കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളിലേക്ക് അന്വേഷണം.
തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്ക്രീന്‍ഷോട്ട് ആദ്യം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് സ്ക്രീൻ ഷോട്ട് ലഭിച്ചതു ജിതിനിൽനിന്നാണെന്നാണു സൂചന.
ജിതിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഇതോടെ കേസില്‍ നിര്‍ണായക സൂചന ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക.
യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ശാഖാ സെകട്ടറിയുടെ മൊഴിയും അന്വേഷണസംഘം ഇന്നെടുക്കും. ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം ഈ ശാഖാ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് ഇട്ടെന്നാണ് സിപിഎം ആദ്യം പരാതി ഉന്നയിച്ചത്. ഇക്കാര്യവും അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി. മനോഹരന്റെ നേതൃത്വത്തിലാകും മൊഴിയെടുപ്പ്.
Tags : Kafir screenshot case DYFI leaders