കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണബാങ്കില്‍ തട്ടിപ്പ് ആരംഭിക്കുന്നത് 2003 ലാണ്. ബാങ്ക് ലാഭം കൊയ്ത വര്‍ഷമായിരുന്നു 2003. നേട്ടത്തിനു കാരണമായത് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ബാങ്ക് റബ്കോ കമ്പനിയുടെ ഡീലര്‍ഷിപ്പ് ഏറ്റെടുത്തതായിരുന്നു.
2004ല്‍ കൊരുമ്പിശേരി സ്വദേശി ബിജോയിയെ കമ്മീഷന് ഏജന്റായി നിയമിച്ചു. ലാഭത്തില്‍ എട്ടു ശതമാനം ബിജോയിക്കും നാലു ശതമാനം ബാങ്കിനും എന്നായിരുന്നു ധാരണ. ഇവിടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. റബ്കോ വഴി കടകളിലേക്കു വിതരണം ചെയ്യുന്ന സാധനങ്ങളുടെ പണം ബാങ്കില്‍ അടയ്ക്കാതെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചായിരുന്നു തിരിമറി.
തട്ടിപ്പിന്റെ തുടക്കത്തിലെ വഴിത്തിരിവ് 2005ലായിരുന്നു. റബ്കോ ബിസിനസുമായി ബന്ധപ്പെട്ടു ക്രമക്കേടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ബേബി ജോണിനു സുരേഷ് എന്നയാൾ പരാതി നല്കി. അന്വേഷണ കമ്മീഷനെ വച്ച് സിപിഎം അന്വേഷണം നടത്തിയെങ്കിലും പിന്നീട് ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീന് ചുമതലയേറ്റതോടെ അന്വേഷണം മുന്നോട്ടു പോയില്ല.
2014 ജനുവരിയില്‍ പ്രതികള്‍ കൂട്ടമായി ഡൂപ്ലിക്കേറ്റ് രേഖകള്‍ വച്ച് ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ തുടങ്ങി. 50 ലക്ഷം രൂപയേ ഒരാള്‍ക്കു വായ്പ നല്കാന് പാടുള്ളൂ എന്ന നിയമമൊക്കെ കാറ്റില്‍ പറത്തി 50 ലക്ഷം രൂപ വീതമുള്ള 46 ലോണുകളായി കിരണ്‍ എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയത് 23 കോടി രൂപ.
നഗരസഭാ കൗണ്‍സിലര്‍ ടി.കെ. ഷാജു ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണച്ചുമതല മുകുന്ദപുരം താലൂക്ക് രജിസ്ട്രാര്‍ക്കു കൈമാറി. പ്രതികള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു ഡിഐജിക്ക് കത്തു നല്‍കിയതോടെ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അപ്പോഴും കേസെടുത്തില്ല.
2020 ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന് ടി.കെ. ഷാജു പരാതി നല്കി. 2020 ഏപ്രില്‍ 28ന് സ്വകാര്യചാനലില്‍ സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാം പരിപാടിയില്‍ സുരേഷ് ബാങ്കിന്റെ തട്ടിപ്പുകളെക്കുറിച്ച് പരാതിപ്പെട്ടു. അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പും നൽകി. പിന്നീട് 2020 ഒക്ടോബര്‍ 19ന് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടുപ്രകാരം അന്വേഷണം വിജിലന്‍സിന് കൈമാറാന്‍ ശിപാര്‍ശ ചെയ്തു.
2021 ജൂണ്‍ 12നാണ് തട്ടിപ്പിന്റെ ഭീകര രൂപം മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 125 കോടിയുടെ വായ്പാതട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍ പുറത്തുവന്നു.
2021 ജൂലൈ 14ന് ബാങ്ക് സെക്രട്ടറിയടക്കം ആറു ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ്, കമ്മീഷന് ഏജന്റ് എ.കെ. ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റ് റജി അനില്‍, ഇടനിലക്കാരന് കിരണ്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല നല്കിയ പരാതിപ്രകാരമാണു കേസെടുത്തത്.
2021 ജൂലൈ 19ന് 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഎം ഉന്നതനേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇഡിക്കും ആദായനികുതിവകുപ്പിനും ബിജെപി നേതാക്കള്‍ പരാതി നല്കി.
2021 ജൂലൈ 20 ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ബാങ്ക് രേഖകള്‍ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു.
2021 ജൂലൈ 21ന് കള്ളപ്പണം വെളുപ്പിച്ചതായി ഇഡിക്ക് വിവരം ലഭിച്ചു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ഇതിനിടെ ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റര്‍ ഭരണം നിലവില്‍വരികയും ചെയ്തു. ഈ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭാസമ്മേളനം ബഹിഷ്കരിച്ചിരുന്നു. 107.34 കോടി ക്രമക്കേട് നടത്തിയതായി വി.എന്‍. വാസവന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
Tags : Karuvannur Cooperative bank Fraud