ന്യൂഡൽഹി: ജീവനൊടുക്കിയ എസ്എൻഡിപി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശനെ അധിക്ഷേപിച്ച് തുഷാർ വെള്ളാപ്പള്ളി. കെ.കെ. മഹേശനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെല്ലാം സത്യമാണ്. കള്ളനെ കള്ളൻ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.
സത്യം വിളിച്ചു പറയുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. വി.എം.സുധീരന്റേത് പ്രതികാര രാഷ്ട്രീയമാണ്. മുൻപ് അദ്ദേഹത്തെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നും തോൽപ്പിച്ച് കെട്ടുകെട്ടിച്ചതിന്റെ വ്യക്തിവൈരാഗ്യമാണ്. മാൻഹോളിൽ വീണ് മരിച്ചവർക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് തുല്യനീതി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടത്.
ഇസ്ലാം മതത്തിൽ പെട്ടയാൾക്ക് മാത്രം സർക്കാർ വലിയ ധനസഹായം നൽകിയത് ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ വെള്ളാപ്പള്ളിയെ ജാതിവാദിയെന്ന് മുദ്രകുത്തി വേട്ടയാടാനാണ് സുധീരൻ നോക്കുന്നതെന്നും തുഷാർ ആരോപിച്ചു. അനാവശ്യമായ കഥകൾ പ്രചരിപ്പിച്ച് എസ്എൻഡിപിയെ തകർക്കാൻ ആരും നോക്കേണ്ടതില്ല.
ശിവഗിരി മഠവും എസ്എൻഡിപി യോഗവും രണ്ടാണ്. മഠവുമായി യൂണിയന് യാതൊരു ബന്ധവുമില്ല. അങ്ങനെയുള്ളപ്പോൾ അവർക്ക് എങ്ങനെയാണ് എസ്എൻഡിപിയുടെ നിലപാടുകളെയും അഭിപ്രായങ്ങളെയും കുറിച്ച് പറയാൻ കഴിയുക. പാടില്ലാത്തതൊന്നും എസ്എൻഡിപി യൂണിയനിൽ നടക്കുന്നില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.
Tags : v.m.sudheeran tushar vellappally shivagiri