പി. കെ. കൃഷ്ണദാസ്
തിരുവനന്തപുരം: ഇ.കെ. വിഭാഗം സമസ്തയുടെ മുഖപത്രത്തിലെ മുഖ്യമന്ത്രി മര്യാദയ്ക്കു സംസാരിക്കണം എന്ന തലക്കെട്ടിലുള്ള ലേഖനം കേരളത്തിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ഏറ്റവും പുതിയ തെളിവാണെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്.
കേരളത്തിന്റെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു. ഇ.കെ. വിഭാഗം സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം കേരളത്തിലെ രാഷ്ട്രീയത്തിൽ എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ സമസ്തയിലൂടെ മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നേരിട്ടു ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
ഒരു ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ സർക്കാരിന്റെ മുഖ്യമന്ത്രിയോടാണ് മര്യാദയ്ക്ക് സംസാരിക്കണം എന്നു ഭരണ മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയുടെ പിന്തുണയുള്ള മതസംഘടന പറയുന്നത്. ഇതു കേവലം ഒരു വിമർശനമല്ല, മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ്.
ഭരണത്തിന്റെ നിയന്ത്രണം രാഷ്ട്രീയ നേതൃത്വത്തിൽ നിന്നു മതമൗലികവാദ സംഘടനകളിലേക്കു മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം രാഷ്ട്രീയം ജനാധിപത്യത്തിനു മാത്രമല്ല, മതേതരത്വത്തിനും സാമൂഹിക സമരസതയ്ക്കും കേരളത്തിന്റെ ഭാവിക്കും വലിയ ഭീഷണിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
Tags : Fundamentalist Government PKKrishnadas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs