പ്രതീകാത്മക ചിത്രം
ദിസ്പൂർ: ആസാമിലെ ഗുവഹാട്ടിയിൽ യുവതിയെ ഫ്ലാറ്റിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. റിയ താലൂക്ദാർ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് പിന്നീട് പൊലിസിൽ കീഴടങ്ങി. ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പൊലിസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ദമ്പതികളെ പുറത്ത് കാണാനില്ലെന്നും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ പൊലിസിനെ അറിയിച്ചു.
തുടർന്ന് പൊലിസ് സ്ഥലത്തെത്തി ഫ്ലാറ്റിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. അഴുകിത്തുടങ്ങിയ നിലയിലുള്ള യുവതിയുടെ തലയില്ലാത്ത മൃതദേഹമാണ് കണ്ടെത്തിയത്. വിരലുകൾ പകുതി മുറിച്ച നിലയിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിനുള്ളിൽ കവറിലൊളിപ്പിച്ച നിലയിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഭർത്താവിനെ അവസാനമായി കണ്ടതെന്ന് അയൽവാസികൾ പറയുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച രാത്രിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലിസ് അറിയിച്ചു.
Tags : Deepika Crime DecomposedBody Woman Arrest