പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനു കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷനു ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനുള്ള മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കി.
തദ്ദേശസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹികസംഘടനകൾ, ക്ലബ്ബുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവർക്കു പുറമേ സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ സംഭാവന നൽകാം. ഒന്പതു മുതൽ 15 മീറ്റർ വരെ നീളമുള്ള എസി പ്രീമിയം ബസുകൾ, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവയാണു പദ്ധതിപ്രകാരം സ്വീകരിക്കുന്നത്.
പൂർണ നിയന്ത്രണം കോർപറേഷന്
സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുക. തുടർന്ന് ഇവ കോർപറേഷന്റെ സ്ഥിരം ആസ്തിയായി മാറും. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷ്വറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂർണ അധികാരം കെഎസ്ആർടിസിക്കായിരിക്കും.
പരസ്യങ്ങൾ നൽകാം
ബസ് സ്പോൺസർ ചെയ്യുന്നവർക്കു 10 വർഷത്തേക്കു വാഹനത്തിൽ പരസ്യം നൽകാൻ അവസരം നൽകും. ഇതിന് പുറമേ സ്ഥാപനത്തിന്റെ പേര് ഉൾപ്പെടുത്തി ‘സ്പോൺസേർഡ് ബൈ’ എന്ന് വാഹനത്തിൽ എഴുതാനും സാധിക്കും.എന്നാൽ മതപരമോ രാഷ്ട്രീയമോ നിയമവിരുദ്ധമോ സങ്കുചിതമോ ആയ പരസ്യങ്ങൾ അനുവദിക്കില്ല.
വിവരങ്ങൾക്ക്
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കോർപറേഷനിലെ മാർക്കറ്റിംഗ് പ്രതിനിധികളുമായി ബന്ധപ്പെടാം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് ജി.എസ്. അരുൺ (9539202020), സജയകുമാർ (9744887783) എന്നിവരെയും കൊല്ലം, ആലപ്പുഴ ജില്ലകളിൽ യൂസഫിനെ (9947441808) വിളിക്കാം. എറണാകുളം, തൃശൂർ ജില്ലക്കാർക്ക് ഒ.പി. അനൂബ് (9846655449), പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലക്കാർക്ക് എസ്. ശ്രീകാന്ത് നായർ (9847089578) എന്നിവരുമായി ബന്ധപ്പെടാം. പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റിജു (8075025794), കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ റഫീഖ് (9846512673) എന്നിവരാണ് ചുമതലക്കാർ.
Tags : Ksrtc NewBuses KeralaTransport BusSponsorship SponsorshipScheme