x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോജന കമ്മീഷൻ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചു


Published: June 22, 2026 09:48 PM IST | Updated: June 22, 2026 09:48 PM IST

തിരുവനന്തപുരം: സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സണും മുൻ എംപിയുമായ സോമപ്രസാദ്, കമ്മീഷൻ അംഗങ്ങളായ കെ.എൻ.കെ. നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവർ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ച് മുതിർന്ന തടവുകാരുമായി കൂടിക്കാഴ്ച നടത്തി.

വയോജനങ്ങളുടെ ക്ഷേമം, താത്പര്യം, അവകാശം എന്നിവ സംരക്ഷിക്കുന്നതിനും അവർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച കമ്മീഷൻ മുതിർന്ന തടവുകാരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.

വിയ്യൂർ ജയിലിലെ തടവുകാരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ ജയിലുകളിൽ കമ്മീഷൻ ആദ്യമായി നടത്തുന്ന സന്ദർശനമാണ് വിയ്യൂരിലേത്.

വാർദ്ധക്യസഹജമായ ശാരീരിക അവശതകൾ നേരിടുന്നവർക്ക് തുണയായി പരിചാരകരെ നൽകുന്ന കാര്യത്തിൽ ജയിൽ അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തടവുകാരുടെ മാനസികപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ആത്മധൈര്യം പകരാനും സ്ഥിരമായി ഒരു കൗൺസിലറുടെ സേവനം അത്യാവശ്യമാണെന്ന് കമ്മീഷൻ വിലയിരുത്തി. നിലവിൽ ജയിലിൽ കൗൺസിലർ ഇല്ലെന്നും, ഈ ഒഴിവ് നികത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജയിൽ ഡിഐജി എസ്. സജീവ് കമ്മീഷനെ അറിയിച്ചു.

പ്രായമായ രോഗികൾക്ക് ഡോക്ടറെ കാണുവാനും മരുന്ന് വാങ്ങുവാനുമായി കൂടുതൽ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് തടവുകാർ ആവശ്യപ്പെട്ടു. ആയുർവേദ ഡോക്ടറുടെ സേവനം കൂടുതൽ വിപുലപ്പെടുത്തുന്ന കാര്യവും കമ്മീഷന്‍റെ മുന്നിൽ ഉയർന്നുവന്നു.

ജില്ലാ ആശുപത്രിയിൽ ലഭ്യമാകുന്ന മരുന്നുകൾ നിലവിൽ കൃത്യമായി തടവുകാർക്ക് എത്തിച്ചുനൽകുന്നുണ്ടെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. പുറത്ത് നിന്ന് വാങ്ങേണ്ട മരുന്നുകൾ യാതൊരുവിധ കാലതാമസവുമില്ലാതെ ജയിലിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ, 60 വയസ് കഴിഞ്ഞ് 15-ഉം 20-ഉം വർഷമായി ജയിലിൽ കഴിയുന്ന തടവുകാരുടെ വിടുതലിനും സമയോചിതമായ പരോളിനും ആവശ്യമായ ഉചിത നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

സന്ദർശനത്തിൽ ജയിൽ ഡിഐജി. എസ്. സജീവ്, ജോയിന്‍റ് സൂപ്രണ്ട് അൻജുൻ അരവിന്ദ്, ഡെപ്യൂട്ടി സൂപ്രണ്ട് എം.എസ്. വിഷ്ണു, വെൽഫെയർ ഓഫീസർമാരായ സിജി സൈമൺ, ബേസിൽ ഏലിയാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ ആർറഷ്നി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ സി. കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.

Tags : Commission Viyyur Central Jail Jail Elderly Commission

Recent News

Corehub Up