ബെര്‍ലിന്‍: ജര്‍മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മില്‍ ബെര്‍ലിനില്‍ നിർണായക കൂടിക്കാഴ്ച നടത്തി. പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറിൽ ഇരുവരും ഒപ്പുവച്ചു.
ഇത് സാങ്കേതിക വിദ്യ കൈമാറുന്നതിനും സംയുക്ത നിര്‍മാണത്തിനും വഴിയൊരുക്കും. ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും ജര്‍മനിയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള "ഇംപ്ലിമെന്റിംഗ് അറേഞ്ച്മെന്റ്' കരാറിലും മന്ത്രിമാർ ഒപ്പുവച്ചു.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്‍, സുരക്ഷാ രംഗത്തെ പുതിയ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായി ചര്‍ച്ച ചെയ്തു.
.png1777010077.jpg)
സൈനിക പരിശീലനം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധം എന്നിവ കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ കൂടിക്കാഴ്ച സഹായിച്ചു.
ഇന്ത്യയുമായുള്ള ഈ പുതിയ കരാറുകള്‍ ഏഷ്യ - പസഫിക് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കും.

നേരത്തെ, രാജ്നാഥ് സിംഗ് ബെർലിനിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെർലിനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, ഇന്ത്യയുടെ വളർച്ചയിലും വികസനത്തിലും പ്രവാസികൾക്കുള്ള പങ്കിനെ അഭിനന്ദിച്ചു.
ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയെക്കുറിച്ചും ആഗോളതലത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഉഭയകക്ഷി ചർച്ചകൾക്കും പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനുമായാണ് അദ്ദേഹം ജർമനിയിൽ എത്തിയത്.