കൊച്ചി: ഡയപ്പർ, സാനിറ്ററി നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരമൊരുക്കി മലയാളിയുടെ കണ്ടുപിടിത്തം. കൊല്ലം ചടയമംഗലം സ്വദേശി ഹസൻ വർഷങ്ങൾ നീണ്ട പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും രൂപപ്പെടുത്തിയ ‘ഡയപ്പർ ഡിസോൾവർ’ എന്ന പൊടിയാണു മാലിന്യ സംസ്കരണത്തിൽ പുതുമാതൃകയാവുന്നത്.
ഉപയോഗശേഷം അശാസ്ത്രീയമായി ഉപേക്ഷിക്കുന്ന ഡയപ്പറുകളിലും നാപ്കിനുകളിലുമുള്ള ജെൽ ഘടകമായ സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തുവിനെ നിർവീര്യമാക്കുന്നത് ലോകമെങ്ങും മാലിന്യസംസ്കരണ മേഖലയിൽ വെല്ലുവിളിയാണ്. ഇവയിൽ വെള്ളം തട്ടുമ്പോൾ വീർത്ത് ഡ്രെയിനുകൾ മൂടുകയും വെള്ളക്കെട്ട് ഉണ്ടാക്കുകയും ചെയ്യും.
മണ്ണിലും ജലാശയങ്ങളിലും വർഷങ്ങളോളം ഈ മാലിന്യം നിലനിൽക്കും. പല പാളികളുള്ള പ്ലാസ്റ്റിക് ഘടനയും ജെൽ കോറും ഉള്ളതിനാൽ ഇത് എളുപ്പത്തിൽ നശിക്കാത്തതും പ്രതിസന്ധിയാണ്. ടോയ്ലറ്റുകളിലേക്കും തുറന്ന ചാലുകളിലേക്കും മാലിന്യകൂമ്പാരങ്ങളിലേക്കും ഡയപ്പർ തള്ളുന്ന സാഹചര്യം വ്യാപകമാണ്.ഈ പ്രശ്നത്തിനാണ് ഹസൻ കണ്ടെത്തിയ ഡയപ്പർ ഡിസോൾവറിലൂടെ പരിഹാരം കാണുന്നത്.
ഉപയോഗിച്ച ഡയപ്പറോ നാപ്കിനോ ഡിസോൾവർ പൊടി നിശ്ചിത അളവിൽ കലക്കിയ വെള്ളത്തിൽ 10-20 മിനിറ്റ് മുക്കിവയ്ക്കണം. ഇതിലൂടെ ജെൽ ഭാഗം പൂർണമായി വെള്ളത്തിൽ ലയിക്കും. ശേഷിക്കുന്ന പ്ലാസ്റ്റിക് ഭാഗങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാം.
വീട്ടുപയോഗത്തിനും ആശുപത്രികൾക്കും മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നു ഹസൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഡയപ്പർ, നാപ്കിൻ മാലിന്യ സംസ്കരണത്തിന് കർമപദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമം.
ആരോഗ്യ, ശുചിത്വ വകുപ്പുകൾ, സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതി എന്നിവയുമായി സഹകരിച്ച് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. റെസിഡന്റ്സ് അസോസിയേഷനുകൾ, ആശുപത്രികൾ, പ്രസവകേന്ദ്രങ്ങൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
ഡയപ്പർ ഡിസോൾവറിനു പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹസന്റെ നേതൃത്വത്തിൽ ക്ലീനിംഗ് സാമഗ്രികൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ചടയമംഗലത്ത് 2006 മുതൽ പ്രവർത്തിക്കുന്നുണ്ട്.