ബെർലിൻ: ജർമനിയുടെയും ഇന്ത്യയുടെയും സംഗീതവും നൃത്തവും ഒരേ വേദിയിൽ കൈകോർക്കുന്ന അപൂർവ സാംസ്കാരിക വിരുന്നിന് കാൾസ്റു നഗരം വേദിയാകുന്നു.
ഈ മാസം 22ന് വൈകുന്നേരം 6.30ന് കാൾസ്റു സ്റ്റാട്ട്കിർഷേയിൽ നടക്കുന്ന പ്രത്യേക ഉദ്ഘാടനത്തോടെ India Days Karlsruhe 2026ന് തുടക്കമാവും.
മുംബൈയിലെ പ്രശസ്തമായ Mehli Mehta Music Foundationന്റെ യുവഗായകസംഘം, ജർമനിയിലെ പ്രശസ്ത Ulmer Spatzen യുവഗായകസംഘം, കൂടാതെ Mannheimൽ നിന്നും ജർമൻ മലയാളി ഷാനി മാത്യുവിന്റെ നേതൃത്വത്തിൽ നിസരി കലാക്ഷേത്ര ഡാൻസ് അക്കാഡമിയിലെ നർത്തകിമാരും ചേർന്നാണ് സാംസ്കാരിക സായാഹ്നം ധന്യമാക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
പാശ്ചാത്യ കോറൽ സംഗീതവും ഭാരതീയ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന പരിപാടി സംഗീതത്തിന്റെയും കലാസൗഹൃദത്തിന്റെയും ഇന്ത്യയും ജർമനിയും തമ്മിലുള്ള സംസ്കാരിക കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമാകും.
വ്യത്യസ്ത സംസ്കാരങ്ങളെ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ബന്ധിപ്പിക്കുന്ന ഈ അപൂർവ വേദി കലാസ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.