാലെയാണ് പ്രതികരണവുമായി ബിജെപി രംഗത്തെത്തിയത്. "ബാഗേശ്വർ ബാബ മറ്റൊരു ലോകത്ത് നിന്ന് വരുന്നയാളാണ്. ബംഗാളികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. സ്വാമി വിവേകാനന്ദൻ പോലും ബംഗാളികൾ മത്സ്യവും മാംസവും കഴിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹത്തോട് ബഹുമാനമുണ്ടെങ്കിലും ബംഗാളികൾ ഈ പ്രസ്താവന കാര്യമാക്കേണ്ടതില്ല," എന്ന് സമീക് ഭട്ടാചാര്യ പറഞ്ഞു.
തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസും കോൺഗ്രസും പ്രസ്താവനയെ ശക്തമായി അപലപിച്ചു. പുറത്തുനിന്നുള്ള ആർക്കും ബംഗാളികളുടെ സ്വാതന്ത്ര്യത്തിന്മേൽ കൈവെക്കാൻ അവകാശമില്ലെന്ന് തൃണമൂൽ എം.പി സൗഗത റോയ് വ്യക്തമാക്കിയപ്പോൾ, ബിജെപിയുടെ ഒരു ബാബമാർക്കും ബംഗാളികളുടെ ഭക്ഷണക്രമം നിശ്ചയിക്കാനാകില്ലെന്ന് കോൺഗ്രസ് വക്താവ് സുമൻ റോയ് ചൗധരി പ്രതികരിച്ചു.
Tags : WestBengal BJPPresident SamikBhattacharya DurgaPuja Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash