കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപികമാരുടെ പീഡനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ നിയോഗിച്ച കമ്മീഷന് തെളിവെടുപ്പ് തുടങ്ങി.
ആറു പെൺകുട്ടികളടക്കം 12 പിജി വിദ്യാർഥികളിൽ നിന്നാണ് ആദ്യഘട്ടത്തിൽ കമ്മീഷന് നേരിട്ടെത്തി മൊഴിയെടുത്തത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി അധ്യാപകരായ ഡോ. എ. അനിതകുമാരി, ഡോ. സി.എ.സ്മിത എന്നിവർക്കെതിരേയാണ് രണ്ടാഴ്ചമുമ്പ് മനോരോഗവിഭാഗത്തിലെ പിജി വിദ്യാർഥികള്‍ മാനസിക പീഡനം ആരോപിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷന് വിശദമായ മൊഴികളാണ് വിദ്യാർഥികളടക്കമുള്ളവരിൽനിന്ന് രേഖപ്പെടുത്തിയത്.
ഒരു ദിവസത്തെ സന്ദർശനത്തിൽ പൂർത്തിയാവാത്ത മൊഴിയെടുപ്പ് തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈനിലൂടെ തുടരാണ് കമ്മീഷന് അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അടുത്ത ആഴ്ച തന്നെ കൈമാറും.
ആരോപണ വിധേയരായ അധ്യാപികമാരെ പരീക്ഷാ ചുമതലയിൽനിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് സപ്ലിമെന്ററി പരീക്ഷയെഴുതുന്ന രണ്ടുപേർ കൂടി പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു.
മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുന്നിൽ വെച്ച് പരസ്യമായി അപമാനിപ്പിക്കപ്പെടുകയും തിസീസ് ഒപ്പിട്ട് നൽകില്ലെന്നും പരീക്ഷയിൽ മാർക്ക് കുറക്കുമെന്നുമുള്ള ഭീഷണിക്കിരയാവുകയും ചെയ്തതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് വിദ്യാർഥികള്‍ കമ്മീഷന് മുന്നില്‍ പങ്കുവച്ചത്. സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് വിവരം.
Tags : Harassment female teachers Kozhikode medical college psychiatry Commission probe