ഐസിഇ 2075 എക്സ്പ്രസ്സ്
ഹാംബുർഗ്: സമയം തെറ്റിയുള്ള ഓട്ടം, പ്രവർത്തിക്കാത്ത എയർ കണ്ടീഷണറുകൾ, ട്രെയിൻ റദ്ദാക്കലുകൾ എന്നിവ കാരണം ജർമൻ റെയിൽവേ കമ്പനിയായ 'ഡോയ്ച്ചേ ബാൻ' (Deutsche Bahn - DB) യാത്രക്കാരുടെ കടുത്ത വിമർശനം നേരിടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ജർമ്മനിയിൽ നടന്ന രസകരവും വിചിത്രവുമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാവുകയും യാത്രക്കാരുടെ വലിയ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്യുകയാണ്.
ട്രെയിനിൽ ടോയ്ലറ്റ് പേപ്പർ തീർന്നുപോയപ്പോൾ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ട്രെയിൻ നിർത്തിച്ച് സൂപ്പർമാർക്കറ്റിലേക്ക് ഓടി ടോയ്ലറ്റ് പേപ്പർ വാങ്ങി തിരികെ വന്ന് യാത്ര തുടർന്ന ഒരു 'സൂപ്പർ സിഐഎസ് / ട്രെയിൻ ഷെഫ്' ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.
സീസൺ സമയത്ത് കടുത്ത യാത്രക്കാരുടെ തിരക്കുള്ള, സിൽറ്റ് ദ്വീപിലെ വെസ്റ്റർലാൻഡിൽ നിന്നും ബർലിനിലേക്ക് പോകുകയായിരുന്ന പുതിയ 'ICE 2075' എക്സ്പ്രസ്സ് ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിൻ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി 'ഹാംബുർഗ്-ബർഗെഡോർഫ്' (Hamburg-Bergedorf) സ്റ്റേഷനിൽ നിർത്തുകയായിരുന്നു.
സാങ്കേതിക തകരാറോ മറ്റ് അടിയന്തര വൈദ്യസഹായ ആവശ്യങ്ങളോ ആയിരുന്നില്ല ഈ സ്റ്റോപ്പിന് കാരണം. ട്രെയിനിൽ ഉണ്ടായിരുന്ന ടോയ്ലറ്റ് പേപ്പറുകൾ മുഴുവൻ തീർന്നുപോയെന്നും പുറപ്പെടുന്നതിന് മുൻപ് ഡിബി അധികൃതർ ആവശ്യത്തിന് ടോയ്ലറ്റ് പേപ്പറുകൾ വണ്ടിയിൽ കയറ്റിയിരുന്നില്ല എന്നും ട്രെയിൻ ഷെഫ് മൈക്കിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
യാത്രക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതെ ആ ജീവനക്കാരൻ സ്വയം ഒരു പരിഹാരം കണ്ടെത്താൻ തീരുമാനിച്ചു. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയ ഉടൻ പ്ലാറ്റ്ഫോമിൽ നിന്നും അടുത്തുള്ള സൂപ്പർമാർക്കറ്റിലേക്ക് അദ്ദേഹം ഓടി. മിനിറ്റുകൾക്കകം തന്റെ കൈകളിൽ 3 വലിയ പാക്കറ്റ് ടോയ്ലറ്റ് പേപ്പറുമായി സ്റ്റെയർകേസ് കയറി ട്രെയിനിലേക്ക് തിരികെ ഓടിക്കയറുന്ന ജീവനക്കാരന്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാരൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ മിനിറ്റുകൾക്കകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. വാർത്ത വലിയ പ്രചാരം നേടിയതോടെ ഡോയ്ച്ചേ ബാൻ വക്താവ് സംഭവം സ്ഥിരീകരിച്ചു. സ്റ്റാഫ് കുറവായതിനാലാണ് പുറപ്പെടുന്ന സമയത്ത് ടോയ്ലറ്റ് പേപ്പർ ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയാതെ പോയതെന്നും, അടിയന്തര സാഹചര്യത്തിൽ സ്വന്തം ബുദ്ധി ഉപയോഗിച്ച് പ്രവർത്തിച്ച ജീവനക്കാരന്റെ സേവനത്തെ അഭിനന്ദിക്കുന്നുവെന്നും ഡിബി വ്യക്തമാക്കി.
Tags : DeutscheBahn GermanyNews ViralVideo ICE2075