ബെർലിൻ: ജർമനിയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻ-വ്യൂർട്ടൻബർഗിൽ പുകവലിക്കാർക്ക് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.
ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപാക്കേജ് പ്രകാരം ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ, തീം പാർക്കുകൾ, മൃഗശാലകൾ, ബസ്-ട്രാം കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുകവലി പൂർണമായി നിരോധിച്ചു.
ഈ വർഷം ആദ്യം സംസ്ഥാന പാർലമെന്റ് പാസാക്കിയ നിയമം ചിലയിടങ്ങളിൽ നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും ജൂൺ മുതൽ സംസ്ഥാനത്തെ എല്ലാ നഗരസഭകളും നിർബന്ധമായും ഇത് നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.
നീന്തൽക്കുളങ്ങളിൽ നിരോധനം
മുൻപ് പല നീന്തൽക്കുളങ്ങളിലും പുകവലി അനുവദിച്ചിരുന്നെങ്കിലും ഇനി മുതൽ ഔട്ട്ഡോർ പൂളുകളിൽ പുകവലി കർശനമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് നീന്തൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ചെറിയ "സ്മോക്കിംഗ് സോണുകൾ' ഒരുക്കാൻ ഓപ്പറേറ്റർമാർക്ക് അനുമതിയുണ്ട്.
കുട്ടികൾ എത്തുന്ന ഇടങ്ങളിൽ നിയന്ത്രണം
കളിക്കളങ്ങൾ, തീം പാർക്കുകൾ, മൃഗശാലകൾ തുടങ്ങി കുട്ടികൾ ധാരാളമായി എത്തുന്ന ഇടങ്ങളിലാണ് പുകവലി പൂർണമായും നിരോധിച്ചത്. മൃഗശാലകളിലും തീം പാർക്കുകളിലും പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള സോണുകളിൽ മാത്രമേ ഇനി പുകവലിക്കാൻ അനുവാദമുള്ളൂ.
ബസ്-ട്രാം സ്റ്റോപ്പുകൾ
പൊതുഗതാഗത സംവിധാനങ്ങൾക്കായി കാത്തുനിൽക്കുന്ന സ്റ്റോപ്പുകളിൽ ഇനി മുതൽ യാതൊരു കാരണവശാലും സ്മോക്കിംഗ് ഏരിയകൾ അനുവദിക്കില്ല.
ഹോട്ടലുകളിലെ പുകവലി മുറികൾ നിർത്തലാക്കുന്നു
പുതിയ ചട്ടങ്ങൾ ഇൻഡോർ സൗകര്യങ്ങളെയും ബാധിക്കും. ഇനി മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ പുകവലിക്കാർക്കായി പ്രത്യേക "സ്മോക്കിംഗ് റൂമുകൾ' നൽകാൻ പാടില്ല.
ഇ-സിഗരറ്റുകൾക്കും വേപ്പിംഗിനും നിരോധനം
പരമ്പരാഗത സിഗരറ്റുകൾക്ക് മാത്രമല്ല ഈ നിരോധനം ബാധകമാകുക. എല്ലാത്തരം വേപ്പിംഗ് സംവിധാനങ്ങൾക്കും ഇ-സിഗരറ്റുകൾക്കും ഇ-ഷീഷകൾക്കും ഈ പുതിയ നിയമം ബാധകമാണ്.
ഈ ഉപകരണങ്ങളിൽ പുകയിലയോ, നിക്കോട്ടിനോ, കഞ്ചാവോ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ പുക പുറത്തുവിടുന്ന എല്ലാത്തരം ഡിവൈസുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇളവുകൾ എവിടെയെല്ലാം?
റസ്റ്റോറന്റുകളുടെയും പബ്ബുകളുടെയും പുറത്തുള്ള ഇരിപ്പിടങ്ങൾ, ഫുട്ബോൾ സ്റ്റേഡിയങ്ങൾ, ഫെസ്റ്റിവൽ ടെന്റുകൾ തുടങ്ങിയവയിൽ പുകവലി അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം അതത് സ്ഥാപനങ്ങളുടെ ഉടമസ്ഥർക്കോ ഓപ്പറേറ്റർമാർക്കോ മാത്രമായിരിക്കും.
ഒക്ടോബർ ഫെസ്റ്റ് പോലെയുള്ള ഉത്സവങ്ങളും ഇതിൽ ഉൾപ്പെടും.
Tags : Baden-Württemberg Public Smoking Germany