Kerala
തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.
നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്ന കാര്യം ബജറ്റിൽ ഉൾപ്പെടുത്തിയതു സ്വാഗതാർഹമാണ്.
പരമാവധി സ്കൂളുകൾക്ക് എയ്ഡഡ് പദവി ലഭ്യമാക്കാൻ നിയമങ്ങളിൽ ഭേദഗതി വരുത്തണം. ഉപാധിരഹിത പട്ടയം സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകണം.
ബജറ്റിൽ പരാമർശിച്ച മിഷൻ സമുദ്ര പതിനായിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പടുമെന്നും അപു ജോണ്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സണും മുൻ എംപിയുമായ സോമപ്രസാദ്, കമ്മീഷൻ അംഗങ്ങളായ കെ.എൻ.കെ. നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവർ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ച് മുതിർന്ന തടവുകാരുമായി കൂടിക്കാഴ്ച നടത്തി.
വയോജനങ്ങളുടെ ക്ഷേമം, താത്പര്യം, അവകാശം എന്നിവ സംരക്ഷിക്കുന്നതിനും അവർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച കമ്മീഷൻ മുതിർന്ന തടവുകാരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
വിയ്യൂർ ജയിലിലെ തടവുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ ജയിലുകളിൽ കമ്മീഷൻ ആദ്യമായി നടത്തുന്ന സന്ദർശനമാണ് വിയ്യൂരിലേത്.
വാർദ്ധക്യസഹജമായ ശാരീരിക അവശതകൾ നേരിടുന്നവർക്ക് തുണയായി പരിചാരകരെ നൽകുന്ന കാര്യത്തിൽ ജയിൽ അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തടവുകാരുടെ മാനസികപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ആത്മധൈര്യം പകരാനും സ്ഥിരമായി ഒരു കൗൺസിലറുടെ സേവനം അത്യാവശ്യമാണെന്ന് കമ്മീഷൻ വിലയിരുത്തി. നിലവിൽ ജയിലിൽ കൗൺസിലർ ഇല്ലെന്നും, ഈ ഒഴിവ് നികത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജയിൽ ഡിഐജി എസ്. സജീവ് കമ്മീഷനെ അറിയിച്ചു.
പ്രായമായ രോഗികൾക്ക് ഡോക്ടറെ കാണുവാനും മരുന്ന് വാങ്ങുവാനുമായി കൂടുതൽ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് തടവുകാർ ആവശ്യപ്പെട്ടു. ആയുർവേദ ഡോക്ടറുടെ സേവനം കൂടുതൽ വിപുലപ്പെടുത്തുന്ന കാര്യവും കമ്മീഷന്റെ മുന്നിൽ ഉയർന്നുവന്നു.
ജില്ലാ ആശുപത്രിയിൽ ലഭ്യമാകുന്ന മരുന്നുകൾ നിലവിൽ കൃത്യമായി തടവുകാർക്ക് എത്തിച്ചുനൽകുന്നുണ്ടെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. പുറത്ത് നിന്ന് വാങ്ങേണ്ട മരുന്നുകൾ യാതൊരുവിധ കാലതാമസവുമില്ലാതെ ജയിലിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ, 60 വയസ് കഴിഞ്ഞ് 15-ഉം 20-ഉം വർഷമായി ജയിലിൽ കഴിയുന്ന തടവുകാരുടെ വിടുതലിനും സമയോചിതമായ പരോളിനും ആവശ്യമായ ഉചിത നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
സന്ദർശനത്തിൽ ജയിൽ ഡിഐജി. എസ്. സജീവ്, ജോയിന്റ് സൂപ്രണ്ട് അൻജുൻ അരവിന്ദ്, ഡെപ്യൂട്ടി സൂപ്രണ്ട് എം.എസ്. വിഷ്ണു, വെൽഫെയർ ഓഫീസർമാരായ സിജി സൈമൺ, ബേസിൽ ഏലിയാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ ആർറഷ്നി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി. കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.
District News
പാലക്കാട്: ഗവ. മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ അടിയന്തരമായി പരിഗണിച്ച് പ്രവർത്തനം പൂർണകാര്യക്ഷമമാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മെഡിക്കൽ കോളജിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും അധ്യാപകതസ്തികകളും പാലക്കാട് മെഡിക്കൽ കോളജിലും ഉറപ്പാക്കണം. ജീവനക്കാരുടെ സ്ഥിരംനിയമനം നടത്താൻ കാലതാമസമുണ്ടെങ്കിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിനു നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. അധ്യാപകരുടെ കുറവ്, ജീവനക്കാരുടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ എന്നിവ കണക്കാക്കണമെന്നും കിടത്തിച്ചികിത്സയിലെ പോരായ്മയും മരുന്നുകളുടെ ക്ഷാമവും പ്രത്യേകമായി പരിശോധിക്കണമെന്നും ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
രക്തബാങ്ക്, ട്രോമാ കെയർ, ഡയാലിസിസ് സൗകര്യം എന്നിവയുടെ അഭാവംമൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കണം. മെഡിക്കൽ കോളജിന്റെ പ്രവർത്തനം പൂർണതോതിൽ സജ്ജമാക്കുന്നതിനുള്ള നടപടികളുമുണ്ടാകണം. ഇതിനാവശ്യമായ പ്രവർത്തനങ്ങളെകുറിച്ച് ഡെപ്യൂട്ടി ഡയറക്ടറുടെ റാങ്കിൽ കുറയാത്ത സീനിയർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കണമെന്നും ഉത്തരവിലുണ്ട്.
സർക്കാരിന്റെ അടിയന്തര തീരുമാനങ്ങളുണ്ടാകേണ്ട കാര്യങ്ങൾ എത്രയുംവേഗം ശ്രദ്ധയിൽപെടുത്താൻ പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണം. പൊതുപ്രവർത്തകനായ മാങ്കാവ് എടയാർതെരുവിൽ റെയ്മണ്ട് ആന്റണി നൽകിയ പരാതിയിൽ തീർപ്പു കൽപ്പിച്ചാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. പരാതിയിൽ നേരത്തെ പാലക്കാട് മെഡിക്കൽ കോളജ് ഡയറക്ടറോടു കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾകൂടി പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ ഉത്തരവ്.
Kerala
കൊച്ചി: മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ദുരിതം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് ഹൈക്കോടതി.
മെഡിക്കല്‍ വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെയും അധികൃതരുടെയും മോശം സമീപനം സംബന്ധിച്ച പരാതി ഏറിവരുന്നതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള നിര്‍ദേശം.
പഠനകാലത്ത് തനിക്കു നേരിടേണ്ടിവന്ന പീഡനം ഈ കുട്ടികളും അനുഭവിക്കട്ടേയെന്ന അമ്മായിയമ്മ സിന്‍ഡ്രോം ആകാം മിടുക്കന്മാരായ കുട്ടികളുടെ ഭാവി ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കു കാരണമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
അച്ചടക്കകാര്യത്തില്‍ കണിശത കാട്ടുന്ന തന്നോട് കുട്ടികള്‍ക്കു ദേഷ്യമാണെന്നും താനല്ല നിതിന്റെ മരണത്തിനു കാരണമെന്നുമായിരുന്നു ഡോ. റാമിന്റെ വാദം. മാധ്യമ വിചാരണ കോടതിയുടെ നിലപാടിനെ ബാധിക്കരുതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
എന്നാല്‍, ഹര്‍ജിക്കാരനെതിരേ കുട്ടികളുടെയടക്കം മൊഴിയുണ്ടെന്നും മറ്റു തെളിവുകളുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
Leader Page
ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാർശകൾ കഴിഞ്ഞ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചിരിക്കേ, അവ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ആത്മാർഥമായ ആഗ്രഹവും ആർജവവും ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ, ന്യൂനപക്ഷ വകുപ്പുമന്ത്രിയായി ഒരു ക്രൈസ്തവനെ നിയോഗിക്കുമായിരുന്നല്ലോ.
പാലൊളി കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കുന്ന സമയത്തെ ലൈൻ അതായിരുന്നില്ലേ? 2013ൽ ആരംഭിച്ചതു മുതൽ ഇന്നുവരെ ഈ വകുപ്പ് എന്തുകൊണ്ടാണ് ഒരു കൂട്ടർ മാത്രം കൈകാര്യം ചെയ്യുന്നത്? എന്തുകൊണ്ടാണ് കേരളമെമ്പാടും ന്യൂനപക്ഷ കമ്മീഷനിലെ പ്രാതിനിധ്യത്തിൽ സാമുദായിക സന്തുലനം തീരെ ഇല്ലാത്തത്? എന്തുകൊണ്ടാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ 22 ജീവനക്കാരിൽ എല്ലാവരും മുസ്ലിംകൾ ആയിരിക്കുന്നത്? (വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ കണക്ക് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ കാണാം.) എന്തുകൊണ്ടാണ് അവിടെ സൂപ്പർവൈസറിൽ താഴെയുള്ള ജീവനക്കാരുടെ നിയമനത്തിനു കൃത്യമായ ചട്ടങ്ങൾ ഇല്ലാത്തത്?
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പോലെയുള്ള കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള പദ്ധതികൾ മുഖ്യമായും മുസ്ലിം കേന്ദ്രീകൃത ജില്ലകളിൽ നടപ്പാക്കുന്നത്? (ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടനുസരിച്ച്, മലപ്പുറം ജില്ലയിൽതന്നെ 25 സെന്ററുകളാണ് ഇതിനായിട്ടുള്ളത്! 43.48 ശതമാനം ക്രൈസ്തവരുള്ള കോട്ടയം ജില്ലയിൽ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത് മുസ്ലിംകൾ കൂടുതലുള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മാത്രമാണ്! ന്യൂനപക്ഷങ്ങളിൽ ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ള എറണാകുളം ജില്ലയിൽ മൂന്നു സെന്ററുകൾ മാത്രമേയുള്ളൂ! ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ മലയോര പ്രദേശങ്ങൾ പിന്നാക്കാവസ്ഥയിൽ ആണെങ്കിലും കാര്യമായ സെന്ററുകളില്ല!)
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സംസ്ഥാന സർക്കാർ വിവിധ ജില്ലകളിൽ രൂപംനൽകിയിട്ടുള്ള പ്രത്യേക സമിതികളിൽ സന്തുലിതാവസ്ഥ ഇല്ലാത്തത്? (മതന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യാനികൾ കൂടുതൽ താമസിക്കുന്ന പത്തനംതിട്ട ജില്ലയിൽ ഈ സമിതി രൂപീകരിച്ചിട്ടില്ല! എറണാകുളം ജില്ലയിൽ മതന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യാനികളാണ് കൂടുതലെങ്കിലും ക്രിസ്ത്യൻ സമുദായത്തിൽനിന്ന് ആരുംതന്നെ ഈ ജില്ലാതല സമിതിയിൽ ഇല്ല; അതേസമയം, ക്രിസ്ത്യാനികളുടെ അംഗസംഖ്യയിൽ പകുതിയിൽ താഴെ മാത്രം അംഗസംഖ്യയുള്ള മുസ്ലിം സമുദായത്തിൽനിന്ന് രണ്ട് അംഗങ്ങൾ ഉണ്ട്! ഇടുക്കിയിൽ മുസ്ലിംകളേക്കാൾ ആറിരട്ടി ക്രിസ്ത്യാനികളുണ്ടെങ്കിലും ജില്ലാ സമിതിയിൽ മൂന്നു മുസ്ലിംകൾ ഉള്ളപ്പോൾ ക്രിസ്ത്യാനികൾ ആരുംതന്നെ ഇല്ല! തിരുവനന്തപുരം ജില്ലയിൽ മുസ്ലിംകളേക്കാൾ കൂടുതൽ ക്രിസ്ത്യാനികൾ ഉണ്ടെങ്കിലും ജില്ലാ സമിതിയിലെ മൂന്ന് അംഗങ്ങളും മുംസ്ലിംകളാണ്!)
എന്തുകൊണ്ടാണ് ന്യൂനപക്ഷ പ്രമോട്ടേഴ്സിന്റെ കാര്യത്തിൽ സന്തുലിതാവസ്ഥ ഇല്ലാത്തത്? (തിരുവനന്തപുരം 55 പ്രമോട്ടർമാരിൽ 45 മുസ്ലിംകളാണ്; 10 പേർ മാത്രമേ ക്രൈസ്തവരുള്ളൂ! വയനാട്ടിൽ 28 പേരിൽ 22 മുസ്ലിംകളാണ്; ആറു പേർ മാത്രമേ ക്രിസ്ത്യാനികളായുള്ളൂ! എറണാകുളത്ത് 64 പ്രൊമോട്ടർമാരിൽ 47ഉം മുസ്ലിംകളാണ്; 17 പ്രൊമോട്ടർമാരേ ക്രിസ്ത്യാനികളായുള്ളൂ! കോട്ടയത്ത് 55 പേരിൽ 33 പേരും മുസ്ലിംകളാണ്; ക്രൈസ്തവരായ പ്രൊമോട്ടർമാർ 22 പേർ മാത്രം!)
District News
മലപ്പുറം: താഴെക്കാട് ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സംരക്ഷണം പൂർണമായി ഉറപ്പാക്കാൻ ബഡ്സ് സ്കൂൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
2022 ആഗസ്റ്റ് 12ന് ഭിന്നശേഷി കുട്ടികൾക്കായി ആരംഭിച്ച ബഡ്സ് സ്കൂൾ അടച്ചുപൂട്ടിയതിനെതിരേ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടികളുടെ ഹാജർനില കുറഞ്ഞ സാഹചര്യത്തിലാണ് 2022 നവംബറിൽ സ്കൂളിന്റെ പ്രവർത്തനം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.
വാടകക്കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളും സ്കൂൾ പൂട്ടാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. അസിസ്റ്റന്റ് എൻജിനിയറെ നിർവഹണ ഉദ്യോഗസ്ഥനായി തീരുമാനിച്ചിട്ടുണ്ട്. പുതിയ കെട്ടിടം നിർമിക്കുന്നത് വരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പകൽവീട്ടിൽ ബഡ്സ് സ്കൂൾ പ്രവർത്തനം താത്കാലികമായി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ആർട്ടിഫിഷൽ ഇന്റലിജൻസി (കൃത്രിമബുദ്ധി-എഐ) നായി വത്തിക്കാൻ ഇന്റർഡിക്കാസ്റ്ററിയൽ കമ്മീഷൻ രൂപീകരിച്ചു. ഇതുസംബന്ധിച്ച് സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ മൈക്കിൾ സെർണി സമർപ്പിച്ച രേഖയിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ചു.
ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന പ്രതിഭാസത്തിന്റെ സമീപകാല വികാസം, അതിന്റെ വ്യാപകമായ ഉപയോഗവും മാനവരാശിയിൽ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും, ഓരോ മനുഷ്യവ്യക്തിയുടെയും അന്തസിനോടുള്ള, പ്രത്യേകിച്ച് അവരുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടുള്ള സഭയുടെ ഉത്കണ്ഠ എന്നിവ കണക്കിലെടുത്ത് ഇന്റർഡിക്കാസ്റ്ററിയൽ കമ്മീഷൻ സ്ഥാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകിയതായി ഇതുസംബന്ധിച്ച രേഖയിൽ പറയുന്നു.
സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയമായിരിക്കും ആദ്യവർഷം എഐ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയം, വിശ്വാസസത്യങ്ങൾക്കായുള്ള കാര്യാലയം, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള കാര്യാലയം, വാർത്താവിനിമയത്തിനുള്ള കാര്യാലയം, പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ്, പൊന്തിഫിക്കൽ അക്കാദമി ഫോർ സയൻസ്, പൊന്തിഫിക്കൽ അക്കാദമി ഫോർ സോഷ്യൽ സയൻസസ് എന്നീ വത്തിക്കാൻ കാര്യാലയങ്ങളിലെ പ്രതിനിധികളാണ് പുതിയ കമ്മീഷനിൽ ഉൾപ്പെടുക.
Kerala
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപികമാരുടെ പീഡനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ നിയോഗിച്ച കമ്മീഷന് തെളിവെടുപ്പ് തുടങ്ങി.
ആറു പെൺകുട്ടികളടക്കം 12 പിജി വിദ്യാർഥികളിൽ നിന്നാണ് ആദ്യഘട്ടത്തിൽ കമ്മീഷന് നേരിട്ടെത്തി മൊഴിയെടുത്തത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി അധ്യാപകരായ ഡോ. എ. അനിതകുമാരി, ഡോ. സി.എ.സ്മിത എന്നിവർക്കെതിരേയാണ് രണ്ടാഴ്ചമുമ്പ് മനോരോഗവിഭാഗത്തിലെ പിജി വിദ്യാർഥികള്‍ മാനസിക പീഡനം ആരോപിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷന് വിശദമായ മൊഴികളാണ് വിദ്യാർഥികളടക്കമുള്ളവരിൽനിന്ന് രേഖപ്പെടുത്തിയത്.
ഒരു ദിവസത്തെ സന്ദർശനത്തിൽ പൂർത്തിയാവാത്ത മൊഴിയെടുപ്പ് തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈനിലൂടെ തുടരാണ് കമ്മീഷന് അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അടുത്ത ആഴ്ച തന്നെ കൈമാറും.
ആരോപണ വിധേയരായ അധ്യാപികമാരെ പരീക്ഷാ ചുമതലയിൽനിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് സപ്ലിമെന്ററി പരീക്ഷയെഴുതുന്ന രണ്ടുപേർ കൂടി പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു.
മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുന്നിൽ വെച്ച് പരസ്യമായി അപമാനിപ്പിക്കപ്പെടുകയും തിസീസ് ഒപ്പിട്ട് നൽകില്ലെന്നും പരീക്ഷയിൽ മാർക്ക് കുറക്കുമെന്നുമുള്ള ഭീഷണിക്കിരയാവുകയും ചെയ്തതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് വിദ്യാർഥികള്‍ കമ്മീഷന് മുന്നില്‍ പങ്കുവച്ചത്. സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് വിവരം.
District News
കൽപ്പറ്റ: മണ്ണ് ഖനനം ചെയ്യുക വഴി മാനന്തവാടി ഗവ. കോളജിന് സമീപമുള്ള വീടിന് ഭീഷണിയായ സ്ഥലത്ത് ഒരു മാസത്തിനുള്ളിൽ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
നിലവിൽ മണ്ണ് നീക്കം ചെയ്ത സ്ഥലത്ത് ബാക്കിയുള്ള മണ്ണ് കൂടി നീക്കം ചെയ്യാൻ തനിക്ക് അനുമതി നൽകുകയാണെങ്കിൽ എത്രയും വേഗം സംരക്ഷണഭിത്തി നിർമിക്കാമെന്ന് സ്ഥലം ഉടമ കമ്മീഷനെ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ സംരക്ഷണ ഭിത്തി നിർമിച്ച് പരാതിക്കാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മണ്ണ് നീക്കം ചെയ്യാനുള്ള ട്രാൻസ്പോർട്ട് പെർമിറ്റ് പുതുക്കി നൽകാൻ സ്ഥലം ഉടമ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ച അപേക്ഷയിൽ എത്രയും വേഗം നടപടി സ്വീകരിച്ച് പെർമിറ്റ് നിയമാനുസരണം പുതുക്കി നൽകാൻ കമ്മീഷൻ മാനന്തവാടി മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
ട്രാൻസ്പോർട്ട് പെർമിറ്റ് പുതുക്കി കിട്ടി ഒരു മാസത്തിനകം പരാതിക്കാരിക്ക് സംരക്ഷണഭിത്തി നിർമിക്കാൻ സ്ഥലം ഉടമ തയാറാകണമെന്നും ഉത്തരവിൽ നിർദേശിച്ചു.മാനന്തവാടി സ്വദേശിനി അംബികാ വർമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
പത്തനംതിട്ട: പാടം എസ്കെവി ലോവർ പ്രൈമറി സ്കൂളിന് മുന്നിൽ കുട്ടികൾക്കും നാട്ടുകാർക്കും ഭീഷണിയായി നിൽക്കുന്ന മരം അടിയന്തരമായി മുറിക്കണമെന്ന നാട്ടുകാരുടെ ആവശ്യം റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സാന്നിധ്യത്തിൽ ആർഡിഒ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അടൂർ ആർഡിഒ സ്ഥലപരിശോധന നടത്തണം. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും എസ്കെവി എൽപി സ്കൂൾ ഹെഡ് മാസ്റ്ററുടെയും സാന്നിധ്യം പരിശോധനാവേളയിൽ ഉറപ്പാക്കണം. മരം അപകടത്തിലാണോ എന്ന വിദഗ്ധാഭിപ്രായം വനം റേഞ്ച് ഓഫീസർ നൽകണം. ആർഎഫ്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർഡിഒ നിയമാനുസരണം നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം ആർഡിഒ കമ്മീഷനിൽ അറിയിക്കണം.
അടൂർ ആർഡിഒ, കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പ്രതിനിധികൾ ജൂൺ 23 ന് കമ്മീഷൻ തിരുവല്ല പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
Kerala
കോഴിക്കോട്: വ്യക്തവും വായിക്കാൻ കഴിയുന്നതുമായ മരുന്നിന്റെ കുറിപ്പടി നൽകുന്നതിനായി ഡോക്ടർമാർക്ക് മാർഗനിർദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്കു നിർദേശം നൽകി. മാർഗനിർദേശം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ വ്യക്തമല്ലാത്ത കുറിപ്പടി കാരണം മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
രക്തസമ്മര്‍ദത്തിനുള്ള CILNIDIPINE 10 mg എന്ന മരുന്നിനു പകരം GLIMEPRIRIDE എന്ന മരുന്നാണു നൽകിയത്. ഡോക്ടറുടെ കുറിപ്പിലെ അവ്യക്തതയാണ് മരുന്ന് മാറി നൽകാൻ കാരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു.
സംഭവത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപവത്കരിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Kerala
കൊച്ചി: എട്ടാമത് കെആർഎൽസിബിസി വനിതാ കമ്മീഷൻ വാർഷിക നേതൃസമ്മേളനം (സമന്വയ-2026) വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, അതിരൂപത ഡയറക്ടർ ഫാ. ഷൈജു, റാണി പ്രദീപ്, സിസ്റ്റർ നിരഞ്ജന, ഫാ തോമസ് തറയിൽ, ഫാ. ജിജു അറക്കത്തറ, ഷൈനി ബെന്നി, ജാക്വിലിൻ, പ്രസന്ന പുനലൂർ എന്നിവർ പ്രസംഗിച്ചു.
Kerala
ആലപ്പുഴ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ജി. സുധാകരൻ ആസ്തി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാറാണ് പരാതി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിപിഎമ്മും ജി. സുധാകരനും തമ്മിലുള്ള ആഭ്യന്തര പോരാട്ടം കൂടുതൽ രൂക്ഷമാകുകയാണ്.
തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലം സമർപ്പിക്കുന്നതിന് തൊട്ടുമുൻപായി സുധാകരൻ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന വലിയൊരു തുക കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സുധാകരന്റെ മകൾ, മരുമകൾ, മകൻ, ഭാര്യ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് ഈ പണം കൈമാറിയതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഈ ഇടപാടുകൾ തെളിയിക്കുന്ന ബാങ്ക് രേഖകൾ അടക്കമുള്ള വിവരങ്ങൾ പരാതിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.
അതേസമയം ജി. സുധാകരന്റെ ഭാഗത്തുനിന്നു മറ്റ് ഗൗരവകരമായ പരാതികൾ ഉയർന്നിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ ചില തീവ്രവാദ സംഘടനകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് സുധാകരന്റെ തെരഞ്ഞെടുപ്പ് ഏജന്റ് പോലീസിൽ പരാതി നൽകി. വിഷയത്തിൽ കേന്ദ്ര സഹായം അഭ്യർഥിച്ചുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.
District News
കൽപ്പറ്റ: യുവതിയോട് അന്പലവയൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ജുഡഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ബത്തേരിയിൽ മെയിൽ നടത്തുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ജേലിക്കുനിന്ന വീട്ടിൽ ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് 23 കാരി അന്പലവയൽ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. രാത്രിയായതിനാൽ യുവതിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തിയ യുവതിയോട് പോലീസുദ്യോഗസ്ഥൻ മോശമായി സംസാരിച്ചെന്നാണ് പരാതി.
Kerala
തിരുവനന്തപുരം: മിന്നൽ വേഗത്തിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമെന്ന കണക്കുകൂട്ടലോടെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നൊരുക്കങ്ങൾ. ഏപ്രിൽ ഒൻപതിന് കേരളത്തിൽ തെരഞ്ഞെടുപ്പു തീയതി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചപ്പോൾ, മൂന്നാഴ്ച കൊണ്ടു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇവിടെ പൂർത്തിയാക്കിയിരുന്നു.
2.25 ലക്ഷം ജീവനക്കാരെയാണ് ഇത്തവണ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിൽ 10 ശതമാനത്തോളം പേർ റിസർവ് ജീവനക്കാരാകും. രണ്ടു ലക്ഷത്തോളം ജീവനക്കാരാണ് തെരഞ്ഞെടുപ്പു ജോലികൾക്കായി സജീവമായി ഉണ്ടാകുകയെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു. കേൽക്കർ ദീപിക’യോടു പറഞ്ഞു.
എസ്ഐആർ സംസ്ഥാനത്ത് വലിയ ഒച്ചപ്പാടുകളില്ലാതെയാണ് പൂർത്തിയാക്കിയത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിലേക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കടന്നു. ജില്ലാ വരണാധികാരികളായ കളക്ടർമാർ അടക്കമുള്ളവരുടെ പരിശീലന പരിപാടികളും ഈ ഘട്ടത്തിൽ തന്നെ തുടങ്ങി. ഇവരുടെ അവസാനഘട്ട പരിശീലനം കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് പൂർത്തിയാക്കിയത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസമാണ് സാധാരണയായി കേന്ദ്ര നിരീക്ഷകർ അടക്കം സംസ്ഥാനത്തു സജീവമാകുന്നത്. എന്നാൽ, ഇക്കുറി ഇവരേയും നേരത്തെ സംസ്ഥാനത്ത് എത്തിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നടപടി സ്വീകരിച്ചു. ഐഎഎസുകാരായ ജനറൽ ഒബ്സർവർമാരും ഐപിഎസുകാരായ പോലീസ് നിരീക്ഷകരും ഐആർഎസുകാരായ ചെലവു നിരീക്ഷകരും സജീവമായി. പണക്കടത്ത് അടക്കം തടയുന്നതിനുള്ള വാഹന പരിശോധന അടക്കം അടുത്ത ദിവസങ്ങളിൽ തന്നെ ഇവരുടെ നേതൃത്വത്തിൽ തുടങ്ങും.
നേരത്തെ നാമനിർദേശ പത്രികാ സമർപ്പണ നടപടികൾ പൂർത്തിയാക്കുന്നതിനു പിന്നാലെയായിരുന്നു വാഹന പരിശോധന അടക്കം തെരഞ്ഞെടുപ്പു കമ്മീഷൻ തുടങ്ങിയിരുന്നത്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 5,062 പുതിയ പോളിംഗ് ബൂത്തുകളും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായി അധികമായി ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം 30,471 ആയി ഉയർന്നു. ഇതിൽ 370 മാതൃക പോളിംഗ് ബൂത്തുകളാണ്. ഇവിടെ വോട്ടർമാർക്ക് വിശ്രമവും ചായ അടക്കമുള്ള ക്രമീകരണങ്ങളും ഒരുക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.
കുട്ടികളുടെ മനഃശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താമരശേരിയിലെ എംജെ എച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരിച്ചതു സംബന്ധിച്ച മാധ്യമവാർത്തയെത്തുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂൾ കേവലം അക്കാദമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലേ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കൂ.
കുട്ടികളുടെ മനസ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർഥപൂർണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മീഷൻ നിരീക്ഷിച്ചു.
District News
മലപ്പുറം: കൊണ്ടോട്ടി കുഴിമണ്ണ വില്ലേജിൽ കടുങ്ങല്ലൂർ ചിറപ്പാലം മുണ്ടക്ക് മലയോരത്ത് കരിങ്കൽ ഖനനത്തിന് അനുമതി നൽകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
പ്രദേശത്ത് ഖനനം നടത്തുന്നത് സമീപവാസികളുടെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ ഖനന അപേക്ഷ നിരസിക്കാൻ ജില്ലാ ജിയോളജിസ്റ്റ് ശിപാർശ ചെയ്തതായും ഖനനത്തിന് അനുകൂല നടപടി സ്വീകരിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാതെ യാതൊരുവിധ അനുമതിയും നൽകാൻ പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടോട്ടി തഹസിൽദാർ ജില്ലാ കളക്ടർ,പെരിന്തൽമണ്ണ സബ് കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രദേശത്ത് കരിങ്കൽ ഖനനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
മുഹമ്മദ് ഫാസിൽ ഹഖ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 ലെ പ്രളയകാലത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത അതീവ പരിസ്ഥിതിലോലമായ പ്രദേശമാണിത്. പ്രദേശത്ത് എൽപി സ്കൂളും അങ്കണവാടിയും മദ്രസയുമുണ്ട്
International
വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ സഭകൾക്കായുള്ള കാനോനിക നിയമം പരിഷ്കരിക്കുന്നതിനായി മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുതിയ കമ്മീഷൻ സ്ഥാപിച്ചു.
ലത്തീൻ സഭയുടെ കാനോനിക നിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോടു സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവർത്തനങ്ങൾ.
കോട്ടയം അതിരൂപതാംഗവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻ നിയമവിഭാഗം ഡീനുമായ ഫാ. ഡോ. സണ്ണി തോമസ് കൊക്കരവാലയിൽ എസ്ജെ, സ്ലൊവാക്യയിലെ കോസിസ് അതിരൂപത ആർച്ച്ബിഷപ് സിറിൾ വാസിൽ എസ്ജെ എന്നിവരുൾപ്പെടെ പൗരസ്ത്യ, ലത്തീൻ വിഭാഗങ്ങളിൽനിന്നായി ഒന്‍പതു പേരാണ് കമ്മീഷനിലെ അംഗങ്ങൾ.
വിവിധ പൗരസ്ത്യ സഭാ നേതൃത്വങ്ങളുടെ അഭ്യർഥനയുടെയും സിനഡാത്മക പ്രവർത്തനങ്ങളുടെയും വെളിച്ചത്തിലാണ് പൗരസ്ത്യ കാനോനിക നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടു നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ കമ്മീഷന് സ്ഥാപിക്കപ്പെട്ടത്.
പൗരസ്ത്യ കാനോനിക നിയമങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് 2024ൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഒന്നാം പഠനഗ്രൂപ്പുമായി സഹകരിച്ച് പൗരസ്ത്യ കത്തോലിക്കാ സഭകളും ലത്തീൻ സഭയും തമ്മിലുള്ള ബന്ധത്തിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കമ്മീഷൻ വേണമെന്ന ബോധ്യത്തിലാണ് ഈ കമ്മീഷൻ സ്ഥാപിക്കപ്പെട്ടതെന്ന് ബിഷപ്പുമാർക്കായുള്ള സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെഹ് അറിയിച്ചു.
സിനഡാത്മക പ്രവർത്തനങ്ങളുടെ ശൈലിയിൽ തങ്ങളുടേതായ നിർദേശങ്ങളും അഭിപ്രായങ്ങളും ഏപ്രിൽ 15ന് മുന്‍പായി സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിനു നൽകാൻ വ്യക്തിഗത സഭകളോടും മെത്രാൻ സമിതികളോടും കർദിനാൾ ഗ്രെഹ് അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 59 കാരി ഉഷയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. വർഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവിൽ ഒരു യൂറോളജി ഡോക്ടറാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
റിപ്പോർട്ട് 2023 മേയ് 17ന് മുഖ്യമന്ത്രിക്കു സമർപ്പിച്ചതാണ്. 33 മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകാത്തത് ക്രിസ്ത്യൻ ന്യൂനപക്ഷത്തോടുള്ള വിവേചനമാണ്. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിയെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും അവ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. ഈ വിഷയങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സഭ-സമുദായ നേതാക്കളുടെ സമ്മേളനം വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല.
കാര്യങ്ങളിൽ വ്യക്തത വരുത്തി ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വേർതിരിവ് അവസാനിപ്പിക്കണം. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് സഭാനേതൃത്വങ്ങളുമായി ചർച്ചചെയ്ത് എത്രയുംവേഗം നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, അംഗങ്ങളായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സഭാ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പ്രസംഗിച്ചു.
District News
മാവേലിക്കര: ജസറ്റീസ് ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ. കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെപ്പറ്റി പഠിക്കാനും ന്യൂനതകള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അത് നടപ്പാക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനെ 2020 നവംബര്‍ അഞ്ചിനാണ് സര്‍ക്കാര്‍ നിയമിച്ചത്.
മൂന്നു വര്‍ഷം വിവിധ ക്രൈസ്തവ സംഘടനകളുമായും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ചകള്‍ നടത്തി ഈ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമായ റിപ്പോര്‍ട്ട് 2023 മേയ് 14ന് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റീസ് ജെ. ബി. കോശി സമര്‍പ്പിച്ചു.
എന്നാല്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. റിപ്പോര്‍ട്ടിലെ ശിപാര്ശകളെപ്പറ്റിയുള്ള തെറ്റിദ്ധാരണാജനകമായ പല വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ പ്രസ്തുത റിപ്പോര്‍ട്ടിലെ 220 ശിപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കിയതായി അവകാശപ്പെട്ടു.
ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍ ബാക്കി നടപ്പാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.
എന്നാല്‍ റിപ്പോര്‍ട്ടിലെ ഏതെങ്കിലും ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ ഒരു വിവരവും ക്രിസ്ത്യന്‍ സമൂഹത്തിന് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതൊക്കെ ശിപാര്‍ശകള്‍ എപ്പോള്‍, എവിടെ, എങ്ങനെ നടപ്പാക്കിയെന്നറിയാനുള്ള അവകാശം ക്രൈസ്തവ സമൂഹത്തിനുണ്ട്.
ജാതിമതഭേദമെന്യേ വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തങ്ങളിലൂടെയും സമൂഹത്തിന് ഏറ്റവും മികച്ച സേവനം നല്കാന് ക്രൈസ്തവ സഭ നിരന്തരമായി പരിശ്രമം നടത്തിയതിന്റെ പരിണതഫലമാണ് സംസ്ഥാനം വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പുരോഗതി നേടിയത്. ഈ വസ്തുതകള്‍ ഭരണാധികാരികള്‍ മറക്കരുതെന്ന് സഭ ഓർമിപ്പിച്ചു. അധ്യാപക നിയമനം, ഭിന്നശേഷി സംവരണം തുടങ്ങിയ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിലും സഭ തീര്‍ത്തും ആശങ്കയിലാണ്.
യോഗത്തിൽ ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസന ചാന്‍സിലര്‍ ഫാ. ഗീവർഗീസ് വൈദ്യന് സ്വാഗതം ആശംസിച്ചു. വികാരിജനറാൾ ജോബ് കല്ലുവിളയില്‍ പ്രസംഗിച്ചു.
ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക എന്ന പ്രമേയം മലങ്കര കാത്തലിക് അസോസിയേഷന് മുന്‍ സഭാതല പ്രസിഡന്റ് അഡ്വ. തോമസ്. എം. മാത്തുണ്ണി അവതരിപ്പിച്ചു. വൈദികര്‍, സിസ്റ്റേഴ്സ്, പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
ചങ്ങനാശേരി: സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026ന് ചങ്ങനാശേരി അതിരൂപതയില്‍ പ്രൗഢോജ്വല തുടക്കും. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നസ്രാണി പാരമ്പര്യത്തനിമയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമുദായ വര്‍ഷാചരണത്തിന് ദീപം തെളിച്ചു. സമുദായബോധം അഭിമാനബോധമാണെന്നും സമുദായ ശക്തീകരണം മറ്റാര്‍ക്കും എതിരല്ലെന്നും മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന് റിപ്പോര്‍ട്ടിലെ ഇരുനൂറോളം ശിപാര്‍ശകള്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നതില് സന്തോഷമുണ്ട്. എന്നാല്‍ പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ ശിപാര്‍ശകള്‍ എല്ലാവര്ക്കും മനസിലാക്കത്തക്കവിധം ഇന്റർനെറ്റിലടക്കം പരസ്യമാക്കിയിരുന്നു. ഇതുപോലെ ജസ്റ്റീസ് കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും പുറത്തുവിടണമെന്ന് മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു.
സമുദായം തുടങ്ങിയ സ്കൂളുകളും കോളജുകളും ആശുപത്രികളും നമുക്കുവേണ്ടിമാത്രമായിരുന്നില്ല. നമുക്ക് എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിച്ചത് ഏതാണ്ട് ആനുകൂല്യം പോലെയാണെന്നും അര്‍ഹമല്ലാത്തത് ചോദിച്ചു വാങ്ങിയെന്നുമുള്ള ശബ്ദം ഉയരുന്നുണ്ട്. സഭയ്ക്ക് എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ സംസ്കാരം എവിടെ നില്ക്കുമായിരുന്നു? ജാതിമത ഭേദമെന്യേ വിദ്യാഭ്യാസം നല്കാന് ക്രൈസ്തവ സമുദായം തയാറായതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടിയത്.
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന വലിയ ഏജന്‍സിയായി മാറാന്‍ ക്രൈസ്തവ സമുദായത്തിനു കഴിഞ്ഞെങ്കില്‍ പൊതുസമൂഹം ആകമാനം അതിന്റെ ഫലം അനുഭവിച്ചിട്ടുണ്ടെന്നത് വിസ്മരിക്കരുത്. നാം നമുക്കുവേണ്ടി മാത്രമായി ഒന്നും ചോദിച്ചിട്ടില്ല. സമത്വം വേണമെന്നു മാത്രമേ സര്ക്കാരിനോട്ആവശ്യപ്പെടുന്നുള്ളൂ. ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള വിഷയം പരിഹരിക്കണമെന്നു പറയുന്നത് സഭയ്ക്കുവേണ്ടി മാത്രമല്ല, പൊതുസമൂഹനന്മയ്ക്കുവേണ്ടിയാണെന്നും മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.
നമ്മുടെ ജാഗ്രതക്കുറവു മൂലമാണ് സമുദായത്തിന് ക്ഷീണം സംഭവിച്ചത്. വോട്ട്ബാങ്ക് രാഷ്ട്രീയം എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുണ്ട്. സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണം. സഭയുടേയും സമൂഹത്തിന്റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന്‍ സമുദായശക്തീകരണ വര്‍ഷത്തില്‍ സാധിക്കണമെന്നും മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പഠന കമ്മീഷന് ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരുന്നു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ആമുഖ പ്രഭാഷണവും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മാര്‍ഗനിര്‍ദേശ പ്രഭാഷണവും നടത്തി.
യുവദീപ്തി എസ്എംവൈഎം ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട് പതാകയുയര്‍ത്തി. കുറുമ്പനാടം ഫൊറോനാ പള്ളി വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സെക്രട്ടറി ബിനു ഡൊമനിക്, ഫാ. ജേക്കബ് കാട്ടടി എന്നിവര്‍ പ്രസംഗിച്ചു.
District News
എടത്വ: ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷയുടെ പ്രതീകമായിരുന്ന ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉത്തരവാദിത്വപ്പെട്ടവരടെ അനാസ്ഥ മൂലം അവഗണനയുടെ പ്രതീകമായി അവശേഷിക്കുന്നെന്ന് കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന നേതൃയോഗം.
സാമൂഹിക സൂചികയില്‍ സംസ്ഥാനത്തെ ഏറെ മുന്നിലെത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമായ സംഭാവനകള്‍ നല്കിയ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കനോ അതിലെ ശിപാര്‍ശകള്‍ സുതാര്യമായി നടപ്പാക്കാനോ മുന്നോട്ടുവരാത്ത ഭരണാധികാരികളുടെ നിഷ്ക്രിയ സമീപനത്തെ യോഗം അപലപിച്ചു.
ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനം എന്ന പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉയര്‍ത്തിക്കൊണ്ടു രാഷ്ട്രീയ ലക്ഷ്യം നേടുന്നതിന് ഭരണനേതൃത്വം നടത്തിയ ചുവടുവയ്പായി കമ്മീഷനെ നിയോഗിച്ച നടപടിയെ യോഗം വിലയിരുത്തി. കമ്മീഷന് റിപ്പോര്‍ട്ട് കാര്യത്തില്‍ പുറത്തുവരുന്ന ചുമതലപ്പെട്ടവരുടെ പ്രസ്താവനകള്‍ ഏറെ നിരാശാജനകമെന്നും കൂരിരുട്ടില്‍ കരിവീരനെ കണ്ടതുപോലെയുള്ള അവ്യക്തത ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നെന്നും യോഗം കുറ്റപ്പെടുത്തി.
സമുദായത്തെ രാഷ്ട്രീയ ചതുരംഗക്കളിയില്‍ കരുവാക്കുന്ന നയസമീപനം ക്രൈസ്തവസമൂഹം തിരിച്ചറിയുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഇത്തരം നടപടികളില്‍നിന്ന് പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കരുമാടി സെന്റ് നിക്കോളാസ് പള്ളിയില്‍ വച്ച് സംഘടിപ്പിക്കുന്ന ഫൊറോന തല സമുദായ ശക്തീകരണ സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാന്‍ തീരുമാനിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് മാത്യു, മീനു സോബി, കെ.ജെ. മാത്യു, പി.ജെ. ജോസഫ്, വി.ജെ. കുര്യന്, റോയി വര്‍ഗീസ്, റൂബി ജോസഫ്, റ്റി.എം. ലോനപ്പന് എന്നിവര്‍ പ്രസംഗിച്ചു.
National
കോൽക്കത്ത: ഇഡി റെയ്ഡിനെതിരേ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷനെതിരേയും പോർമുഖം തുറന്നു.
വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ പേരിൽ സംസ്ഥാനത്തെ സാധാരണ പൗരന്മാരെ നിരന്തരം ഉപദ്രവിക്കുന്ന നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ ഗ്യാനേഷ് കുമാറിന് മമത കത്തയച്ചു.
വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.
District News
ഫോർട്ടുകൊച്ചി: സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ അധീനതയിലുള്ള കരുവേലിപ്പടിയിലെ എന്‍എഫ്എസ്എ.സംഭരണ കേന്ദ്രമായ കല്ല് ഗോഡൗണില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷനംഗം കെ.എന്‍. സുഗതന് സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ 11.30 ഓടെ എത്തിയ കമ്മീഷനംഗം ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ഗോഡൗണിലെ തൊഴിലാളികളുമായും സംസാരിക്കുകയും ഗോഡൗണിന്റെ നിലവിലെ സാഹചര്യങ്ങൾ കണ്ട് മനസിലാക്കുകയും ചെയ്തു.
നിലവില്‍ കൊച്ചി സിറ്റി റേഷനിംഗ് ഓഫിസ് പരിധിയിലെ റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങളാണ് ഇവിടെ സംഭരിക്കുന്നത്. ഗോഡൗണിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിച്ച് സംഭരണ ശേഷി വർധിപ്പിക്കുന്നകാര്യവും, വൈറ്റില മാടവനയിൽ താത്കാലികമായി പ്രവർത്തിക്കുന്ന ഗോഡൗണിലെ ഭക്ഷ്യ ഉത്പന്നങ്ങള്‍ കൂടി കൊച്ചി ഗോഡൗണിലേക്കു മാറ്റുന്നതിനുള്ള സാധ്യതയും ചർച്ച ചെയ്തതായി കമ്മീഷനംഗം കെ.എന്‍. സുഗതന് വ്യക്തമാക്കി.