തൃശൂർ: മറ്റത്തൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിയമനത്തെച്ചൊല്ലി തൃശൂർ ഡിസിസി ഓഫീസിൽ പ്രവർത്തകരുടെ പ്രതിഷേധം. പാർട്ടിയിൽ സജീവമല്ലാത്ത ആളെ മണ്ഡലം പ്രസിഡന്റായി നിയമിച്ചുവെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ ഡിസിസി ഓഫീസ് ഉപരോധിച്ചു.
മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ വനിതകൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. മുൻപ് പാർട്ടി നടപടി നേരിട്ടിട്ടുള്ള ഹസൻ വല്ലത്തിനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം. ഡിസിസി പ്രസിഡന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും നിയമനം അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഡിസിസി പ്രസിഡന്റിന്റെ പ്രതീകാത്മക കോലവുമായാണ് പ്രവർത്തകർ എത്തിയതെങ്കിലും അത് കത്തിക്കാൻ അവർ തയാറായില്ല. പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. തെറ്റായ നടപടിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സമരത്തിന് നേതൃത്വം നൽകിയവർ വ്യക്തമാക്കി.
കെപിസിസി യോഗം നടക്കുന്നതിനാൽ ഡിസിസി പ്രസിഡന്റോമറ്റ് മുതിർന്ന നേതാക്കളോ ഓഫീസിൽ ഇല്ലാത്ത സമയത്തായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ജൂലൈ ഒന്നിനകം തിരുത്തൽ നടപടി ഉണ്ടായില്ലെങ്കിൽ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ശക്തമായ സമരം ആരംഭിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
അതേസമയം ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയവർക്ക് കോൺഗ്രസ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ഇവരെന്നും അദ്ദേഹം ആരോപിച്ചു.