ബെർലിൻ: ജർമൻ പ്രവാസി ഹൈന്ദവ സമൂഹത്തിന്റെ ദീർഘകാലത്തെ സ്വപ്നമായിരുന്ന "ശ്രീ ഗണേശ ഹിന്ദു ക്ഷേത്രം' ഭക്തിനിർഭരമായ ചടങ്ങുകളോടെ വിശ്വാസികൾക്കായി സമർപ്പിച്ചു.
ബെർലിനിലെ നോയ്കോൾൺ ഡിസ്ട്രിക്റ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ജർമനിയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയമായാണ് കണക്കാക്കപ്പെടുന്നത്.
ഗംഗാജലവും സ്പ്രീ നദിയിലെ ജലവും ഒഴുക്കി കുംഭാഭിഷേകം
ഞായറാഴ്ച നടന്ന പ്രധാന കുംഭാഭിഷേക ചടങ്ങുകൾക്കായി ഭാരതത്തിലെ പുണ്യനദിയായ ഗംഗയിലെ തീർഥത്തിനൊപ്പം ബെർലിൻ നഗരത്തിലൂടെ ഒഴുകുന്ന സ്പ്രീ നദിയിലെ ജലവും പ്രത്യേകം ഉപയോഗിച്ചു.
വ്യത്യസ്തമായ ചടങ്ങ്
വൻ ക്രെയിനുകളുടെ സഹായത്തോടെയാണ് പുണ്യജലം ക്ഷേത്രഗോപുരത്തിന് മുകളിലേക്ക് എത്തിച്ച് വിഗ്രഹങ്ങളിലും ഗോപുരത്തിലും അഭിഷേകം ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട വിവിധ പൂജകളും പ്രത്യേക വൈദിക ചടങ്ങുകളും ക്ഷേത്ര സമുച്ചയത്തിൽ ആരംഭിച്ചിരുന്നു.
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

ചെലവ് 1.1 മില്യൺ യൂറോ, നിർമാണ സാമഗ്രികൾ ഇന്ത്യയിൽ നിന്ന്
ഏകദേശം രണ്ട് പതിറ്റാണ്ടിലധികം നീണ്ട ആസൂത്രണങ്ങൾക്കും കഠിനശ്രമങ്ങൾക്കും ഒടുവിലാണ് ക്ഷേത്ര നിർമാണം പൂർത്തിയായത്.
1.1 മില്യൺ യൂറോയാണ് ചെലവ് (ഏകദേശം 10 കോടിയിലധികം ഇന്ത്യൻ രൂപ) മനോഹരമായ ഈ ക്ഷേത്രത്തിന്റെ ആകെ നിർമാണച്ചെലവ്.
പ്രത്യേകത
ഭാരതീയ ശില്പകലയുടെ ചാരുത വിളിച്ചോതുന്ന തരത്തിൽ, അതീവ മനോഹരമായ നിറങ്ങളാലും ശില്പങ്ങളാലും അലംകൃതമാണ് ഈ ക്ഷേത്രം.
ഇതിന്റെ നിർമാണത്തിനായുള്ള പ്രത്യേക കല്ലുകളും മറ്റ് സാമഗ്രികളും ഇന്ത്യയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തവയാണ്.
നിലവിൽ ജർമനിയിലുടനീളം ചെറുതും വലുതുമായ നിരവധി ഹിന്ദു ക്ഷേത്രങ്ങളും പ്രാർഥനാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും വിസ്തൃതിയിലും നിർമാണത്തിലും ബെർലിനിലെ ശ്രീ ഗണേശ ക്ഷേത്രം ഇനി ജർമനിയിലെ പ്രവാസി ഹൈന്ദവ സംസ്കാരത്തിന്റെ പ്രധാന അടയാളമായി മാറും.