ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിനെ വണങ്ങുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നോ: ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിനെ അണുബാധയെത്തുടർന്ന് ലക്നോവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും മൂത്രനാളിയിലെ അണുബാധയുമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണമായത്.
നിലവിൽ അദ്ദേഹം ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മൂന്നോ നാലോ ദിവസത്തിനുള്ളിൽ പൂർണമായും ഭേദമായി ആശുപത്രി വിടാൻ സാധിക്കുമെന്നും മേദാന്ത ഹോസ്പിറ്റൽ ഡയറക്ടർ രാകേഷ് കുമാർ അറിയിച്ചു.
അടുത്തിടെ നടന്ന വിവിധ പൊതുപരിപാടികളിൽ പങ്കെടുത്തതിനെത്തുടർന്നുള്ള ക്ഷീണവും നേരിയ പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ആരോഗ്യനിലയെക്കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരന്തരം അന്വേഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഏകദേശം 86 വയസ്സുള്ള മഹന്ത് നൃത്യ ഗോപാൽ ദാസ്, അയോധ്യയിലെ മണി റാം ദാസ് കി ചാവാനി എന്ന ഏറ്റവും വലിയ ക്ഷേത്രത്തിന്റെ പീഠാധിപതി കൂടിയാണ്. പ്രായസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹം നേരത്തെയും ചികിത്സ തേടിയിട്ടുണ്ട്. ഈ വർഷം ജനുവരിയിലും സമാനമായ സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Tags : Ram Janmabhoomi Teerth Kshetra Trust Mahant Nritya Gopal Das Lucknow Latest News