കൊച്ചി: മാസപ്പടിക്കേസില്‍ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടും മരവിപ്പിച്ചവയില്‍ പെടും.
1.50 ലക്ഷം രൂപയാണ് ഈ അക്കൗണ്ടിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ച 242 അക്കൗണ്ടുകളിലായുള്ള 18.36 കോടി രൂപ കണ്ടുകെട്ടുന്നതിനായി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് ഇഡി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
അതേസമയം വീണയടക്കമുള്ളവരെ സമന്‍സ് നല്കി വിളിപ്പിക്കാനും ഇഡി നീക്കം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ തുടര്‍നടപടികളിലേക്ക് കടക്കും.
വിവിധയിടങ്ങളില്‍ നടന്ന പരിശോധനകളില്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരികയാണ്. വീണയുടെ ബാങ്ക് ലോക്കറും പരിശോധിക്കും.
നേരത്തേ നടത്തിയ റെയ്ഡുകളില് വീണയുടെ ഫോണ്‍, നിക്ഷേപ രസീതുകള്‍, സിഎംആര്‍എലുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഈ രേഖകള്‍ തുടര്‍നടപടികള്‍ക്കായി സ്ഥിരമായി കൈവശം വയ്ക്കുന്നതിനും അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്.ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്.
Tags : Monthly deposit case ED investments undeclared Veena Vijayan