ലക്നോ: യുപി അലിഗഞ്ചിലെ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ പന്ത്രണ്ടോളം പേർ കുടുങ്ങിക്കിടക്കുകയാണെന്നും ആറുപേരെ സുരക്ഷിതമായി പുറത്തെത്തിച്ചെന്നും നാട്ടുകാർ പറഞ്ഞു.
വാണിജ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ ഒരു പെറ്റ് ഷോപ്പും മറ്റ് കടകളുമുണ്ട്. തീപിടിത്തമുണ്ടായതോടെ പരിഭ്രാന്തരായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
ഇതിനിടെ ജനൽ വഴി പുറത്തുകടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു യുവാവ് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും കുടുങ്ങിയവരെ പുറത്തെത്തിക്കാനുമുള്ള തീവ്രശ്രമം തുടരുകയാണ്.
Tags : Fire Coaching Centre Lucknow