പരിപാടിയിൽ നിന്ന്
ലിസ്ബൺ: നോർതേൺ അയർലൻഡിലെ ലിസ്ബൺ ആസ്ഥാനമായി കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയായ ലിസ്ബൺ ഇന്ത്യൻ മലയാളി അസോസിയേഷന്റെ (ലിമ) ഇരുപതാം വാർഷികവും ഓണാഘോഷവും വിപുലമായും വർണാഭമായും സംഘടിപ്പിച്ചു.
ഏകദേശം 300 ഓളം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടികൾ രാവിലെ 10ന് ആരംഭിച്ച് രാത്രി 10 വരെ നീണ്ടുനിന്നു. വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, ഡിന്നർ തുടങ്ങി നിരവധി പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പിന്നിൽ സജീവമായി പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രസിഡന്റ് അനീഷ് ജോസഫ് കുരിശിങ്കൽപറമ്പിൽ നേതൃത്വം നൽകിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾ വളരെ മികച്ച രീതിയിൽ ഏകോപിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു.
എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും സജീവ പങ്കാളിത്തവും ലിസ്ബൺ ഇന്ത്യൻ മലയാളി അസോസിയേഷന്റെ ഇരുപതാം വാർഷികാഘോഷത്തെ വലിയ വിജയമാക്കി മാറ്റി.
JAS Beats Belfast അവതരിപ്പിച്ച ഗാനമേളയോടെയാണ് ലിസ്ബൺ ഇന്ത്യൻ മലയാളി അസോസിയേഷന്റെ ഇരുപതാം വാർഷികവും ഓണാഘോഷവും വർണാഭമായി സമാപിച്ചത്.