National
ലക്നോ: ഉത്തർപ്രദേശിലെ കൃഷ്ണനഗറിൽ പിറന്നാൾ ആഘോഷത്തിനിടെ കൗമാരക്കാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ 13 വയസുകാരനാണ് മരിച്ചത്.
കൃഷ്ണനഗറിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലാണ് സംഭവം. കൊല്ലപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥി, അതെ ക്ലാസിലെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ പോയിരുന്നു. 13, 14 വയസുള്ള മറ്റ് രണ്ട് കുട്ടികൾ കൂടി ഇവരോടൊപ്പമുണ്ടായിരുന്നു. ആഘോഷത്തിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടികൾ കൈയിലെടുക്കുകയും അബദ്ധത്തിൽ വെടിവയ്ക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഉടൻ തന്നെ വീട്ടുടമസ്ഥൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡപകടം സംഭവിച്ചുവെന്നാണ് കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയ കുടുംബത്തെ അവിടെവച്ചാണ് മരണവാർത്ത അറിയിച്ചത്.
വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും വെടിവച്ച കുട്ടിക്കും പിതാവിനുമെതിരെ കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.
National
ലഖ്നൗ: ബാബറി മസ്ജിദ് ഒരിക്കലും പുനർനിർമിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്കും രാമക്ഷേത്ര നിർമാണത്തിന് തടസം നിന്നവർക്കും ഇനി സ്ഥാനമില്ലെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
ബാബറി മസ്ജിദ് പുനർനിർമിക്കപ്പെടുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുമെന്നും അങ്ങനെയൊരു ദിവസം ഒരിക്കലും സംഭവിക്കില്ലെന്നും യോഗി അഭിപ്രായപ്പെട്ടു. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാവസാനം വരെ ബാബറി മസ്ജിദ് പുനർനിർമിക്കില്ലെന്ന് യുപി മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെയൊരു ദിവസം ഒരിക്കലും വരില്ലെന്നും യോഗി പരിഹാസമുയർത്തി. രാം ലല്ലയ്ക്കായി തങ്ങൾ വരുമെന്നും അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം നിർമിക്കുമെന്നും തങ്ങൾ പറഞ്ഞിരുന്നുവെന്ന് ഓർമിപ്പിച്ച യോഗി അതിൽ ഇനി എന്തെങ്കിലും സംശയമുണ്ടോയെന്നും ചോദിച്ചു.
നിയമം പാലിക്കുന്നവർക്ക് അതിന്റെ ഗുണമുണ്ടാകുമെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി നിയമം ലംഘിക്കുന്നവർ നരകത്തിലേക്കാണ് പോകുന്നതെന്നും വ്യക്തമാക്കി. നിയമം ലംഘിച്ച് സ്വർഗത്തിൽ എത്താമെന്ന് കരുതുന്നവരുടെ സ്വപ്നം ഒരിക്കലും നടക്കില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
National
ലക്നോ: ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഇന്ദിരാനഗർ സ്വദേശിയായ തനു സിംഗ് ആണ് മരിച്ചത്. കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ കളിയാക്കിയത്.
ലക്നോവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിംഗും നാല് വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ.
രാഹുൽ, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകൻ അഭയ് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭർത്താവ് കളിയാക്കിയത്. തനുവിനെ കാണാൻ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുൽ പറഞ്ഞത്.
ഭർത്താവ് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും വാക്കുകൾ തനുവിനെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നാലെ തനു തന്റെ മുറിയിലേയ്ക്ക് കയറിപ്പോയി. അൽപ്പ സമയത്തിന് ശേഷം ഭക്ഷണം വാങ്ങാനായി രാഹുൽ വീടിന് പുറത്തേയ്ക്ക് പോയി.
തിരിച്ചെത്തിയതിന് പിന്നാലെ തനുവിന്റെ സഹോദരിയോട് അവളെ ഭക്ഷണം കഴിക്കാനായി വിളിക്കാൻ പറഞ്ഞു. മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ അകത്തേയ്ക്ക് നോക്കിയപ്പോഴാണ് തനുവിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പിന്നാലെ വാതിൽ പൊളിച്ച് അകത്ത് കയറി. തനുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
സംഭവത്തിൽ ദുരൂഹതയുള്ളതായി ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. നിലവില്‍ സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല.
National
ലക്നോ: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. 6E 6650 എന്ന വിമാനത്തിൽ ഞായറാഴ്ച രാവിയായിരുന്നു സംഭവം.
വിമാനത്തിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. തുടർന്ന് ലക്നോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 238 പേരാണുണ്ടായിരുന്നത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്നും ഇൻഡിഗോ ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ബോംബ് സ്ക്വാഡും സിഐഎസ്എഫ് സംഘവും വിമാനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
Sports
ലക്നോ: പരന്പര സ്വന്തമാക്കാൻ ഇന്ത്യയും ഒപ്പമെത്താൻ ദക്ഷിണാഫ്രിക്കയും നാലാം ട്വന്റി20 മത്സരത്തിന് ഇന്നിറങ്ങും. 2-1ന് മുന്നിൽനിൽക്കുന്ന ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരന്പര സ്വന്തം. ദക്ഷിണാഫ്രിക്ക ജയിച്ചാൽ 19ന് നടക്കുന്ന അവസാന മത്സരമാകും പരന്പര ആർക്കെന്ന് നിശ്ചയിക്കുക.
ലക്നോവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. അഭിഷേക് ശർമ ഒഴികെയുള്ള ബാറ്റർമാർ വെടിക്കട്ടിൽ പൂർണത കാണിച്ചിട്ടില്ല. ഓപ്പണർ ശുഭ്മാൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഫോമിലല്ലാത്തത് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കും.
അർഷ്ദീപ് സിംഗും വരുണ്‍ ചാക്രവർത്തിയുമടങ്ങുന്ന ബൗളിംഗ് നിര അസാമാന്യ ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷയാണ്.
Kerala
കാസര്‍ഗോഡ്: പീഡന കേസില്‍ ഒളിവിലായിരുന്ന യുവാവിനെ 11 വര്‍ഷത്തിന് ശേഷം വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്മനാട്ടെ അബ്ദുള്‍ ഷഹിലിനെയാണ് (38) വിദ്യാനഗര്‍ പോലീസ് ലക്നോവില്‍ പിടികൂടിയത്. തിരിച്ചറിയല്‍ കാര്‍ഡും മറ്റും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഫ്ളാറ്റില്‍ എത്തിച്ച് പെൺകുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് ഷഹിൽ.
2014ല്‍ ആലംപാടിയിലെ ഫ്ളാറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 11 വര്‍ഷത്തോളം ഇയാൾ ഗള്‍ഫിലായിരുന്നു. വിചാരണവേളയില്‍ കോടതിയില്‍ ഹാജരായില്ല.
പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്.
വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ എസ്ഐ സഫുവാന്‍, പ്രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Viral
സാഹസിക ചിത്രത്തിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്.
മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച രണ്ട് പേർ ഒരു സ്ത്രീയുടെ സ്വർണമാല കവർന്നെടുത്ത് അതിവേഗം രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഈ കവർച്ചയ്ക്ക് സാക്ഷികളായ രണ്ട് പേർ കാറിൽ ഇവരെ പിന്തുടരാൻ തീരുമാനിച്ചതോടെയാണ് സംഭവം ഹൈവേ ചെയ്സിംഗിലേക്ക് വഴിമാറിയത്.
സംഭവത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കാറിനുള്ളിൽ ഇരുന്ന ഒരാൾ ഈ സാഹസിക ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ഈ വീഡിയോ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുകയും ചെയ്തു.
ലൈറ്റ് ട്രാഫിക്കുള്ള ഇരട്ടവരി പാതയിലൂടെയായിരുന്നു ഈ പിന്തുടരൽ അരങ്ങേറിയത്. വീഡിയോ പകർത്തിയ വ്യക്തി മോട്ടോർ സൈക്കിളിലുള്ളവരോട് ഉച്ചത്തിൽ ആക്രോശിക്കുകയും, അവർ ഒരു സ്ത്രീയെ കൊള്ളയടിച്ച കള്ളന്മാരാണെന്ന് അടുത്തുള്ള ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ടായിരുന്നു.
പല തവണ കാർ ഉപയോഗിച്ച് ബൈക്കർമാരെ തടയാൻ ശ്രമിച്ചെങ്കിലും, അപകടകരമായ രീതിയിലുള്ള അവരുടെ ഓട്ടം കാരണം കാർ യാത്രക്കാർക്ക് അതിന് കഴിഞ്ഞില്ല. കിലോമീറ്ററുകളോളം ഈ അതിവേഗ മത്സരം തുടർന്നു.
കാറിൽ ഉണ്ടായിരുന്നവർക്ക് എളുപ്പത്തിൽ കള്ളന്മാരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബൈക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ തുടർച്ചയായി ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം കാർ ഡ്രൈവർ ബൈക്കുമായുള്ള അകലം കുറയ്ക്കാൻ വേഗത കൂട്ടി, പക്ഷേ വലിയ അപകടങ്ങൾ ഒഴിവാക്കാൻ വേഗത കുറയ്ക്കാൻ പാസഞ്ചർ സീറ്റിലിരുന്നയാൾ ഉടൻ തന്നെ മുന്നറിയിപ്പ് നൽകി.
എങ്കിലും, ബൈക്കർമാരെ കഴിയുന്നത്ര ദൂരം പിന്തുടരണമെന്ന് വീഡിയോ ചിത്രീകരിച്ച വ്യക്തി നിർബന്ധിക്കുകയും, അതിനിടയിൽ ബൈക്കിന്റെ നമ്പർ പ്ലേറ്റ് കുറിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് ഡ്രൈവറോട് പറയുകയും ചെയ്തു.
ഒടുവിൽ ബൈക്കർമാർ കാറിനെ വെട്ടിച്ച് ട്രാഫിക്കിലേക്ക് മറഞ്ഞ് രക്ഷപ്പെട്ടു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ലഖ്നൗ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
മഡിയാവോൺ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയാണെന്നും, കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അവർ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, ഈ അപകടകരമായ പിന്തുടരലിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നത്. ഹൈവേയിൽ ഒരു കാറിനെ ഒരു സാധാരണ 100 സിസി ബൈക്ക് മറികടന്നു എന്നതിൽ ചിലർ അതിശയം പ്രകടിപ്പിച്ചു.
ബൈക്കർമാരെ ഇടിച്ചിട്ട് താഴെയിടണമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, അത് യുക്തിരഹിതമായ ചിന്തയാണെന്നും, ഡ്രൈവർ അപകടം ഒഴിവാക്കി ചെയ്തതാണ് ശരിയെന്നും മറ്റു ചിലർ പ്രതികരിച്ചു. "നമ്മൾ അമേരിക്കയിലല്ല, ഇന്ത്യയിലാണ്' എന്നൊരു കമന്റ് ഈ ചർച്ചയിൽ ശ്രദ്ധേയമായി.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോവില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുഡാംബ സ്റ്റേഷന് പരിധിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള് മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിരുന്നു.