ബെർലിൻ: ജർമനിയിൽ നികുതി വെട്ടിപ്പുകാർക്കും കുടിശിക വരുത്തുന്നവർക്കുമെതിരേ നടപടികൾ അതീവ കർശനമാക്കി ധനകാര്യ വകുപ്പ്.
ഹെസൻ സംസ്ഥാനത്തെ വിയേൺഹൈമിലുള്ള ഒരു വ്യവസായിക മേഖലയിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ നികുതി അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര സൂപ്പർ കാറുകൾ പിടിച്ചെടുത്തു.
രണ്ട് സാധാരണ വെയർഹൗസുകളിൽ ഒളിപ്പിച്ചിരുന്ന അവസ്ഥയിലായിരുന്നു ഈ ആഡംബര വണ്ടികൾ. നിലവിലെ വിപണി മൂല്യമനുസരിച്ച് പിടിച്ചെടുത്ത കാറുകൾക്ക് ആകെ ഒരു മില്യൺ യൂറോയിലധികം (ഏകദേശം 9.3 കോടി രൂപ) വിലവരും.
റോൾസ് റോയ്സും ഫെരാരിയും ഇനി ഫിനാൻസ് വകുപ്പിന് സ്വന്തം; വില്ലനായത് നികുതി കുടിശിക
ബുധനാഴ്ച രാവിലെ 10 ഓടെയോടെയാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരും വലിയ ടോവിംഗ് ട്രക്കുകളും വിയേൺഹൈമിലെ ഗോട്ട്ലീബ്-ഡെയ്ംലർ സ്ട്രീറ്റിലേക്ക് ഇരച്ചെത്തിയത്.
കനത്ത നികുതി കുടിശിക വരുത്തിയതിനെ തുടർന്ന് ഉടമസ്ഥന്റെ വിലപിടിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നിയമപരമായ ഉത്തരവുമായാണ് ഉദ്യോഗസ്ഥർ എത്തിയത്.
പിടിച്ചെടുത്ത പ്രധാന ലക്ഷ്വറി കാറുകൾ
റോൾസ് റോയ്സ് കള്ളിനൻ (Rolls-Royce Cullinan): ഇതിന്റെ മാത്രം പുതിയ വില ഏകദേശം 3,90,000 യൂറോയ്ക്ക് (3.6 കോടി രൂപ) മുകളിലാണ്.
ആസ്റ്റൺ മാർട്ടിൻ DB11 (Aston Martin): രണ്ട് ആസ്റ്റൺ മാർട്ടിൻ കാറുകളാണ് പിടിച്ചെടുത്തത്. ഒന്നിന്റെ മാത്രം വില 1,90,000 യൂറോയിൽ അധികമാണ്.
ഫെരാരി 458 ഇറ്റാലിയ (Ferrari 458 Italia): വിപണിയിൽ 2,00,000 യൂറോയ്ക്ക് മുകളിൽ വിലയുള്ള സൂപ്പർ കാർ.
മെഴ്സിഡസ് GLE (Mercedes GLE): ഏകദേശം 90,000 യൂറോയ്ക്ക് മുകളിൽ വിലമതിക്കുന്ന ആഡംബര എസ്യുവി.
അനക്കാൻ പറ്റാത്ത രീതിയിൽ "റെഡ് സീൽ' പതിപ്പിച്ചു
പരിശോധനയ്ക്ക് ശേഷം ഫ്രാങ്ക്ഫർട്ട് ചീഫ് ടാക്സ് ഓഫീസിന്റെ ഒഫീഷ്യൽ "റെഡ് സീൽ' എല്ലാ കാറുകളുടെയും വിൻഡ്ഷീൽഡിൽ ഉദ്യോഗസ്ഥർ പതിപ്പിച്ചു. ജർമൻ നിയമപ്രകാരം ഈ സീൽ പതിപ്പിച്ച വാഹനങ്ങൾ പിന്നീട് അനക്കാനോ ഉപയോഗിക്കാനോ പാടില്ല.
തുടർന്ന് ഉദ്യോഗസ്ഥർ ഈ കാറുകളെല്ലാം ടോവിംഗ് ട്രക്കുകളിൽ കയറ്റി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. യാതൊരുവിധ എതിർപ്പുകളോ അനിഷ്ട സംഭവങ്ങളോ ഇല്ലാതെ അതീവ വേഗത്തിലാണ് ഉദ്യോഗസ്ഥർ ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
കുടിശികയുള്ള നികുതിപ്പണം പൂർണമായി അടച്ചുതീർക്കാത്ത പക്ഷം ഈ ലക്ഷ്വറി കാറുകൾ ഗവൺമെന്റ് ലേലത്തിൽ വച്ച് പണം ഈടാക്കാനാണ് സാധ്യത. ജർമനിയിൽ ടാക്സ് നിയമങ്ങൾ ലംഘിച്ചാൽ എത്ര വലിയ കോടീശ്വരനാണെങ്കിലും രക്ഷയില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ കനത്ത നടപടി.