കേരള ബാങ്ക്
തിരുവനന്തപുരം: ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ നടപ്പാക്കുന്നതിന് കേരള ബാങ്കിന് ആർബിഐയുടെ അനുമതി ലഭിച്ചു. ഉപയോക്താക്കൾക്ക് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ ഇന്റർനെറ്റിലൂടെ ബാങ്കിംഗ് സേവനങ്ങൾ 24X7 ലഭ്യമാക്കുന്നതിനുള്ള അനുമതിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് കേരള ബാങ്കിന് ലഭിച്ചത്.
വ്യക്തിഗത ഉപയോക്താക്കൾക്കൊപ്പം അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും ഇതരസ്ഥാപനങ്ങൾക്കും കേരള ബാങ്ക് വഴി ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ലഭിക്കും. അംഗസംഘങ്ങൾക്ക് കേരള ബാങ്കിലുള്ള അക്കൗണ്ട് ഉപയോഗിച്ച് RTGS, NEFT ഉൾപ്പെടെയുള്ള ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ നടത്താൻ ആകുമെന്നതും ഇതിന്റെ നേട്ടമാണ്.
സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഫണ്ട് ട്രാൻസ്ഫർ, ബൾക്ക് പേയ്മെന്റുകൾ, അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങൾ എന്നിവ ശാഖ സന്ദർശിക്കാതെ ഓൺലൈനായി നിർവഹിക്കാൻ കഴിയുന്ന രീതിയിലേക്ക് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വിപുലമാകും. കൂടാതെ QR Code, EPOS തുടങ്ങിയ സേവനങ്ങളും ഉടനെ ലഭ്യമാകും.
2019-ൽ കേരള ബാങ്ക് രൂപീകരിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കോർ ബാങ്കിംഗ് (CBS) സംവിധാനം ഏകീകരിക്കുകയും KB Prime, KB Prime Plus മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴി UPI ഉൾപ്പെടെ ദൈനംദിനം ബാങ്കിംഗ് സേവനങ്ങളും നിക്ഷേപ സേവനങ്ങളും ബാങ്ക് ലഭ്യമാക്കുകയും ചെയ്തുവരുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം 9.8 കോടി ഇടപാടുകളിലായി 16,041.25 കോടി രൂപയാണ് UPI വഴി ഇത്തരത്തിൽ വിനിമയം നടത്തിയത്. കേരള ബാങ്കിന്റെ ആകെ ബിസിനസ് നിലവിൽ 1,28,697 കോടി രൂപയാണ്.
Tags : RBI Approves InternetBanking KeralaBank Business