ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിലെ നൊയ്ഹാസൻ ഒബ് എക്കിൽ നടക്കുന്ന പ്രശസ്തമായ "സൗത്ത് സൈഡ്' മ്യൂസിക് ഫെസ്റ്റിവൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു.
രാജ്യത്ത് തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ശക്തമായ കാറ്റും ഇടിമിന്നലും നാശം വിതച്ചു തുടങ്ങിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ മെഗാ സംഗീതോത്സവം സുരക്ഷ മുൻനിർത്തി സംഘാടകർക്ക് താത്കാലികമായി നിർത്തിവക്കേണ്ടി വന്നത്.
ലൈവ് ഷോയ്ക്കിടെ അടിയന്തിര സൈറണുകൾ; പാതിവഴിയിൽ ഉപേക്ഷിച്ച പരിപാടികൾ
വേദിയിൽ ലൈവ് പ്രകടനങ്ങൾ തത്സമയം നടന്നു കൊണ്ടിരിക്കെയാണ് കനത്ത മഴയും ആലിപ്പഴ വർഷവും കൊടുങ്കാറ്റുമുണ്ടാകുമെന്ന ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയത്. ഇതോടെ ഫെസ്റ്റിവൽ ഗ്രൗണ്ടിൽ അടിയന്തിര സൈറണുകൾ മുഴങ്ങി.
പ്രശസ്ത ബാൻഡായ "എ ഡേ ടു റിമംബർ' ഉൾപ്പെടെയുള്ള പരിപാടികൾ രാത്രി ഏഴോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കാലാവസ്ഥ ഒന്നു ശാന്തമായതിനെ തുടർന്ന് രാത്രി 10ന് പരിപാടികൾ പുനരാരംഭിച്ചുവെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിരുന്ന മിക്ക പ്രകടനങ്ങളും പൂർണമായി റദ്ദാക്കിയത് ആരാധകരെ ഏറെ നിരാശരാക്കി.
കാറുകൾ അഭയകേന്ദ്രമാക്കി അറുപതിനായിരത്തോളം കാണികൾ
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഫെസ്റ്റിവൽ ഗ്രൗണ്ടിൽ തടിച്ചുകൂടിയ അറുപതിനായിരത്തോളം വരുന്ന കാണികളോട് ഉടനടി സ്വന്തം വാഹനങ്ങളിലേക്ക് മാറാൻ സംഘാടകരും കോൺസ്റ്റൻസ് (Constance) പോലീസും കർശന നിർദേശം നൽകി. തുറസായ സ്ഥലങ്ങളേക്കാൾ സുരക്ഷിതം കാറുകളാണെന്നതിനാലാണ് ഈ അടിയന്തിര നീക്കം നടത്തിയത്.
വാഹനമില്ലാത്ത സുഹൃത്തുക്കളെയും മറ്റ് സന്ദർശകരെയും കാറുകളുള്ളവർ സഹായിക്കണമെന്നും, തങ്ങളുടെ വണ്ടികളിൽ ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കിൽ "വാണിംഗ് ലൈറ്റുകൾ' (Hazard Lights) തെളിയിച്ച് അത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സംഘാടകർ മാതൃകാപരമായ അഭ്യർഥനയും നടത്തിയിരുന്നു.
കടുത്ത ചൂടിന് പിന്നാലെ വില്ലനായി കാലാവസ്ഥാ വ്യതിയാനം
കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ അനുഭവപ്പെട്ട 35 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സൗജന്യ കുടിവെള്ളവും തണലുകളും ഒരുക്കി ഫെസ്റ്റിവൽ മൂഡ് ആസ്വദിച്ചിരുന്ന സംഗീതപ്രേമികൾക്ക് പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം വലിയ തിരിച്ചടിയായി.
നിലവിൽ കാലാവസ്ഥ ശാന്തമായതോടെ ഫെസ്റ്റിവൽ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ഈ സംഗീതോത്സവം ഞായറാഴ്ചയാണ് അവസാനിക്കുന്നത്.
Tags : SouthsideFestival Germany NRI News