കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. കേരളത്തില്‍നിന്ന് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണു വീഗാലാന്‍ഡ് ഡെവലപ്പേഴ്സ്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ 15-ാം വര്‍ഷത്തില്‍ത്തന്നെ ഈ നേട്ടം സാധ്യമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒപ്പം, കേരളത്തില്‍നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന മൂന്നു കമ്പനികള്‍ സ്ഥാപിച്ച ഒരേയൊരു ബിസിനസ്മാന് എന്ന ഖ്യാതിയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്വന്തമാക്കിയിരിക്കുകയാണ്.
വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ 210 കോടി രൂപയുടെ പ്രാരംഭ പൊതുഓഹരി വില്പന (ഐപിഒ) 10ന് ആരംഭിക്കും. 15ന് ഐപിഒ അവസാനിക്കും. 18ന് ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ ഓഹരിയൊന്നിന് 130 മുതല്‍ 140 രൂപ വരെയാണു ഐപിഒയില്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു ലോട്ടില്‍ 107 ഓഹരികളാണുള്ളത്. ഉയര്‍ന്ന വിലയായ 140 രൂപപ്രകാരം ഒരു ലോട്ടിന് 14,980 രൂപയാണു നിക്ഷേപിക്കേണ്ടത്. ഐപിഒ പൂര്‍ണമായും പുതിയ ഓഹരികളുടെ വില്പനയാണ്. ഓഫര്‍ ഫോര്‍ സെയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ 1.5 കോടി ഓഹരികളാണ് പുറത്തിറക്കുന്നത്.
ബാങ്കിംഗ്, ധനകാര്യ രംഗത്ത് മാനേജ്മെന്റ് തലത്തിൽ നാലു പതിറ്റാണ്ട് പരിചയ സമ്പത്തുള്ള സിന്‍ഡിക്കറ്റ് ബാങ്കിന്റെ മുന്‍ മാനേജിംഗ് ചെയര്‍മാനും ഡയറക്ടറുമായിരുന്ന ജോര്‍ജ് ജോസഫാണ് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായി ചുമതലയേറ്റിരിക്കുന്നത്. സാമ്പത്തിക വിദഗ്ധന്‍ ഡോ. വിജയകുമാര്‍ സ്വതന്ത്ര ഡയറക്ടറായും പ്രവര്‍ത്തിക്കും.
2011ലാണ് വീഗാലാൻഡ് ഡെവലപ്പേഴ്സിന് തുടക്കമിട്ടത്. വിഗാര്ഡിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ സീനിയര്‍ മാനേജര്‍മാരെയും എന്‍ജിനിയര്‍മാരെയും ഉള്‍പ്പെടുത്തിയാണ് പുതിയ സംരംഭത്തിനു രൂപം നല്‍കിയത്.
എറണാകുളം വാഴക്കാലയിലെ വീഗാലാന്‍ഡ് ഗ്രീന്ക്ലൗഡ്സായിരുന്നു കമ്പനിയുടെ ആദ്യ പദ്ധതി. പരിസ്ഥിതിസൗഹൃദ നിര്‍മാണ രീതികള്‍ക്കു പ്രാധാന്യം നല്കിയ പദ്ധതിയില്‍ ബയോഫിലിക് ലിവിംഗ് ആശയത്തിനാണ് മുന്‍തൂക്കം നല്‍കിയത്. പ്രകൃതിദത്തമായ വെളിച്ചവും വായുവും പരമാവധി ലഭ്യമാക്കുന്ന രൂപകല്പന, ജലഊര്‍ജ സംരക്ഷണം, പച്ചപ്പ് നിലനിര്‍ത്തല്‍ തുടങ്ങിയവ പദ്ധതികളുടെ ഭാഗമാക്കി.
ഇതുവരെ 10 പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്കു കൈമാറി. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലായി 12 പദ്ധതികളുടെ നിര്‍മാണം നിലവില്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും കോഴിക്കോട്ടും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
നിര്‍മാണമേഖലയിലെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതിന് വീഗാലാന്‍ഡ് പദ്ധതികള്‍ക്ക് വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പുതിയ പദ്ധതികളിലൂടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനൊപ്പം ഓഹരി വിപണി പ്രവേശനത്തിലൂടെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ വേഗം നല്‍കുകയാണ് വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ ലക്ഷ്യം.
Tags : VeegalandDevelopers IPO StockMarket Business