x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കൽ കോളജിൽ രോഗി കട്ടിലിൽ നിന്ന് വീണു മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വെബ് ഡെസ്ക്
Published: September 7, 2026 09:11 PM IST | Updated: September 7, 2026 09:12 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് കഴിഞ്ഞ മാസം 28-ന് മെഡിക്കൽ കോളജിലെ 18-ാം വാർഡിലെ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31-ന് മരണപ്പെട്ടത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ആശുപത്രിയുടെ ഭാഗത്തുനിന്ന് പരിചരണത്തിലോ സൗകര്യങ്ങളിലോ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കാൻ നിർദ്ദേശം നൽകി.

സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമഗ്ര അന്വേഷണം നടത്തണമെന്നാണ് കമ്മിഷന്‍റെ പ്രധാന ഉത്തരവ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലെ സുരക്ഷാ പ്രോട്ടോക്കോളിൽ വരുത്തേണ്ട ആവശ്യമായ മാറ്റങ്ങൾ രേഖാമൂലം സമർപ്പിക്കണം.

ഡിഎംഇയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തുന്ന അന്വേഷണം തികച്ചും സുതാര്യവും ഫലപ്രദവുമാകണമെന്നും, മെഡിക്കൽ വിദഗ്ധരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ജാഗ്രതക്കുറവും ഉണ്ടാകരുതെന്നും കമ്മീഷൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ, സംഭവത്തിൽ ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടോ എന്ന് മെഡിക്കൽ കോളജ് ഇൻസ്‌പെക്ടർ വ്യക്തമാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. കേസെടുത്തിട്ടുണ്ടെങ്കിൽ അതിന്‍റെ അന്വേഷണ പുരോഗതിയും നിലവിലെ തൽസ്ഥിതിയും വ്യക്തമാക്കുന്ന റിപ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്.

എഫ്ഐആറിന്‍റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെയും പകർപ്പുകൾ ഉൾപ്പെടെയുള്ള പൂർണ്ണ അന്വേഷണ റിപ്പോർട്ട് ആറാഴ്ചയ്ക്കകം കമ്മീഷനിൽ സമർപ്പിക്കാൻ ഡിഎംഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ രണ്ടിന് രാവിലെ 10-ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡെപ്യൂട്ടി ഡിഎംഇയും എസ്എച്ച്ഒയുടെ പ്രതിനിധിയും നേരിട്ട് ഹാജരായി സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

Tags : HumanRightsCommission Patient MedicalCollege Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up