National
ബംഗളൂരു: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണയ്ക്ക് പുതിയ കുരുക്ക്. ജയിലിൽ കർണാടക ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര പോലീസ് രേവണ്ണയ്ക്കെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രജ്വൽ രേവണ്ണ ഒന്നാം പ്രതിയും അദ്ദേഹത്തിന്റെ സഹതടവുകാരൻ രണ്ടാം പ്രതിയുമാണ്.
അതേസമയം, കർശന സുരക്ഷയുള്ള ജയിലിനുള്ളിൽ തടവുകാരന് മൊബൈൽ ഫോണും മറ്റ് സൗകര്യങ്ങളും എത്തിച്ചു നൽകിയതിന് പിന്നിൽ ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
International
കൊളംബോ: ശ്രീലങ്കയിലെ രണ്ടു ജയിലുകളിലുണ്ടായ കലാപങ്ങളിൽ മൂന്നു പേർ കൊല്ലപ്പെയുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു സംഭവം.
കൊളംബോയ്ക്ക് 60 കിലോമീറ്റർ തെക്കുകിഴക്ക് കുരുവിറ്റ ജയിലിൽ വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. തടവുകാരിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയതും തുടർന്നുള്ള അറസ്റ്റുമാണ് കലാപത്തിലേക്കു നയിച്ചത്.
വ്യാഴാഴ്ച രാത്രി കൊളംബോയിലെ മാഗസിൻ ജയിലിലുണ്ടായ കലാപത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 40 തടവുകാരാണ് കലാപത്തിൽ പങ്കെടുത്തത്.
അടുത്തകാലത്ത് ശ്രീലങ്കൻ ജയിലുകളിൽ കലാപങ്ങൾ വർധിച്ചിട്ടുണ്ട്. ഇന്നലെ പല്ലൻസേനയിലെ തുറന്ന ജയിലിൽ 30 തടവുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കലാപങ്ങളെല്ലാം നിയന്ത്രണവിധേയമാക്കിയെന്നാണ് സർക്കാർ അറിയിച്ചത്.
ഒരു മാസത്തോളമായി ജയിലുകളിൽ നടക്കുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ സംഘടിത ആസൂത്രണമുണ്ടെന്നു സംശയിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് മന്ത്രി ആനന്ദ വിജപാല പാർലമെന്റിൽ പറഞ്ഞു.
International
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു മനുഷ്യാവകാശ നേതാവ് ചിന്മയ് കൃഷ്ണ ദാസിന് രണ്ടു കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, മറ്റു നാലു കേസുകളിൽ പ്രതിയായതിനാൽ ദാസ് ജയിൽമോചിതനാകില്ല. ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപണമുയർത്തി 2024 നവംബറിലാണ് ദാസിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
തുടർന്ന് കൊലപാതകം, വധശ്രമം എന്നിവ ഉൾപ്പെടെയുള്ള കേസുകളും ദാസിനെതിരേ ചുമത്തി. മുന്പ് ചിന്മയ് ദാസ് ഇസ്കോണുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. നിലവിൽ സമ്മിളിതോ സനാതൻ ജാഗ്രൺ ജോട്ടെ എന്ന ഹിന്ദു സംഘടനയുടെ വക്താവാണ്.
Kerala
കൊച്ചി: പയ്യന്നൂരില് പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോള്. അഞ്ചു ദിവസത്തേക്കാണ് നിഷാദിന് ഹൈക്കോടതി അടിയന്തര പരോള് അനുവദിച്ചത്. പരോളിനുള്ള അപേക്ഷ ജയില് സൂപ്രണ്ട് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അമ്മയുടെ ചികിത്സയ്ക്കായാണ് ഇത്തവണ പരോള് അനുവദിച്ചത്.
നവംബര് 25നാണ് വി.കെ. നിഷാദിനെ കോടതി 20 വര്ഷത്തെ തടവിനു ശിക്ഷിച്ചത്. ഒരു മാസം കഴിഞ്ഞ് ഡിസംബര് 26ന് പരോള് ലഭിച്ചു പുറത്തിറങ്ങി. പിന്നീട് പരോള് ജനുവരി 11 വരെ നീട്ടി. തുടര്ന്ന് 15 ദിവസത്തേക്കുകൂടി വീണ്ടും പരോള് നീട്ടി. ഇതോടെ ഒരു മാസം ജയിലില് കിടന്നപ്പോള് നിഷാദിന് ഒരു മാസം പരോളും അനുവദിച്ചു.
അച്ഛന്റെ ചികിത്സ ചൂണ്ടിക്കാണിച്ചാണ് നിഷാദ് പരോളിന് അപേക്ഷിച്ചിരുന്നത്. പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്കു വേണ്ടിയാണ് പരോളിന് അപേക്ഷിച്ചത്. ഫെബ്രുവരിയില് വീണ്ടും ഏഴു ദിവസത്തേക്കു പരോള് ലഭിച്ചു. പരോളിലായിരുന്നപ്പോള് വ്യവസ്ഥകള് ലംഘിച്ച് വി. കുഞ്ഞിക്കൃഷ്ണനെതിരെ നടത്തിയ പ്രകടനത്തിലും നിഷാദ് പങ്കെടുത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില് ജയിലില്നിന്നു മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിര്ദേശ പത്രിക സമര്പ്പിച്ച ശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്. അതിനാല് മത്സരിക്കുന്നതിനു തടസമുണ്ടായില്ല. എന്നാല്, ശിക്ഷ റദ്ദാക്കാത്തതിനാല് നിഷാദിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്ക്കാനായില്ല.
National
ജയ്പുർ: കൊടും ക്രിമിനൽ ജഗൻ ഗുർജാർ രാജസ്ഥാനിലെ ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരന്റെ ആക്രമണത്തിലാണ് ജഗൻ ഗുർജാർ കൊല്ലപ്പെട്ടത്. അജ്മീറിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഗുർജാറെ പാർപ്പിച്ചിരുന്നത്.
ഗുർജാറിനെ സഹതടവുകാരനായ വിഷ്ണു ടവലുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഈ വർഷം മാർച്ചിലാണ് ജഗൻ ഗുർജാറിനെ അജ്മീർ ജയിലിലേക്കു മാറ്റിയത്. ധോൽപുർ സ്വദേശിയായ ജഗനെതിരേ നൂറോളം കേസുകളുണ്ട്.
National
ജയ്പുർ: കൊടും ക്രിമിനൽ ജഗൻ ഗുർജാർ രാജസ്ഥാനിലെ ജയിലിൽ സഹതടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആജ്മീറിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഗുർജാറെ പാർപ്പിച്ചിരുന്നത്.
സഹതടവുകാരനായ വിഷ്ണു ഗുർജാറിനെ ടവലുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു.
ഈ വർഷം മാർച്ചിലാണ് ജഗൻ ഗുർജാറെ ആജ്മീർ ജയിലിലേക്കു മാറ്റിയത്. ധോൽപുർ സ്വദേശിയായ ജഗനെതിരേ നൂറോളം കേസുകളുണ്ട്.
International
സിംഗപ്പുർ: തായ്ലൻഡിൽ നിന്നും സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ എയര്ഹോസ്റ്റസിനെ കയറിപ്പിടിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ. കൂടാതെ 93,000 രൂപ ഇരയ്ക്ക് നൽകാനും സിംഗപ്പുർ കോടതി വിധിച്ചു. വിമാന ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ഇന്ത്യക്കാരനായ ആകാശ് തിവാരിക്ക് (35) ആറ് മാസം തടവും പിഴയും (982 ഡോളർ) വിധിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 9 ന് ആകാശ്, നാല് സുഹൃത്തുക്കളോടൊപ്പം തായ്ലൻഡിൽ നിന്ന് സിംഗപ്പുരിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഭക്ഷണം ഓര്ഡര് ചെയ്തത് സ്ഥിരീകരിക്കാനായി ജീവനക്കാരി ആകാശിനെയും സുഹൃത്തുക്കളെയും സമീപിച്ചപ്പോഴാണ് മോശമായി പെരുമാറിയത്. സംഭാഷണത്തിനിടെ ആകാശ് യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു. ഇവർ ഇക്കാര്യം എയർക്യൂവിന്റെ ചീഫിനോട് പരാതിപ്പെട്ടു. ഈ സംഭവത്തിന് ശേഷം യാത്രക്കാരിൽ നിന്നും ട്രേകൾ തിരിച്ചെടുക്കുന്നതിനിടെ ആകാശ് വീണ്ടും യുവതിയെ ശല്യം ചെയ്തു. പിന്നാലെ എയർഹോസ്റ്റസ് ഇത് ചോദ്യം ചെയ്തു. എന്നാൽ മാപ്പ് പറയുന്നതിന് പകരം പരിഹസിച്ച് ചിരച്ചു. വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ യുവതി ഗാലറിയിലേക്ക് മാറിയെങ്കിലും പ്രതി അവിടെയും അവരെ പിന്തുടർന്നു. മാറി നിൽക്കാനും തന്റെ പിന്നാലെ വരാതിരിക്കാനും എയർഹോസ്റ്റസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയാറായില്ല.
വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ എയർഹോസ്റ്റസ് നൽകിയ പരാതിയിൽ അപ്പോൾ തന്നെ ആകാശിനെ സിംഗപ്പുർ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കോടതി കേസിൽ വിധി പറഞ്ഞത്. സിംഗപ്പുർ ജയിലിൽ ആറ് മാസം തടവും 93,000 രൂപ എയർഹോസ്റ്റസിന് നഷ്ടപരിഹാരമായും ആകാശ് നൽകണം.
Kerala
കൊച്ചി: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ ചേന്ദമംഗലം ഗോതുരുത്ത് ചേരമാൻതുരുത്തി വീട്ടിൽ ബെൻറ്റോയെ (26) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ഏപ്രിൽ 15ന് വടക്കേക്കര ചിറ്റാറ്റുകരയിൽവച്ച് ഇയാളും, സംഘവും ചേർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന്, വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എം. നെർഷോൺ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.പി. പ്രവീൺ, സി.എ. അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സണും മുൻ എംപിയുമായ സോമപ്രസാദ്, കമ്മീഷൻ അംഗങ്ങളായ കെ.എൻ.കെ. നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവർ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ച് മുതിർന്ന തടവുകാരുമായി കൂടിക്കാഴ്ച നടത്തി.
വയോജനങ്ങളുടെ ക്ഷേമം, താത്പര്യം, അവകാശം എന്നിവ സംരക്ഷിക്കുന്നതിനും അവർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച കമ്മീഷൻ മുതിർന്ന തടവുകാരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
വിയ്യൂർ ജയിലിലെ തടവുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ ജയിലുകളിൽ കമ്മീഷൻ ആദ്യമായി നടത്തുന്ന സന്ദർശനമാണ് വിയ്യൂരിലേത്.
വാർദ്ധക്യസഹജമായ ശാരീരിക അവശതകൾ നേരിടുന്നവർക്ക് തുണയായി പരിചാരകരെ നൽകുന്ന കാര്യത്തിൽ ജയിൽ അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തടവുകാരുടെ മാനസികപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ആത്മധൈര്യം പകരാനും സ്ഥിരമായി ഒരു കൗൺസിലറുടെ സേവനം അത്യാവശ്യമാണെന്ന് കമ്മീഷൻ വിലയിരുത്തി. നിലവിൽ ജയിലിൽ കൗൺസിലർ ഇല്ലെന്നും, ഈ ഒഴിവ് നികത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജയിൽ ഡിഐജി എസ്. സജീവ് കമ്മീഷനെ അറിയിച്ചു.
പ്രായമായ രോഗികൾക്ക് ഡോക്ടറെ കാണുവാനും മരുന്ന് വാങ്ങുവാനുമായി കൂടുതൽ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് തടവുകാർ ആവശ്യപ്പെട്ടു. ആയുർവേദ ഡോക്ടറുടെ സേവനം കൂടുതൽ വിപുലപ്പെടുത്തുന്ന കാര്യവും കമ്മീഷന്റെ മുന്നിൽ ഉയർന്നുവന്നു.
ജില്ലാ ആശുപത്രിയിൽ ലഭ്യമാകുന്ന മരുന്നുകൾ നിലവിൽ കൃത്യമായി തടവുകാർക്ക് എത്തിച്ചുനൽകുന്നുണ്ടെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. പുറത്ത് നിന്ന് വാങ്ങേണ്ട മരുന്നുകൾ യാതൊരുവിധ കാലതാമസവുമില്ലാതെ ജയിലിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ, 60 വയസ് കഴിഞ്ഞ് 15-ഉം 20-ഉം വർഷമായി ജയിലിൽ കഴിയുന്ന തടവുകാരുടെ വിടുതലിനും സമയോചിതമായ പരോളിനും ആവശ്യമായ ഉചിത നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
സന്ദർശനത്തിൽ ജയിൽ ഡിഐജി. എസ്. സജീവ്, ജോയിന്റ് സൂപ്രണ്ട് അൻജുൻ അരവിന്ദ്, ഡെപ്യൂട്ടി സൂപ്രണ്ട് എം.എസ്. വിഷ്ണു, വെൽഫെയർ ഓഫീസർമാരായ സിജി സൈമൺ, ബേസിൽ ഏലിയാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ ആർറഷ്നി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി. കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.
National
റാഞ്ചി: കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങള് വ്യാജമെന്ന് തെളിഞ്ഞു. 2018 ജൂലൈയിൽ ശിശുക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ കോൺസിലിയ ഉൾപ്പെടെ മൂന്നുപേരെയാണ് എട്ടു വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കുറ്റവിമുക്തരാക്കിക്കൊണ്ട് റാഞ്ചിയിലെ സിവിൽ കോടതി വിധി പുറപ്പെടുവിച്ചത്.
സിസ്റ്റർ കോൺസിലിയ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടവർക്കെതിരേ വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിനടപടി. മിഷനറീസ് ഓഫ് ചാരിറ്റി റാഞ്ചിയിൽ നടത്തിയിരുന്ന നിർമൽ ഹൃദയ് എന്ന സ്ഥാപനത്തിൽനിന്ന് 14 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ 50,000 രൂപയ്ക്കു വിറ്റുവെന്ന ആരോപണത്തെത്തുടർന്നാണ് സിസ്റ്റർ കോൺസിലിയയ്ക്കും സ്ഥാപനത്തിലെ ജീവനക്കാർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നത്.
ഇതിനുപുറമെ 2018 ആദ്യം മുതൽ മൂന്നു കുട്ടികളെക്കൂടി വിറ്റുവെന്ന ആരോപണവും ഇവർക്കെതിരേ ഉന്നയിച്ചിരുന്നു. പീഡനത്തിന് ഇരയായവർക്കും മനുഷ്യക്കടത്തിൽനിന്നു രക്ഷപ്പെടുത്തിയ അവിവാഹിതരായ ഗർഭിണികൾക്കും അഭയം നൽകുന്ന സ്ഥാപനമാണ് നിർമൽ ഹൃദയ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിസ്റ്റർ കോൺസിലിയ 14 മാസത്തോളം ജയിലിൽ കഴിയേണ്ടിവന്നു.
കടുത്ത പ്രമേഹ രോഗബാധിതയായിരുന്നിട്ടും സിസ്റ്റർക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് ജാർഖണ്ഡിലെ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങൾക്കുനേരേ വലിയതോതിലുള്ള പ്രതിഷേധവും അന്വേഷണ കോലാഹലങ്ങളുമാണ് അധികാരികൾ അഴിച്ചുവിട്ടത്. സിബിഐ അന്വേഷണത്തിനുവരെ പോലീസ് ശിപാർശ ചെയ്തു. 24 ശിശുക്കളെ സംരക്ഷിച്ചിരുന്ന ഹിനൂവിലെ മറ്റൊരു സ്ഥാപനം അധികാരികൾ അടച്ചുപൂട്ടി.
കൂടാതെ വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപണവും സന്യാസിനീസമൂഹം നേരിടേണ്ടിവന്നു. ജാർഖണ്ഡിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 12 സ്ഥാപനങ്ങളും പോലീസ് നിരീക്ഷണത്തിലാക്കി. എന്നാൽ പ്രതിസന്ധികൾ ഏറെ നേരിട്ടെങ്കിലും എട്ടു വർഷത്തിനിപ്പുറം സത്യം മറനീക്കി പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് കത്തോലിക്കാസഭയും മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹവും.
സത്യം എപ്പോഴും ജയിക്കുമെന്നതിന്റെ തെളിവാണ് ഈ വിധിയെന്നും വർഷങ്ങളോളം കള്ളക്കേസിന്റെ പേരിൽ വേട്ടയാടപ്പെട്ട സിസ്റ്റർ കോൺസിലിയയുടെ നിരപരാധിത്വം ഒടുവിൽ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹം പ്രതികരിച്ചു. സത്യത്തിന്റെയും പ്രാർഥനയുടെയും വിശ്വാസത്തിന്റെയും വിജയമെന്നാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) മുൻ ജനറൽ സെക്രട്ടറിയും ഡാൽട്ടൻഗഞ്ച് ബിഷപുമായ തിയോഡോർ മസ്കരേനാസ് വിശേഷിപ്പിച്ചത്.
ആരോപണങ്ങൾ പോലീസും മാധ്യമങ്ങളും വലിയ രീതിയിൽ പ്രചരിപ്പിച്ചപ്പോൾ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മിക്ക ഭവനങ്ങളും ഇതിന്റെ ആഘാതം നേരിട്ടു. എങ്കിലും കടുത്ത വെല്ലുവിളികൾക്കിടയിലും പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ ജനങ്ങൾക്കായുള്ള തങ്ങളുടെ സേവനം സിസ്റ്റർമാർ തടസമില്ലാതെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
National
ഐസ്വാൾ: മിസോറാമിൽ യുവതിയെ പീഡിപ്പിക്കുകയും ആസിഡ് ആക്രമണം നടത്തുകയും ചെയ്ത കുറ്റത്തിന് രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ഐസോൾ ജില്ലാ കോടതിയാണ് ഇവർക്കെതിരെ വിധി പുറപ്പെടുവിച്ചത്.
നീലഞ്ജൻ ദാസ്, ദിനേഷ് കുമാർ എന്നീ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. തടവിന് പുറമെ 60,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ തുക അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഓരോ കുറ്റത്തിനും അധികമായി രണ്ട് മാസം വീതം തടവ് അനുഭവിക്കേണ്ടി വരും.
2017ലാണ് സംഭവം. മിസോറാം-ബംഗ്ലാദേശ് അതിർത്തിയിലെ മാമിത് ജില്ലയിലുള്ള സിൽസുരി വെസ്റ്റ് ഗ്രാമത്തിനടുത്തുള്ള ഗസ്കറ്റ പുഴയോരത്ത് വച്ചാണ് പ്രതികൾ യുവതിയെ തടഞ്ഞുനിർത്തി പീഡിപ്പിച്ചത്.
തങ്ങളുടെ ക്യാമ്പിന് സമീപം കാട്ടുപച്ചക്കറികളും ഞണ്ടുകളും ശേഖരിക്കാൻ സുഹൃത്തിനൊപ്പം വനത്തിലെത്തിയതായിരുന്നു യുവതി. അക്രമികൾ യുവതിയെ പീഡിപ്പിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന് യുവതിക്ക് ഗുരുതരമായ പൊള്ളലേൽക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. യുവതിയുടെ സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്നീട് ദിവസങ്ങൾക്ക് ശേഷം സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി.
അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി സിൽവി സോമുവൻപുയി റാൽട്ടെയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കൂട്ടബലാത്സംഗത്തിന് 20 വർഷം, ഗുരുതരമായ ശാരീരിക ഉപദ്രവമേൽപ്പിച്ചതിന് 10 വർഷം, ആസിഡ് ആക്രമണത്തിന് 12 വർഷം എന്നിങ്ങനെയാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇത് തുടർച്ചയായി അനുഭവിക്കാനാണ് വിധി.
അതേസമയം, യുവതിയുടെ സുഹൃത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾ തന്നെയാണ് ഈ കൊലപാതകം ചെയ്തതെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ രണ്ട് ദിവസത്തിന് ശേഷം മാർപാറ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Kerala
പേരൂർക്കട: കാപ്പ ആക്ടിൽ ഉൾപ്പെടുകയും കരുതൽ തടങ്കലിലാകുകയും നിരവധി ക്രിമിനൽ കേസുകളിൽ ഏർപ്പെടുകയും ചെയ്ത വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതന്റെ കൗൺസിലർ സ്ഥാനം തുലാസിൽ. വെറും 54 വോട്ടിനു വാഴോട്ടുകോണം വാർഡിൽനിന്നു കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സുഗതൻ ഈ സ്ഥാനം വഹിക്കുന്നതിനു മുൻപും പിൻപും ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടിട്ടുണ്ട്. വാർഡിൽ സിപിഎമ്മിനു റിബൽ സ്ഥാനാർഥി വന്നതാണ് സുഗതന്റെ കൗൺസിലർ സ്ഥാനത്തേക്കുള്ള രംഗപ്രവേശം എളുപ്പമാക്കിയത്.
നിരവധി കേസുകൾ
വട്ടിയൂർക്കാവിലെ ഒരു കുത്ത് കേസ്, പാപ്പാട് മഹിളാമന്ദിരത്തിന്റെ ഉദ്ഘാടനത്തിനു തൊട്ടുമുൻപ് മന്ദിരം പൂട്ടി താക്കോൽ കൊണ്ടു ഒളിവിൽപ്പോയ സംഭവം, വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ മർദിച്ച സംഭവം എന്നിങ്ങനെ നീളുന്നു സുഗതന് എതിരേയുള്ള കേസുകൾ. മൂന്നു കൗൺസിലിൽ തുടർച്ചയായി പങ്കെടുക്കാതെ വന്നാൽ മാത്രമേ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുകയുള്ളൂവെന്നും അല്ലാതെ തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ടു സുഗതനു കൗൺസിലർ ആകുന്നതിനു യാതൊരു പ്രശ്നവും ഇല്ലെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. കാപ്പ ആക്ട് പ്രകാരം ആറു മാസമെങ്കിലും സുഗതന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. ജാമ്യം ലഭിക്കുന്ന കാര്യം വളരെ സംശയമാണ്.
കഴിഞ്ഞ ദിവസം സുഗതനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ബിജെപി പ്രവർത്തകർ വൻ പ്രക്ഷോഭം ഉണ്ടാക്കിയിരുന്നു. കൗൺസിലിൽ തുടർച്ചയായി പങ്കെടുക്കാതെ വന്നാൽ മാത്രമേ സുഗതനെ തിരുവനന്തപുരം നഗരസഭ അയോഗ്യനാക്കേണ്ടതുള്ളൂ. എന്നാൽ, ബിജെപി ഭരിക്കുന്ന കൗൺസിൽ അതിനു മുതിരാൻ ഇടയില്ല. കാപ്പ ആക്ടും ക്രിമിനൽ കേസും ഉള്ള സ്ഥിതിക്കു സുഗതനു വീണ്ടും കൗൺസിലറായി തുടരാൻ സാധിക്കില്ലെന്നാണ് നിയമകാര്യ വിദഗ്ധർ പറയുന്നത്. അതേസമയം, ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം ഇയാൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകേണ്ടതുണ്ട്. സിപിഎം നേതൃത്വം പരാതിയുമായി എത്തുമെന്ന കാര്യം ഉറപ്പാണ്.
കൗൺസിലർക്കെതിരേ കാപ്പ
അങ്ങനെയെങ്കിൽ വാഴോട്ടുകോണം വാർഡ് വരും ദിവസങ്ങളിൽ മേയർ വി.വി രാജേഷിന്റെ മേൽനോട്ടത്തിലാകും. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽതന്നെ ഒരു കൗൺസിലർ കാപ്പ പ്രകാരം ജയിലിൽ ആകുന്നത് ആദ്യമാണ്. ഒരു വാർഡ് കൗൺസിലർക്കെതിരേ കാപ്പ ആക്ട് ചുമത്തുന്നതും അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കുന്നതും നിരവധി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളുടെ പശ്ചാത്തലമുള്ള സുഗതൻ വാർഡ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയെന്ന കാര്യം ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
നിലവിൽ വാഴോട്ടുകോണം വാർഡിൽ, വാർഡ് കൗൺസിലറുടെ ഓഫീസ് സ്ഥിതിചെയ്യുന്നുണ്ട്. അതിന്റെ മേൽനോട്ടവും ഇനി മേയറുടെ കീഴിലാകും. അതിനിടെ, സുഗതൻ തിരുവനന്തപുരം നഗരസഭയുടെ രണ്ടു കൗൺസിലുകളിൽ പങ്കെടുത്തിട്ടില്ല എന്ന് എതിർപക്ഷം പറയുന്നുണ്ട്. അറസ്റ്റിലാകാതിരിക്കുന്നതിനു വേണ്ടി ഉളിവിൽ കഴിഞ്ഞ കാലയളവാണ് ഇത്.
മൂന്നു കൗൺസിലുകളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ വാർഡ് കൗൺസിലർ സ്ഥാനം നഷ്ടമാകും. ഒരു മാസത്തിൽ ഒരിക്കലാണ് നഗരസഭ കൗൺസിൽ ചേരുന്നത്. കരുതൽ തടങ്കലിൽ കഴിയുന്ന സുഗതന് അടുത്ത കാലത്ത് പുറത്തിറങ്ങാൻ കഴിയില്ല എന്നുള്ള സൂചന ഉള്ളതിനാൽ മൂന്നാമത്തെ കൗൺസിലിലും ഇയാൾക്കു പങ്കെടുക്കാൻ സാധിക്കുകയില്ല. അപ്പോൾതന്നെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷനിര ചൂണ്ടിക്കാട്ടുന്നത്.
ഭരണവും തുലാസിലാകും
ഇക്കാര്യത്തിൽ ബിജെപി പ്രാദേശിക നേതൃത്വവും നഗരസഭ മേയർ വി.വി. രാജേഷും എന്തു നടപടികളിലേക്കു പോകുമെന്നതാണ് ഇനി അറിയേണ്ടത്. ഒരു നഗരസഭാ വാർഡ് തുടർച്ചയായ അഞ്ചു വർഷം മേയറുടെ കീഴിൽ ഭരിക്കപ്പെട്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണയോടുകൂടിയാണ് തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണം മുന്നോട്ടു പോകുന്നത്. അതിനിടെ, വാഴോട്ടുകോണം വാർഡിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയും ബിജെപിക്കു വാർഡ് നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്താൽ അതു നഗരസഭ ഭരണത്തെയും ബാധിക്കും. അതേസമയം, ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുമെന്നാണ് മേയർ വി.വി. രാജേഷ് പറയുന്നത്. പോലീസിന്റെ നടപടി ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും നഗരസഭാ ഭരണത്തിലോ വാഴോട്ടുകോണം വാർഡിന്റെ കാര്യത്തിലോ യാതൊരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ലെന്നും മേയർ പ്രതികരിച്ചു.
Kerala
ബംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫേസ്ബുക്കിൽ വധഭീഷണിയും ജാതി അധിക്ഷേപവും നടത്തിയയാൾ അറസ്റ്റിൽ. ഉഡുപ്പി ജില്ലയിലെ കാർക്കളയ്ക്ക് സമീപമുള്ള കെർവാസെ ഗ്രാമവാസിയായ 48കാരനാണ് അറസ്റ്റിലായത്.
ഇയാളെ കാർക്കള ടൗൺ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു."നമ്മ കർള' എന്ന ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ചിത്രത്തോടൊപ്പം പങ്കുവെച്ച കമന്റാണ് കേസിന് ആധാരം.
ജൂൺ ഏഴിന് നിട്ടെ ഗ്രാമവാസിയായ ഒരാൾ ഈ പോസ്റ്റ് ശ്രദ്ധിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്.
International
റിയാദ്: ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി ഇന്ന് നാട്ടിലെത്തും. സൗദി സമയം രാത്രി 11.55ന് റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ 7.35ന് കരിപ്പൂർ വിമാനത്താവളത്തിറങ്ങും. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ സൗദി എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു. അബ്ദുൽ റഹീമിന്റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷയായിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല് (34 കോടിയിലേറെ ഇന്ത്യന് രൂപ) ദിയാധനം (മോചനദ്രവ്യം) നല്കിയതിന്റെ പശ്ചാത്തലത്തില് കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്.
Sports
സോനിപത്: ഇന്ത്യയുടെ ദേശീയ അമ്പെയ്ത്ത് ടീം കോച്ച് കുല്ദീപ് വേദ്വാന് അഞ്ച് വര്ഷം ജയില് ശിക്ഷ.
സോനിപതിലെ സായ് സെന്ററില് പ്രായപൂര്ത്തിയാകാത്ത താരത്തെ ലൈംഗികമായി ചൂഷ്ണം ചെയ്ത പോസ്കോ കുറ്റത്തിന് അഞ്ച് വര്ഷം ജയില്ശിക്ഷയാണ് അതിവേഗ പ്രത്യേക കോടതി വിധിച്ചത്. 15,000 രൂപ പിഴയും അടയ്ക്കണം.
Kerala
തിരുവനന്തപുരം: രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.
വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിനെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
National
മുംബൈ: ദേശീയ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥന്റെ ദേഹത്ത് ചെളിവാരിയെറിഞ്ഞ കേസിൽ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവുശിക്ഷ. നിയമസഭാംഗങ്ങൾ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സിന്ധുദുർഗിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019ൽ ദേശീയ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞെന്നാണ് കേസ്. മുംബൈ-ഗോവ ഹൈവേയുടെ മോശം സ്ഥിതിയിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെയായിരുന്നു സംഭവം. എൻഎച്ച്എഐ എൻജിനീയർ പ്രകാശ് ഷെഡേക്കറിന്റെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു.
മന്ത്രിയുടെ നടപടിയെ അധികാര ദുർവിനിയോഗമെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം പ്രവണത നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. കലാപമുണ്ടാക്കൽ, പൊതുപ്രവർത്തകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തി 30 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇത്തരം സംഭവങ്ങൾ തുടർന്നാൽ സർക്കാർ ജീവനക്കാർക്ക് അവരുടെ കടമകൾ അന്തസോടെ നിർവഹിക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സംഭവം നടക്കുമ്പോൾ നിതേഷ് റാണ കോൺഗ്രസ് എംഎൽഎയായിരുന്നു.
Kerala
തിരുവനന്തപുരം: അഴിമതി കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് കെഎസ്ഇബി സബ് എൻജിനീയർ ഓഫീസിലെ ക്യാഷർ ആയിരുന്ന സക്കീർ ഹുസൈനെയാണ് ജയിലിലടച്ചത്.
2004 ൽ ഉപഭോക്താക്കളിൽനിന്നും ഇലക്ട്രിക്ക് ചാർജ് ഇനത്തിൽ പിരിച്ചെടുത്ത 1,37,277 രൂപ ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയതിന് സക്കീറിനെതിരെ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു.
തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ സക്കീർ ഹുസൈനെ കുറ്റക്കാരാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി രണ്ട് വർഷം കഠിന തടവിനും 2,000 രൂപ പിഴ ഒടുക്കുന്നതിനും 2013ൽ ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് സക്കീർ ഹുസൈൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും നിരസിച്ചു.
ഇതോടെ പ്രതി സുപ്രീം കോടതിയിയെ സമീപിക്കുകയും സുപ്രീം കോടതി സക്കീർ ഹുസൈന്റെ പെറ്റീഷൻ നിരസിക്കുകയും ശിക്ഷ അനുഭവിക്കുന്നതിനായി വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ ഹാജരാകാതെ സക്കീർ ഹുസൈൻ ഒളിവിൽ പോവുകയായിരുന്നു.
ഇയാൾക്കായി വിജിലൻസും പോലീസും അന്വേഷണം നടത്തി വരുന്നതിനിടെയിലാണ് സക്കീർ ഹുസൈനെ ഇന്ന് രാവിലെ വിജിലൻസ് സംഘം തിരുവനന്തപുരം ചാരുംമൂട് നിന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സക്കീർ ഹുസൈനെ കോടതി നടപടികൾ പൂർത്തീകരിച്ചശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.
National
അഹമ്മദാബാദ്: ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താൻശ്രമിച്ച കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ പൗരന്മാർക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ ഭുജിലെ പ്രത്യേക കോടതിയാണ് ആറ് പാക് പൗരന്മാർക്ക് ശിക്ഷ വിധിച്ചത്.
മുഹമ്മദ് ഇമ്രാൻ മുഹമ്മദ് താരിഖ് വാഗർ (31), ഡാനിഷ് മുഹമ്മദ് ഹുസൈൻ കാച്ചി വാഗർ (24), സാഗർ മുഹമ്മദ് കാച്ചി വാഗർ (23), ഇസ്മായിൽ ഇബ്രാഹിം ബദാല (75), മുഹമ്മദ് സാജിദ് മുഹമ്മദ് ഹുസൈൻ യകുബ്ലാല കുംഗ്ര (24), അഷ്ഫാഖ് (24) എന്നിവരാണ് പിടിയിലായത്.
ഏകദേശം 384.68 കോടി രൂപയുടെ ഹെറോയിൻ കടത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 2021 ഡിസംബർ 20 ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ പരിശോധനയിൽ സമുദ്രാതിർത്തിയിൽ നിന്നുമാണ് സംഘത്തെ പിടികൂടിയത്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഭാവേഷ് റോസിയ നൽകിയ പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജഖാവു തീരത്ത് നിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെ നിന്നുമാണ് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തിയത്.
ബോട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ 76.936 കിലോഗ്രാം ഹെറോയിൻ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചി നിവാസികളായ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ 8(സി), 22(സി), 25, 29 എന്നീ വകുപ്പുകൾ ഉൾപ്പെടെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Kerala
തളിപ്പറമ്പ്: തിമിരിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവും 2,60,000 രൂപ വീതം പിഴയും.
സിപിഎം ആലക്കോട് ഏരിയാ കമ്മിറ്റിയംഗവും തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ തിമിരിയിലെ എം.കെ. പ്രദീപ്കുമാർ (59), സിപിഎം മുൻ ഏരിയാ സെക്രട്ടറിയും ആലക്കോട് പഞ്ചായത്തംഗവുമായ പി.വി. ബാബുരാജ് (52), കാരയാട്ടെ ടി.വി.ബിനു എന്ന ഉടുമ്പു ബിനു (47), സിപിഎം തിമിരി ലോക്കൽ സെക്രട്ടറി കൂത്തമ്പലം പനയംതട്ടയിലെ പി.പി.സത്യൻ (50), മുൻ ലോക്കൽ കമ്മിറ്റിയംഗം അടുക്കത്തെ ഇ.വി.വിനോദ്കുമാർ (52), മുൻ ലോക്കൽ സെക്രട്ടറി എളയാട് പാലേരി വിജയൻ (56), എളയാട്ടെ കെ.പി. സുരേഷ് (56), ചെറുപാറയിലെ ടോബി (44), മുൻ ലോക്കൽ കമ്മിറ്റിയംഗം ജനാർദനൻ (63), കാരയാട്ടെ ശിവപ്രസാദ് (57) എന്നിവരെയാണ് തളിപ്പറന്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
വിവിധ വകുപ്പുകൾ പ്രകാരമാണ് കഠിനതടവുൾപ്പെടെ 25 വർഷം തടവും പിഴയും വിധിച്ചത്. കേസിലെ ടി.വി. ബിനു ഒഴികെ മറ്റു പ്രതികൾ വിവിധ വകുപ്പുകൾ പ്രകാരമുള്ള തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഇവർക്ക് പത്തു വർഷത്തെ തടവ് അനുഭവിച്ചാൽ മതിയാകും.
എന്നാൽ, ബിനു 25 വർഷവും ശിക്ഷയനുഭവിക്കണമെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. എഫ്ഐആറിൽ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ വി.സി. ബാബു, ആശാരി വിജയൻ എന്നിവരെ അന്വേഷണഘട്ടത്തിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളജിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചത്.
തലേദിവസം ഇവിടെ ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ആശുപത്രിയിൽനിന്നു വീട്ടിലേക്ക് കൊണ്ടുവരികയായിരുന്ന വാഹനത്തിനുനേരേ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
മുപ്പതോളം പ്രവർത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി. രാമചന്ദ്രൻ, എ.ടി. സന്തോഷ്, ചന്ദ്രൻ, ജോജി ഫിലിപ്പ്, ലാൽകൃഷ്ണൻ, എം.സി. നാരായണൻ, എം.കെ.മുരളി, ഷിജിൽ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ ഹാജരായി.
വിധികേൾക്കുന്നതിനായി സിപിഎം പ്രവർത്തകരും നാട്ടുകാരും, പ്രതികളുടെ കുടുംബാംഗങ്ങളും കോടതി പരിസരത്ത് ഉണ്ടായിരുന്നു. പ്രതികളെ പോലീസ് വാഹനത്തിൽ കയറ്റുന്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയാണ് ജയിലിലേക്കയച്ചത്.
National
മുംബൈ: മതപരിവർത്തന, ലൈംഗീകാതിക്രമ പരാതികളെ തുടർന്ന് അറസ്റ്റിലായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ശാഖയിലെ ജീവനക്കാരന് ജയിലിൽ മർദനം. ഷാഫി ഷെയ്ഖിനാണ് മർദനമേറ്റത്.
ഇയാളെ സഹതടവുകാർ മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റ വിവരം ഷാഫി ഷെയ്ഖ് കോടതിയിൽ അറിയിച്ചു. ഇയാളെ ഈ മാസം 18 വരെ കസ്റ്റഡിയിൽ വിട്ടു.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 10നാണ് വിധി പറയുക. രഞ്ജിത്തിന് വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് ഇടക്കാല ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. സ്വാഭാവിക ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഇടക്കാല ജാമ്യം തടഞ്ഞത്.
ഒരു പ്രതിയെ സംബന്ധിച്ച് വോട്ട് ചെയ്യുക എന്നത് മൗലികാവകാശമല്ല. ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാൻ അധികാരമില്ല. രഞ്ജിത്തിന് കോടതി നിർദേശ പ്രകാരം പോലീസ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യാപേക്ഷ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥൻ നിലവിൽ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ ആയതിനാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. തനിക്ക് എതിരെ എത്തിയത് വ്യാജ പരാതിയാണെന്നും അഭിനയത്തെ വിമർശിച്ചതിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
Kerala
പൊൻകുന്നം: കോട്ടയം പൊൻകുന്നം സ്പെഷൽ സബ് ജയിലിൽ തടവുകാരൻ ഡപ്യൂട്ടി പ്രിസൺ ഒാഫീസറുടെ കാൽ വിരൽ ചവിട്ടിയൊടിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. ബ്ലസൺ എന്ന വിചാരണത്തടവുകാരനും മറ്റൊരു തടവുകാരനും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് ബ്ലസൺ എന്ന തടവുകാരൻ ഡപ്യൂട്ടി പ്രിസൺ ഒാഫീസർ സുമേഷിന്റെ കാലിന്റെ തള്ളവിരൽ ചവിട്ടിയൊടിച്ചതെന്നു പരാതിയിൽ പറയുന്നു. സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമെതിരേ പ്രതികൾക്കെതിരേ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
National
പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തതെ തുടർന്ന് നിരവധി പേർ മരിച്ച കേസിൽ നൈറ്റ് ക്ലബ്ബ് ഉടമകളായ ഗൗരവ് ലൂത്രയ്ക്കും സൗരഭ് ലൂത്രയ്ക്കും ജാമ്യം.
മെഴ്സസിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ, വ്യാജരേഖ ചമച്ചുവെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാനാകില്ല.
25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്ന ലൂത്ര സഹോദരന്മാരെ തിരികയെത്തിച്ചിരുന്നു. നോർത്ത് ഗോവയിലെ കോൾവാലെ സെൻട്രൽ ജയിലിലാണ് ഇവരുള്ളത്. തീപിടുത്തവുമായി ബന്ധപ്പെട്ട്, അശ്രദ്ധ, മനുഷ്യജീവൻ അപകടത്തിലാക്കൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തീ പിടിത്തമുണ്ടായ കേസിലെ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അവരുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. വിചാരണയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നും പ്രതികളെ ഇനിയും ജയിലിൽ അടയ്ക്കരുതെന്നും അഭിഭാഷകൻ വാദിച്ചു.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും തുടങ്ങിയ കർശന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളുടെ മൊബൈൽ നമ്പറുകളും താമസ വിലാസവും സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, പാസ്പോർട്ടുകളും സമർപ്പിക്കണം. എന്നാൽ, നിശാക്ലബ് നടത്തുന്നതിന് ആവശ്യമായ രേഖകൾ വ്യാജമായി നിർമിച്ചെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.
National
അംബാല: ഹരിയാനയിലെ അംബാലയിൽ ക്രൈസ്തവദേവാലത്തിനുനേരെ ആക്രമണം നടത്തിയ കേസിലെ പ്രതികൾക്ക് രണ്ട് വർഷം തടവ്. അംബാല ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അംബാല കന്റോൺമെന്റിലെ താമസക്കാരായ സന്ദീപ് കുമാറിനെയും രവീന്ദർ സിംഗിനെയുമാണ് കോടതി ശിക്ഷിച്ചത്. മാർച്ച് ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 34-നൊപ്പം സെക്ഷൻ 153-എ, 452 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. 295, 427 എന്നീ വകുപ്പുകൾ പ്രകാരവും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
2021 ഡിസംബർ 26ന് പുലർച്ചെ അംബാല കന്റോൺമെന്റിലെ ഹോളി റെഡീമർ പള്ളിയുടെ പ്രവേശനകവാടത്തിലെ ക്രിസ്തുവിന്റെ തിരുസ്വരൂപമാണ് അക്രമികൾ നശിപ്പിച്ചത്.
International
കൊളംബോ: നാലു ലിറ്റർ പെട്രോൾ വീട്ടിൽ സൂക്ഷിച്ചയാൾക്ക് ശ്രീലങ്കൻ കോടതി മൂന്നാഴ്ചത്തെ ജയിൽശിക്ഷ വിധിച്ചു. പശ്ചിമേഷ്യാ യുദ്ധം മൂലം ശ്രീലങ്ക കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെയാണു സംഭവം.
കൊളംബോയിൽനിന്ന് 125 കിലോമീറ്റർ വടക്കുകിഴക്ക് നികവെരാതിയ എന്ന സ്ഥലത്ത് അറസ്റ്റിലായ നാല്പത്തെട്ടുകാരനാണു ശിക്ഷ ലഭിച്ചത്.
വീട്ടിലെ പുൽത്തകിടി വെട്ടിനിരപ്പാക്കാനുള്ള മെഷീനു വേണ്ടിയാണ് പെട്രോളെന്ന് ഇയാൾ പറഞ്ഞു. എന്നാൽ, വിലകൂട്ടി വിൽക്കാൻ പൂഴ്ത്തിവച്ച പെട്രോൾ കണ്ടെടുക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.
കോടതി പ്രതിക്ക് 1,500 ശ്രീലങ്കൻ രൂപ പിഴയും വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനത്തിന് റേഷനിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്.
National
ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിൽ അറസ്റ്റിലായ വാംഗ്ചുക്കിനെ മോചിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. തടങ്കൽ ഉടനടി പിൻവലിക്കും. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഡാക്കിലെ ക്രമസമാധാനം നിലനിർത്തുന്നതിനാണ് വാംഗ്ചുക്കിനെ അറസ്റ്റു ചെയ്തതെന്നാണ് സർക്കാർ മുൻപ് വിശദീകരിച്ചിരുന്നത്.
നേപ്പാളിലും ബംഗ്ലാദേശിലും നടന്നതിന് സമാനമായ പ്രതിഷേധങ്ങൾക്കായി വാംഗ്ചുക്ക് യുവാക്കളെ പ്രേരിപ്പിച്ചതായി കേന്ദ്രം ആരോപിച്ചിരുന്നു. തടവ് നിയമവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ.അംഗ്മോ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 26നാണ് വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തത്. ലഡാക്കിനു സംസ്ഥാന പദവിയും സ്വയംഭരണാവകാശവും ആവശ്യപ്പെട്ട് ലഡാക്ക് ഏപെക്സ് ബോഡി നടത്തിയ ഹർത്താൽ അക്രമാസക്തമായതിനെ തുടർന്ന് പോലീസ് വെടിവച്ചിരുന്നു.
വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിനമായിരുന്നു അറസ്റ്റ്. വാംഗ്ചുക്ക് നിലവിൽ രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ് തടവിൽ കഴിയുന്നത്.
Kerala
കോഴിക്കോട്: കനത്ത സുരക്ഷയ്ക്കിടയിലും കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി അടക്കമുള്ള പ്രതികള് ജയിലില്നിന്നു രക്ഷപ്പെട്ട സംഭവങ്ങളെത്തുടര്ന്ന് സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷാ സംവിധാനങ്ങള് നവീകരിക്കുന്നു.
ജയിലുകളില് വൈദ്യുത വേലി സ്ഥാപിക്കാനാണു തീരുമാനം. അതിനായി 4.79 കോടി രൂപയുടെ പദ്ധതിക്കു സര്ക്കാര് അനുമതി നല്കി. സുരക്ഷാ മതിലുകള്ക്ക് മുകളില് വൈദ്യുത വേലി സംവിധാനം ഒരുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്ദേശം. 2025 ജൂലൈയില് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജയില് സുരക്ഷാ സംവിധാനങ്ങള് വര്ധിപ്പിക്കുന്നത്.
ജയില് ഡിജിപി സമര്പ്പിച്ച 24.81 കോടി രൂപയുടെ സമഗ്ര സുരക്ഷാ പദ്ധതിയില്നിന്നാണു വൈദ്യുത വേലിക്കായി തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരിക്കും പദ്ധതിയുടെ നിർമാണ ചുമതല. കെട്ടിടങ്ങളുടെയും മതിലുകളുടെയും നിർമാണത്തില് സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന് സാങ്കേതിക അനുമതിക്ക് മുമ്പായി വിശദമായ പരിശോധനകള് നടത്തണമെന്നും സര്ക്കാര് നിര്ദേശിച്ചിട്ടുണ്ട്.
പദ്ധതിയിലെ ബാക്കി പ്രവൃത്തികള് 2026-27 വര്ഷത്തെ പ്ലാന് സ്കീമില് ഉള്പ്പെടുത്തി നടപ്പാക്കാന് ജയില് ഡിജിപിക്ക് സര്ക്കാര് നിര്ദേശം നല്കിയിട്ടുണ്ട്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്ന സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ ജയിൽ മോചിതനായി. അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് പോയത്.
രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ദ്വാരപാലക ശിൽപ കേസില് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ച പത്മകുമാർ വൈകുന്നേരത്തോടെയാണ് ജയിൽ മോചിതനായത്.
കട്ടളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ നവംബർ 20 നാണ് പത്മകുമാർ ആദ്യം അറസ്റ്റിലാകുന്നത്. ഈ കേസിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ രണ്ടിനാണ് ദ്വാരപാലക കേസിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വാഭാവിക ജാമ്യത്തിന്റെ ആനുകൂല്യം അതിലും പത്മകുമാറിന് കിട്ടി. ദേവസ്വം മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണകൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നായിരുന്നു എസ്ഐടി കണ്ടെത്തൽ.
Kerala
മൂവാറ്റുപുഴ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം വെള്ളൂർകുന്നം കാവുംകര മോളേക്കുടി ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അബിയെ (35) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ആണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, അതിക്രമിച്ച് കടക്കൽ, കഠിന ദേഹോപദ്രവം, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് അബി.
കഴിഞ്ഞ നവംബർ അവസാനം മൂവാറ്റുപുഴ കച്ചേരിത്താഴം ഭാഗത്തു വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ ബിനു വർഗീസ്, പോൾ മാത്യു, അസി. സബ്ബ് ഇൻസ്പെക്ടർ എം.കെ. ഗിരിജ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ കെ.എം. നിസാർ, എൻ.പി. സതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവ്. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. ജഡ്ജി രാജീവൻ വാച്ചലാണ് ശിക്ഷ വിധിച്ചത്.
1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. അതിജീവതയുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു.
ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയത്. പീഡനത്തിന് പിന്നാലെ പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ കുട്ടിയുടെ മാനസിക നില തകരാറിലായി. ഒന്നരമാസത്തോളം ജില്ലാ ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലുമായി.
കരുനാഗപ്പള്ളി പോലീസ് അന്വേഷിച്ച കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.
National
ഗ്രേറ്റർ നോയിഡ: ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വീടിന് മുന്നിൽവച്ച് വെടിവച്ചു കൊന്നു. നിഖിൽ(25) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതിയായ നിഖിൽ അടുത്തിടെയാണ് ജയിൽ മോചിതനായത്.
രണ്ടുപേർ നിഖിലിനെ ഓടിക്കുന്നതും നിഖിലിന് നേരെ തോക്ക് ചൂണ്ടുന്നതും സംഭവത്തിൽ ഇടപെട്ട ഒരു സ്ത്രീയെ ആക്രമികൾ ഭയപ്പെടുത്തി ഓടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
വെടിയേറ്റ നിഖിലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. ആക്രമികളായ മൂന്നുപേരുടെയും കുടുംബാംഗത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു നിഖിൽ.
നിഖിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേയ്ക്ക് അയച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
NRI
ബർമിംഗ്ഹാം: 12 വയസുകാരനെ കൊലപ്പെടുത്തുകയും വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 15 വയസുകാരന് 13 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി.
നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിധി കേൾക്കുമ്പോൾ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2025 ജനുവരി 21നായിരുന്നു 12 വയസുകാരൻ ലിയോ റോസിനെ പ്രതി കൊലപ്പെടുത്തിയത്. യാർഡ്ലി വുഡിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ലിയോയെ പ്രതി വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുത്തിവീഴ്ത്തിയതിന് ശേഷം പ്രതി അവിടെത്തന്നെ നിന്ന് ലിയോ ജീവനുവേണ്ടി പിടയുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നു ലിയോയുമായി പ്രതിക്ക് യാതൊരു മുന്പരിചയമില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, 82 വയസുള്ള വൃദ്ധയെ മുക്കിക്കൊല്ലാനും പ്രതി ശ്രമിച്ചിരുന്നു. മറ്റ് രണ്ട് വയോധികരെയും പ്രതി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാൾ കൊടും കുറ്റവാളിയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
National
ഫരീദാബാദ്: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി എന്നയാളുടെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ജമ്മുകാഷ്മീർ സ്വദേശിയായ അബ്ദുൽ റഹ്മാനെ കാഷ്മീരിലെ നീംക ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവച്ച് റഹ്മാനെ അരുൺ ചൗധരി ആക്രമിക്കുകയായിരുന്നു.
മൃതദേഹം നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കാഷ്മീരിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുൽ റഹ്മാനെ പോലീസ് പിടികൂടുന്നത്. ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പോലീസ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ സംയുക്തമായി രാജസ്ഥാനിലെ പാലിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നേതാവായ അബു സൗഫിയാനുമായി റഹ്മാന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിനു പുറത്തേക്ക്. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജയിലിന് പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡി സമൻസ് ഉടൻ നൽകും.
ഇന്ന് വൈകിട്ട് ആറരയോടെ തിരുവനന്തപുരത്തെ സ്പെഷൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്തുണ്ടായിരുന്നു. സഹോദരിയും ഭാര്യയുമടക്കമുള്ളവരാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോകാനായി എത്തിയത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പാളി കേസിൽ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.
Kerala
കൊച്ചി: കൊച്ചി സിറ്റി പരിധിയില് വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിനു സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ജയിലില് അടച്ചു.
ഫോര്ട്ട് കൊച്ചി ഈരവേലി ഹസന് കോളനിയില് പൊള്ളാച്ചി അപ്പു എന്നു വിളിക്കുന്ന അല്ത്താഫിനെയാണ് (28) കാപ്പാ നിയമപ്രകാരം വിയ്യൂര് സെന്ട്രല് ജയിലില് കരുതല് തടങ്കലിലാക്കിയത്.
കൊടുംക്രിമിനലായ ഇയാള് വീണ്ടും കുറ്റകൃത്യങ്ങളില് ഏര്പ്പെടുമെന്നു കൊച്ചി സിറ്റി ഡിസിപിയുടെ (ലോ ആന്ഡ് ഓര്ഡര്) റിപ്പോര്ട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില് പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ ജയിൽ മോചിതനായി. എസ്ഐടി കുറ്റപത്രം നൽകാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച മുരാരി ബാബു ജയിലിൽ നിന്ന് പുറത്തിറങ്ങി. ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.
മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ അനുമതി നൽകിയത്. ഗൂഢാലോചനയിൽ അടക്കം മുരാരിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Kerala
ജയ്പുർ: രാജസ്ഥാനിൽ കാമുകിയുടെ ഭർത്താവിനെയും മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയ യുവാവും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടയാളെ കൊലപ്പെടുത്തിയ യുവതിയും വിവാഹിതരാകുന്നു.
കൊടും കുറ്റവാളികളായ പ്രിയ സേത്ത്-ഹനുമാൻ പ്രസാദ് എന്നിവരാണ് വധു വരൻന്മാർ. വിവാഹത്തിനായി ഹൈക്കോടതിയിൽ നിന്ന് ഇരുവർക്കും 15 ദിവസത്തെ പരോൾ അനുവദിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സങ്കനേർ ജയിലിൽ കഴിയുന്ന പ്രിയ, ആറ് മാസം മുന്പാണ് അതെ ജയിലിൽ വച്ച് ഹനുമാനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും.
പോലീസിനെ ഭയന്ന് കൊല നടത്തിയ പ്രിയ സേത്ത്
ഡേറ്റിംഗ് ആപ്ലിക്കേഷനിലുടെയാണ് പ്രിയ, ദുഷ്യന്ത് ശർമയെ പരിചയപ്പെടുന്നത്. പരിചയപ്പെടാനെന്ന വ്യാജേന ബജാജ് നഗറിലെ ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ദുഷ്യന്തിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രിയയുടെ ലക്ഷ്യം. കാമുകന്റെയും മറ്റൊരാളുടെയും സഹായം പ്രിയക്ക് ലഭിച്ചിരുന്നു.
ഫ്ലാറ്റിലെത്തിയ ദുഷ്യന്തിനെ ഇവർ തടവിലാക്കി. തുടർന്ന് ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അദ്ദേഹം മൂന്ന് ലക്ഷം രൂപയാണ് കൈമാറിയത്.
തുടർന്ന് ദുഷ്യന്ത് പുറത്തിറങ്ങിയാൽ തങ്ങളെ പോലീസ് പിടികൂടുമെന്ന് ഭയപ്പെട്ട മൂവരും ചേർന്ന് ഇയാളെ കൊന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് നിരവധി തവണ കുത്തികയും ഒരു സ്യൂട്ട്കേസിനുള്ളിൽ വച്ച് ആമേർ എന്ന കുന്നിൻ മുകളിൽ ഉപേക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ പോലീസ് മൃതദേഹം കണ്ടെത്തി പ്രിയയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്തു.
കാമുകിക്ക് വേണ്ടി അഞ്ച് കൊല ചെയ്ത ഹനുമാൻ പ്രസാദ്
2017 ഒക്ടോബർ രണ്ടിനായിരുന്നു ഹനുമാൻ പ്രസാദ്, കാമുകിയുടെ ഭർത്താവിനെയും മൂന്ന് മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്. ഭർത്താവിനെ കൊല്ലാൻ യുവതി ഹനുമാനെ വിളിച്ചുവരുത്തുകയായിരുന്നു.
മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ ഭർത്താവിനെ ഹനുമാൻ കൊലപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാൻ കൊലപാതകം കണ്ടു നിന്ന മക്കളെയും ബന്ധുവിനെയും കൂടി കൊന്നു. ഏറെ ഞെട്ടലുണ്ടാക്കിയ സംഭവവമായിരുന്നു ഇത്.
Samskarikam
ശാന്തിയെകെടുത്തിടാൻ മനുഷ്യർ
ധനകോടി മതത്തിനായി മരിക്കുന്നു
നമ്മിൽ തളിരണിഞ്ഞു തഴച്ചുവളരുന്നു
വിരൽത്തുമ്പിലാടി നിറംമാറി കത്തി
സുഖിച്ചുവാഴാൻ ജയിലിൽ പോയിടാം.
ചുണ്ടുപിളർത്തി മധുരം തന്നവൻ
പ്രാണൻ വെടിഞ്ഞു കൊലകത്തിയാൽ
കദനധൂമത്തിനടിമയായവൾ പിടയുന്നു
കുടിലിലെ നെടുതാം നിശ്വാസത്താൽ
സുഖിച്ചുവാഴാൻ മധുര സുന്ദര ജയിൽ മതി.
നിറവേദനകൾ തൂക്കി വിറ്റാലെന്തുകിട്ടും?
കത്തിയാൽ കുത്തിയെടുത്ത രക്തമോ?
മന്മഥരാത്രികൾ മാൻപേടയാക്കാം
മദം പൊട്ടി മനം കവരും മടിശീല വീർക്കും
സുഖിച്ചുവാഴാൻ പൊന്നിൻ വേതന ജയിൽ മതി.
ചരിത്രംതിരഞ്ഞു ജയിലിൻച്ചുമരിൽ
ഭൂപടമെഴുതി കൊലച്ചിരി ചിന്തകൾ
മണമെഴും മന്ദഹാസത്തുടിപ്പിൽ
വേടൻ മധു നുകർന്നു കാരാഗ്രത്തിൽ
സുഖിച്ചുവാഴാൻ മഹനീയാം ജയിൽ മതി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്ഷമാണ് തടവുശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷം പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാഹുലിനെ പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കിയത്.
ലൈംഗിക പീഡനക്കേസിൽ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്പാകെ സമർപ്പിച്ചിട്ടുള്ള ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും.
ഇതിനിടെ രാഹുലിന്റെ പക്കൽ നിന്ന് എസ്ഐടി പിടികൂടിയ മൊബൈൽ ഫോണുകളുടെ പാസ് വേഡ് ലഭിക്കാത്ത സാഹര്യത്തിൽ ഇതിലെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
International
ന്യൂയോർക്ക്: ലോകത്തെ ഞെട്ടിച്ച പല പ്രമുഖ കുറ്റവാളികളെയും പാർപ്പിച്ചിട്ടുള്ള ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്റർ വീണ്ടുമൊരിക്കൽക്കൂടി ലോകശ്രദ്ധയാകർഷിക്കുന്നു.
വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ വസതിയിൽനിന്നു കമാൻഡോ ഓപ്പറേഷനിലൂടെ യുഎസ് സൈന്യം പിടികൂടിയ നിക്കോളാസ് മഡുറോയെ ബ്രൂക്ലിനിലെ തടവറയിലാണു പാർപ്പിച്ചിരിക്കുന്നത്. ഭാര്യ സീലിയ ഫ്ളോറസിനെയാകട്ടെ മറ്റൊരു ജയിലിലാണു പാർപ്പിച്ചത്. വിചാരണനടപടികൾ പൂർത്തിയാകുന്നതുവരെ മഡുറോയെ ഇവിടെ പാർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
ലോകത്തെ ഞെട്ടിച്ച പല പ്രമുഖ കുറ്റവാളികളെയും പാർപ്പിച്ചിട്ടുള്ള ചരിത്രമാണ് ബ്രൂക്ലിനിലെ ഈ തടവറയ്ക്കുള്ളത്. കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ എൽ ചാപ്പോ ഗുസ്മാൻ, ജിസ്ലെയ്ൻ മാക്സ്വെൽ, സാം ബാങ്ക്മാൻ-ഫ്രൈഡ് തുടങ്ങിയവർ വിചാരണവേളയിൽ കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നു. മെക്സിക്കൻ ജയിലുകളിൽനിന്നു മുന്പ് രക്ഷപ്പെട്ടിട്ടുള്ള എൽ ചാപ്പോയെപ്പോലെയുള്ള അതീവ അപകടകാരികളെ പാർപ്പിക്കാൻ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ ന്യൂയോർക്കിലെ കോടതിയിലായതാണ് മഡുറോയെ ബ്രൂക്ലിനിലേക്ക് എത്തിച്ചതിനു പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.
എങ്കിലും, മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെ ഇത്രയധികം ജനവാസമുള്ള ഒരു നഗരത്തിലെ ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷാപരമായ നിരവധി വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. മുന്പ് കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ തടവിൽ കഴിയവെ മരിച്ചതിനെത്തുടർന്ന് മാൻഹാട്ടനിലെ ഫെഡറൽ ജയിൽ അടച്ചുപൂട്ടിയതോടെ ബ്രൂക്ലിനിലെ ഈ കേന്ദ്രമാണ് ഇപ്പോൾ അധികൃതരുടെ ഏക ആശ്രയം.
എന്നാൽ ഇവിടുത്തെ മോശം സാഹചര്യങ്ങളെയും സുരക്ഷാപിഴവുകളെയും കുറിച്ച് പലപ്പോഴും പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മഡുറോയെപ്പോലൊരു ഉന്നതനായ രാഷ്ട്രീയനേതാവിനെ ഇവിടെ പാർപ്പിക്കുന്നത് സംബന്ധിച്ച് പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ട്.
കൈവിലങ്ങിട്ട് തടവറയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചുറ്റുമുള്ളവരോട് ‘ഹാപ്പി ന്യൂ ഇയർ’ ആശംസിച്ച മഡൂറോ, ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ പതറാതെ ചെറുചിരിയോടെ തംപ്സ് അപ് മുദ്ര കാണിക്കുന്ന ചിത്രം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
International
വാഷിംഗ്ടൺ: യുഎസ് ബന്ദികളാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയയെയും ബ്രൂക്ക്ലിനിലെ കുപ്രസിദ്ധമായ മെട്രോപ്പോലിറ്റൻ തടവറയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. യുഎസ് ലഹരി വിരുദ്ധ വിഭാഗം ആസ്ഥാനത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇരുവരെയും തടവറയിലാക്കിയത്.
ഇരുവരെയും തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. ലഹരിക്കടത്തിലൂടെയുള്ള തീവ്രവാദം, യുഎസിലേക്ക് ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളിൽ ഇവരെ വിചാരണ ചെയ്യും.
ഇതിനിടെ, അതിനിടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി വെനസ്വേലൻ സുപ്രീം കോടതി നിയമിച്ചു. രാജ്യത്തെ പ്രതിരോധിക്കുന്നതിനും ഭരണപരമായ തുടർച്ചയ്ക്കുമായി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാൻ ഡെൽസിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അതേസമയം, നിക്കോളാസ് മഡൂറോ തന്നെയാണ് പ്രസിഡന്റ് എന്ന് ഡെൽസി റോഡ്രിഗസ് ആവർത്തിച്ചു. ഒരു രാജ്യത്തിന്റെയും കോളനിയാകാൻ വെനസ്വേല ഇല്ലെന്നും ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചർച്ചകൾക്കില്ലെന്നും അവർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ഉത്തരവിനെതിരെ സിബിഐ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡല്ഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയില് ആവശ്യപ്പെട്ടിരുന്നു. ഡല്ഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐ വാദിച്ചത്. നിലവിൽ മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണ് സെൻഗാർ.
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ഹൈക്കോടതി മരവിപ്പിച്ചത്. ഡല്ഹിയില് തന്നെ തുടരണമെന്നും അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര് ചുറ്റളവില് പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി.
നേരത്തെ, നേത്രരോഗ ശസ്ത്രക്രിയ നടത്താന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കുല്ദീപ് സിംഗ് സെൻഗാറിനെ ജാമ്യത്തില് വിട്ടയക്കുകയും അപ്പീല് പരിഗണനയിലിരിക്കെ ശിക്ഷ താത്കാലികമായി നിര്ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കുട്ടികളെ പീഡിപ്പിക്കുന്ന പൊതുസേവകർക്കു പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സെൻഗാറിനു വിധിച്ചത്. ആക്രമണത്തിന് ഇരയായ സമയത്തു പതിനാറു വയസായിരുന്നു പെൺകുട്ടിയുടെ പ്രായം.
സിറ്റിംഗ് എംഎൽഎയായ സെൻഗാർ പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്നും അതിനാൽ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.
പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, സംഭവം നടന്ന 2017ലെ ചുരുങ്ങിയ ശിക്ഷ ഏഴു വർഷം തടവാണ്. സെൻഗാർ ഏഴു വർഷവും അഞ്ചു മാസവും ജയിലിൽ കിടന്നെന്നുകാട്ടിയാണ് ശിക്ഷ സസ്പെൻഡ് ചെയ്തു ജാമ്യം നൽകിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ അഴിമതിക്കു കൂട്ടു നിൽക്കുന്നത് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെന്ന് മുൻ ജയിൽ ഡിഐജി പി. അജയകുമാർ. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഷനിലായ ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്തത് ജയിൽ മേധാവിയാണെന്നും അദ്ദേഹം ആരോപിച്ചു.
ടി.പി കേസിലെ പ്രതികൾക്ക് ഉൾപ്പെടെ പരോൾ നൽകാൻ ജയിൽ മേധാവി നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ജയിൽ സൂപ്രണ്ടിന്റെയും പോലീസിന്റെയും റിപ്പോർട്ട് അവഗണിച്ചുകൊണ്ടാണ് ജയിൽ മേധാവി ടി.പി കേസിലെ പ്രതിയായ കൊടി സുനിക്ക് പരോൾ നൽകിയത്.
കൊടി സുനിക്ക് ഉൾപ്പെടെ ജയിലിൽ മൊബൈൽ ഫോണ് ഉപയോഗിക്കാനും മദ്യം, ലഹരി വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിക്കാനും ഒത്താശ ചെയ്തെന്നും അജയകുമാർ പറഞ്ഞു. ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലിയായി വാങ്ങുന്ന പണത്തിന്റെ പങ്ക് ജയിൽ മേധാവി കൈപ്പറ്റുന്നുവെന്നും അജയകുമാർ പറഞ്ഞു.
ജയിലുകളിൽ വിനോദ്കുമാർ ലഹരിക്കടത്ത് നടത്തിയിട്ടുണ്ട്. ഇതിനായി ജയിൽ ജീവനക്കാരെ ഏജന്റുമാരാക്കിയിട്ടുണ്ട്. വിനോദ് കുമാറിനെതിരേ താൻ ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകിയപ്പോൾ ജയിൽ മേധാവിയും സർക്കാരും വിനോദിനെ സംരക്ഷിക്കുകയായിരുന്നു.
മൂന്ന് വർഷക്കാലത്തിനിടെ ജയിൽ മേധാവി സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സന്ദർശനം നടത്താതെ എല്ലാം വിനോദ് കുമാറിനെ ഏൽപ്പിച്ച് അഴിമതിയുടെ പങ്ക് പറ്റുകയായിരുന്നു. വിനോദിന്റെ വഴിവിട്ട ഇടപാടുകൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് താൻ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ തന്നെ സർവീസിൽനിന്നു വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിരമിക്കൽ ആനുകൂല്യം നൽകാതെ ഉപദ്രവിക്കുകയാണ്.
ടി.പി കേസിലെ പ്രതികൾക്ക് ഉൾപ്പെടെയുള്ള തടവുകാരിൽനിന്നും കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപയാണ് വിനോദ് കുമാർ വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയത്. ജയിലിനകത്ത് ലഹരി ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും തടവുകാർക്ക് പണം വാങ്ങി നൽകാൻ വിനോദ് കുമാർ ജയിൽ ജീവനക്കാരെ ഏജന്റുമാരാക്കി നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ഫോണ് പരിശോധിച്ചാൽ ഇതിന്റെ തെളിവുകൾ ലഭിക്കും.
2023ൽ കൊടി സുനി വിയ്യൂർ അതീവ സുരക്ഷ ജയിലിൽ അക്രമം കാട്ടി. അയാൾക്ക് പരോൾ നൽകരുതെന്ന് ജയിൽ സൂപ്രണ്ടും പോലീസും റിപ്പോർട്ട് നൽകിയിരുന്നു. ജയിൽ മേധാവി നേരിട്ട് ഇടപെട്ട് കൊടി സുനിക്ക് പരോൾ നൽകിയെന്നും അജയകുമാർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജയകുമാർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ടി.പി വധക്കേസിലെ പ്രതികൾ ഉൾപ്പെടെ പന്ത്രണ്ടിൽപ്പരം തടവുകാർക്ക് പരോൾ ലഭിക്കാനും സുഖസൗകര്യങ്ങൾ ഏർപ്പെടുത്താനുമായി ഡിഐജി വിനോദ് കുമാർ ഗൂഗിൾ പേ അക്കൗണ്ട് മുഖേന 35 ലക്ഷത്തിൽപ്പരം രൂപ കൈക്കൂലിയായി വാങ്ങിയെന്നും ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലൂടെ 40 ലക്ഷത്തോളം രൂപ എത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
കൈക്കൂലി ഗൂഗിൾ പേ വഴിയും ഭാര്യയുടെ അക്കൗണ്ട് വഴിയും ഇയാൾ വാങ്ങിയിരുന്നു. കൊടി സുനി അടക്കം ടി.പി. കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വിജിലന്സ് രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
Kerala
കണ്ണൂര്: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി, സിപിഎം കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല.
പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി.കെ. നിഷാദ് തലശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു. പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്.
പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലാണ് വി.കെ. നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശേരി കോടിയേരിയിൽ സിപിഎം പ്രവർത്തനായ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് യു. പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.
കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.
Special News
ജയിലുകളിൽ പോകാൻ ആർക്കും ഇഷ്ടമല്ല. എങ്കിലും കുറ്റവാളികൾ ഉള്ള കാലത്തോളം ജയിലുകളുമുണ്ടാകും. കുപ്രസിദ്ധിയാണ് ജയിലുകളുടെ കൂടപ്പിറപ്പ്. ലോകത്തിലെ എട്ടു കുപ്രസിദ്ധ ജയിലുകളെ പരിചയപ്പെടാം.
1. ADX ഫ്ലോറൻസ് - യുഎസ്എ
ഏറ്റവും അപകടകാരികളായ കുറ്റവാളികൾക്കുള്ള അമേരിക്കയിലെ സൂപ്പർ മാക്സ് ജയിൽ. അതാണ് അഡ്മിനിസ്ട്രേറ്റീവ് മാക്സിമം ഫെസിലിറ്റി (എഡിഎക്സ്) ജയിൽ.
രാജ്യത്തെ മറ്റ് ജയിലുകളിലെ നിരവധി സുരക്ഷാലംഘനങ്ങൾക്കു മറുപടിയായി 1994ൽ തുറന്നതാണിത്. മനുഷ്യരുടെ ഇടപെടലിന്റെ അഭാവമാണ് കൊളറാഡോയിലുള്ള ഈ ജയിലിന്റെ കുപ്രസിദ്ധമായ ഒരു സവിശേഷത. തികഞ്ഞ ഏകാന്തവാസം. തടവുകാർ ഗാർഡുകളെയോ മറ്റ് തടവുകാരെയോ കാണില്ല. എന്തിന്, വെളിച്ചംപോലും തീരെക്കുറച്ച്. ഏകാന്തത ചിലരെയെങ്കിലും ഭ്രാന്തിലും ആത്മഹത്യയിലുമെത്തിക്കും. ഒരു മുൻ വാർഡൻതന്നെ "നരകത്തിന്റെ ശുദ്ധമായ പതിപ്പ്' എന്നാണ് ജയിലിനെ വിശേഷിപ്പിച്ചത്.
2. ദിയാർബക്കിർ ജയിൽ - തുർക്കി
മനുഷ്യാവകാശ ലംഘനങ്ങളിൽ മുൻപന്തിയിലാണ് തുർക്കിയിലെ ദിയാർബക്കിർ ജയിൽ. 1980-ലാണ് ഈ ജയിൽ തുറന്നത്. ആസൂത്രിതമായ പീഡനം, ഭക്ഷണമില്ലായ്മ, മർമസ്ഥാനങ്ങളിൽ ഷോക്കേൽപ്പിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയവ ജയിൽ തുടങ്ങിയപ്പോഴേയുണ്ട്.
കൗമാരക്കാരടക്കം നൂറുകണക്കിന് തടവുകാർ ഇവിടെ കൊല്ലപ്പെട്ടു. 1996ലെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിൽ 10 അന്തേവാസികൾ വെടിയേറ്റ് മരിച്ചു. നിരവധിപേർക്കു പരിക്കേറ്റു. അടച്ചുപൂട്ടണമെന്നു മുറവിളിയുണ്ടെങ്കിലും ജയിൽ ഇപ്പോഴും പഴയപടിതന്നെ. തെറ്റുതിരുത്താനുള്ള ഇടം എന്നൊക്കെ പറയുമെങ്കിലും തെറ്റുകളുടെ ഘോഷയാത്രയല്ലേ നമ്മുടെ ജയിലുകളിൽ?
3. ഗിറ്ററാമ സെൻട്രൽ ജയിൽ - റുവാണ്ട
ഭൂമിയിലെ നരകമാണിത്. റുവാണ്ടയിലെ ഗിറ്ററാമ സെൻട്രൽ ജയിൽ. 400 പേർക്ക് ഉദ്ദേശിച്ച ജയിലാണ്. എന്നാൽ 1990കളിലെ റുവാണ്ടൻ വംശഹത്യയെത്തുടർന്ന് ഏഴായിരത്തോളം പേരെയാണ് ഇങ്ങോട്ടു തള്ളിയത്. കിടക്കാൻ ഇടമില്ല. ഒരു ചതുരശ്രയടിയിൽ നാലുപേർ വീതം. അന്തേവാസികൾ പരസ്പരം കൊന്നു തിന്നുന്നതു പോലുള്ള പട്ടിണി. ഈ സാഹചര്യത്തിൽ ഏറ്റുമുട്ടലുകൾ സാധാരണമാകുന്നത് സ്വാഭാവികം. കൊലകളും അതിലേറെ സ്വാഭാവികമാണിവിടെ.
4. ക്യാമ്പ് 22 - ഉത്തര കൊറിയ
ഹേങ്യോങ് കോൺസെൻട്രേഷൻ ക്യാമ്പ് എന്നറിയപ്പെടുന്ന ക്വാൻ-ലി-സോ 22, രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ 1965ൽ നിർമിച്ചതാണ്. നാസി തടങ്കൽപ്പാളയങ്ങളെ ഓർമിപ്പിക്കുന്ന തടവറ. കുറ്റവാളികളുടെ കുടുംബങ്ങളും ഇവിടെ ആജീവനാന്ത തടവിലാണ്. കഠിനാധ്വാനത്തിനു പുറമേയാണ് പലതരം പീഡനങ്ങൾ. പട്ടിണിയും തടവുകാരെ അടിച്ചേൽപ്പിക്കുന്നു. ശിശുക്കൾ ഉൾപ്പെടെ മാരകമായ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും വിധേയരാകുന്നു. 90-കളിൽ ജയിലിൽ 50,000 തടവുകാരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കുടുംബത്തോടെ വധിക്കുന്നതാണ് ഇവിടുത്തെ രീതി.
ഭരണക്കാർ ആരായാലും ജയിലറകളുടെ സ്വഭാവം ഒന്നുതന്നെ. അല്ലേ?
5. സാല്വദോറിലെ മെഗാ ജയില്
എല് സാല്വദോറിന്റെ തലസ്ഥാനമായ സാന് സാല്വദോറില്നിന്ന് 74 കിലോമീറ്റര് അകലെ ടെകോലുകയിൽ പുതിയൊരു ജയിലുണ്ട്. അമേരിക്കന് ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും വലിപ്പമുള്ള ഈ ജയിലെന്നാണ് അവകാശവാദം. എട്ട് കൂറ്റന് കെട്ടിടങ്ങൾ.
ആകെ 256 സെല്ലുകളും. ഓരോ സെല്ലിലും നൂറിലേറെ തടവുകാരെ പാര്പ്പിക്കാനാവും. പക്ഷേ, ഒരു സെല്ലില് രണ്ട് സിങ്കുകളും രണ്ട് ടോയ്ലറ്റും മാത്രമാണുള്ളത്. കൊള്ളസംഘക്കാരെ മാത്രം പാര്പ്പിക്കാനുള്ളതാണ് ഈ ജയിൽ. അടിവസ്ത്രം മാത്രം ധരിച്ച് നഗ്നപാദരായി കാലും കൈയും ചങ്ങലകളിട്ടു പൂട്ടിയാണ് തടവുകാരെ ജയിലിലേക്കു മാറ്റുന്നത്. എല്ലാവരും ശരീരത്തില് പച്ചകുത്തിയിട്ടുണ്ട്. തലമൊട്ടയടിച്ചിരിക്കുന്നു. രണ്ടായിരം തടവുകാരെ സുരക്ഷാജീവനക്കാര് യാതൊരു ദയയുമില്ലാതെ അടിച്ചോടിക്കുകയും പിടിച്ചു വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കഥ മാറി. സെല്ലുകളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് തലയ്ക്കു പിന്നില് കൈകള് പിടിച്ചു നിലത്തിരുത്തിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ ബുകെലെ സര്ക്കാരിന്റെ അഭിമാനമെന്നു വിശേഷിപ്പിക്കപ്പെട്ട ജയിൽ കുപ്രസിദ്ധിയിലായി.
6. ലൂസിയാന സ്റ്റേറ്റ് പെനിറ്റൻഷ്യറി
അമേരിക്കയിലെ വലിയ ജയിൽ. മുമ്പ് അംഗോള ജയിൽ എന്നറിയപ്പെട്ടിരുന്നു. അയ്യായിരത്തിലധികം തടവുകാർ ഇവിടെ താമസിക്കുന്നു. ജയിലിലുള്ള വലിയ ഫാമിൽ തടവുകാരെ കഠിനമായി പണിയെടുപ്പിക്കും. മനുഷ്യാവകാശ ലംഘനങ്ങളും ദുരുപയോഗവും ഇവിടെനിന്നു റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാവൽക്കാരനെ കൊന്നുവെന്നാരോപിച്ചു തടവുകാരായ ദമ്പതിമാരെ 40 വർഷത്തോളം ഏകാന്ത തടവിൽ പാർപ്പിച്ച ചരിത്രവുമുണ്ട്.
7. ടാഡ്മോർ ജയിൽ - സിറിയ
ലോകത്തിലെ കുപ്രസിദ്ധമായ ജയിലുകളിലൊന്ന്. അടിച്ചമർത്തലിനു പേരു കേട്ടതാണ് ഈ സിറിയൻ ജയിൽ. തുടക്കം മുതൽ പീഡനങ്ങൾക്കൊരു കുറവുമില്ല. 1980 ജൂണിൽ ജയിലിൽ വലിയൊരു കൂട്ടക്കൊല നടന്നു. അന്നത്തെ പ്രസിഡന്റ് ഹഫീസ് അൽ-അസദിനെതിരായ വധശ്രമത്തിന്റെ പ്രതികാരം. ഈ ശുദ്ധീകരണത്തിൽ ആയിരത്തിലധികം പേർക്കു ജീവൻ നഷ്ടപ്പെട്ടു. അൽ-അസദിന്റെ മരണശേഷം ഇത് അടച്ചെങ്കിലും വീണ്ടും തുറന്നു. 2015 മേയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇതു തകർത്തു.
8. മറാകൈബോ ജയിൽ - വെനസ്വേല
അധോലോക സംഘങ്ങൾ ഭരിക്കുന്ന വെനസ്വേലയിലെ മറാകൈബോ ജയിൽ 1958-ലാണ് തുറന്നത്. 1994ൽ രാജ്യത്തെ ഏറ്റവും രക്തരൂഷിതമായ ജയിൽ കൂട്ടക്കൊല നടന്നതിവിടെയാണ്. എതിർസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഇവിടെ വംശീയ സംഘർഷങ്ങളും പതിവാണ്. അഴിമതിയുടെ കൂത്തരങ്ങായ സർക്കാർ സംവിധാനം കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.
Kerala
തിരുവനന്തപുരം: പണം വാങ്ങി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഉൾപ്പടെയുള്ളവർക്ക് ജയിലിൽ സൗകര്യം ഒരുക്കിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്. ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ വിനോദ്കുമാറിനെതിരേയാണ് വിജിലൻസ് കേസെടുത്തത്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. ഇതോടൊപ്പം തടവുകാർക്ക് പണം വാങ്ങി ഇയാൾ പരോൾ അനുവദിച്ചെന്നും കണ്ടെത്തി.
ഇതുസംബന്ധിച്ചു ലഭിച്ച പരാതിയെത്തുടർന്ന് വിജിലൻസ് രഹസ്യ പരിശോധന നടത്തിയിരുന്നു. പരാതിയിലെ പല കാര്യങ്ങളും ശരിയെന്നു ബോധ്യപ്പെട്ടതിനു പിന്നാലെയാണ് കേസെടുത്തത്. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.
രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തുകൊടുക്കുന്നതിന് വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നു പണം കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വൻ ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് അടക്കം ഇത്തരത്തിൽ പണം വാങ്ങി സൗകര്യം ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്നു പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വിയ്യൂർ ജയിലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ ഇടനിലക്കാരാനായാണ് വിനോദ് കുമാർ പണം വാങ്ങുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരം. വിനോദ്കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ വിജിലൻസ് സംഘം പരിശോധിച്ചു. ഒരു മാസത്തോളം നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ആറ് പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റും. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50000 രൂപ പിഴയും ആണ് വിധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റീസ് ഹണി എം. വർഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.
കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്ന് പരിഗണിച്ചില്ല. അതിന് പ്രത്യേക അപേക്ഷ നൽകണമെന്നാണ് കോടതി പറഞ്ഞത്.
Kerala
തിരുവനന്തപുരം: സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ആലപ്പുഴ സ്വദേശി ഹരിദാസ് (58) എന്നയാളാണ് മരിച്ചത്.
ജയിലിലെ നിർമാണ യൂണിറ്റിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.
ജയിൽ കോമ്പൗണ്ടിനകത്തുള്ള നിർമാണ യൂണിറ്റിൽ ഇന്ന് രാവിലെ 7.30-നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.
Kerala
ഇടുക്കി: ഒൻപത് വയസുകാരിയോട് ലൈംഗീകതിക്രമം നടത്തിയയാൾക്ക് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ഗിരീഷി(41)നെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി മഞ്ജു വി. ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.
2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ പ്രതിയുടെ വീട്ടിൽ എത്തിയ സമയത്താണ് അതിക്രമം ഉണ്ടായത്.
കേസിന്റെ വിചാരണയിൽ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരെ മൊഴി നൽകിയതും കേസിൽ നിർണായകമായി. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.
International
ലണ്ടൻ: സഹപ്രവർത്തകരായ പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് ശേഷം സ്കോട്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി നഴ്സിനെ തിരികയെത്തിച്ച് അറസ്റ്റ് ചെയ്തു.
ഹാമില്ട്ടണ് നിവാസിയായ നൈജില് പോളി(47)നെയാണ് പിടികൂടിയത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന് വംശജനാണ് നൈജില് പോള്. ഇയാളെ കോടതി ഏഴുവർഷവും ഒൻപതുമാസവും കഠിന തടവിന് ശിക്ഷിച്ചു. ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
കെയർ ഹോം മാനേജറായ നൈജില് അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ സ്കോട്ട്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു.
എന്നാൽ, ഇന്റര്പോള് നിർദേശ പ്രകാരം കൊച്ചിയിൽ വച്ച് അറസ്റ്റിലായ നൈജിലിനെ ഡൽഹി കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2025 ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്.
National
ന്യൂഡൽഹി: നിസഹകരണ പ്രസ്ഥാനത്തിനിടെ 1921ൽ കോണ്ഗ്രസ് നേതാക്കളെ ജയിലിലടച്ചപ്പോൾ ബിജെപിയുടെ പ്രത്യയശാസ്ത്ര മുൻഗാമികൾ ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ എതിർത്തതും ഇതേ കൂട്ടരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വന്ദേമാതരം സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമാക്കിയതു കോണ്ഗ്രസാണ്. കോണ്ഗ്രസ് സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരന്പര്യം ആരംഭിച്ചു. നിങ്ങൾക്കെന്തു പാരന്പര്യമുണ്ടെന്ന് ബിജെപിയോട് കോണ്ഗ്രസ് അധ്യക്ഷൻ ചോദിച്ചു. മൂന്നു തവണ വന്ദേമാതരം ചൊല്ലിക്കൊണ്ടാണ് ഖാർഗെ പ്രസംഗം ആരംഭിച്ചത്.
ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരവസരവും നഷ്ടപ്പെടുത്തുന്നില്ല. മുസ്ലിം പ്രീണനത്തെക്കുറിച്ചു സംസാരിച്ചു. പക്ഷേ മുസ്ലിം ലീഗുമായി ചേർന്ന് ഹിന്ദു മഹാസഭ ബംഗാളിൽ സർക്കാർ രൂപീകരിച്ചതാണു ചരിത്രം. 1940ൽ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് ശ്യാമപ്രസാദ് മുഖർജി ബംഗാളിൽ സർക്കാർ രൂപീകരിച്ചത്. നിങ്ങളുടെ ദേശസ്നേഹം എവിടെയായിരുന്നു?
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കൾ കൂട്ടായി എടുത്തതാണെന്നും നെഹ്റുവിനെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതു തെറ്റാണെന്നും കോണ്ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി പ്രവർത്തിക്കുന്ന പാർലമെന്റായിരിക്കും ഭാരതമാതാവിനുള്ള യഥാർഥ ആദരവെന്നും ഖാർഗെ പറഞ്ഞു.
Kerala
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളെ ജയിലിലേക്ക് മാറ്റും. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഇവർക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
അതേസമയം, കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറഞ്ഞത്. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.
Kerala
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു. തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും രാഹുൽ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. മൂന്നു ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
പുരുഷൻമാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമരമാണ് താൻ നടത്തുന്നതെന്ന് നിരാഹാരം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ദിവസങ്ങളായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
മുംബൈ: ഭീമ-കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച മലയാളിയും ഡൽഹി സർവകലാശാല മുൻ പ്രഫസറുമായ ഹാനി ബാബു ജയിൽ മോചിതനായി.
അഞ്ച് വർഷത്തിന് ശേഷമാണ് ഹാനി ബാബു ജയിൽ മോചിതനായത്. ബോംബെ ഹൈക്കോടതിയാണ് ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോതി ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയവെ ഹാനി ബാബു ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി വീണ്ടും കോടതിയെ സമീപിച്ചത്.
2020 ജൂലൈ 28നാണ് അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഹാനി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2019 സെപ്റ്റംബറിലും 2020 ഓഗസ്റ്റിലും നടന്ന റെയ്ഡുകളിൽ ഹാനിയുടെ പുസ്തകങ്ങൾ, രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.