പ്രതീകാത്മക ചിത്രം
ബെര്‍ലിന്‍: ജര്‍മന്‍ സായുധ സേനയായ ബുണ്ടസ്വെറില് ലൈംഗികാതിക്രമങ്ങളും ദുരുപചാരങ്ങളും ഇതുവരെ പുറത്തുവന്ന ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ വ്യാപകമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.
ജര്‍മന്‍ ചരിത്രത്തില്‍ ആദ്യമായി സൈന്യത്തിലെ പുറത്തറിയാത്ത ലൈംഗികാതിക്രമ കേസുകളെക്കുറിച്ച് നടത്തിയ സമഗ്രമായ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ കര്‍ശനമായ സീറോ ടോളറന്‍സ് നയം നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് പ്രഖ്യാപിച്ചു.
പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍
കുറഞ്ഞ തോതിലുള്ള റിപ്പോര്‍ട്ടിംഗ്: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരില്‍ മൂന്നിലൊന്ന് മുതല്‍ ആറിലൊന്ന് ഭാഗം പേര് മാത്രമാണ് ഔദ്യോഗികമായി പരാതിപ്പെടാന്‍ തയാറാകുന്നത് എന്ന് പ്രതിരോധ മന്ത്രി ബുണ്ടസ്ടാഗില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തങ്ങള്‍ക്ക് ശ്രദ്ധ ആകര്ഷിക്കേണ്ടി വരില്ല എന്ന ഭയമാണ് പലരും പരാതിപ്പെടാതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
യുവതികളും കീഴ്ജീവനക്കാരും ലക്ഷ്യത്തില്‍: സൈന്യത്തിലെ താഴെത്തട്ടിലുള്ള യുവതികളായ വനിതാ സൈനികരാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്.
കൂടാതെ പുരുഷന്മാരില് നോണ്‍-ഹെറ്ററോസെക്ഷ്വല്‍ വിഭാഗത്തില്‍ പെട്ടവരും വലിയ തോതില്‍ ചൂഷണത്തിന് വിധ്യമാക്കപ്പെടുന്നുണ്ട്. ഭൂരിഭാഗം കേസുകളിലും കുറ്റവാളികള്‍ പുരുഷന്മാരാണ്.
വാക്കാലുള്ള പീഡനങ്ങള്‍ കൂടുതല്‍: പഠനത്തില്‍ പങ്കെടുത്ത വനിതാ സൈനികരില്‍ 72 ശതമാനവും പുരുഷ സൈനികരില്‍ 31 ശതമാനവും സേവനകാലയളവില്‍ എപ്പോഴെങ്കിലും വാക്കാലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ശാരീരികമായ അതിക്രമങ്ങള്‍ നേരിട്ടതായി ഒമ്പത് ശതമാനം സ്ത്രീകളും മൂന്ന് ശതമാനം പുരുഷന്മാരും തുറന്നുപറഞ്ഞു.
45,000 സേനാംഗങ്ങളില്‍ നടത്തിയ സര്‍വേ: ബുണ്ടസ്വെറിന്റെ മിലിട്ടറി ഹിസ്റ്ററി ആന്‍ഡ് സോഷ്യല്‍ സയന്‍സസ് സെന്ററിന്റെ നേതൃത്വത്തിലാണ് 45,000 സര്‍വീസ് അംഗങ്ങളില്‍ സര്‍വേ നടത്തിയത്.
ഇതില്‍ 8,100ലധികം ചോദ്യാവലികളും വ്യക്തിഗത അഭിമുഖങ്ങളും വിലയിരുത്തിയാണ് കൃത്യമായ സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ തയാറാക്കിയത്.
പ്രതിരോധ വകുപ്പിന്റെ കര്‍ശന നടപടികള്‍:
സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ശക്തമായ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു.
സൈന്യത്തില്‍ ലൈംഗികാതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പരാതിപ്പെടാനുള്ള സംവിധാനങ്ങളെക്കുറിച്ച് സേനാംഗങ്ങള്‍ക്ക് കൂടുതല്‍ ബോധവല്‍ക്കരണം നല്‍കുമെന്നും കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ, സുപ്പീരിയര്‍ ഓഫീസര്‍മാരുടെ നേതൃഗുണവും ഇത്തരം പരാതികളോട് അവര്‍ സ്വീകരിക്കുന്ന നിലപാടും ഇനി മുതല്‍ പെര്‍ഫോമന്‍സ് ഇവാലുവേഷന്റെ പ്രധാന മാനദണ്ഡമായി മാറ്റും.
ജര്‍മനിയിലേക്ക് കൂടുതല്‍ വനിതകളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
Tags : GermanMilitary Bundeswehr SexualHarassment GermanArmy MilitaryNews