കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളെ പ്രതിചേര്‍ത്ത് ഇഡി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി അംഗീകരിച്ചു. സിപിഎം നേതാക്കള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വ്യക്തമാക്കി ഇവരടക്കം കുറ്റപത്രത്തിലെ 28 പേര്‍ക്കും കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പിഎംഎല്‍എ കോടതി സമന്‍സ് അയച്ചു.
മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എ, സിപിഎം തൃശൂര്‍ ജില്ല മുന്‍ സെക്രട്ടറിമാരായ എം.എം. വര്‍ഗീസ്, കെ. രാധാകൃഷ്ണന് എംപി, പൊറത്തിശേരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എ.ആര്. പീതാംബരന്, പൊറത്തിശേരി സൗത്ത് ലോക്കല്‍ സെക്രട്ടറി എം.ബി. രാജു, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ തുടങ്ങിയവരടക്കം പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് പ്രത്യേക ജഡ്ജി പി. ശബരീനാഥന് വ്യക്തമാക്കി. ജൂലൈ നാലിന് നേരിട്ടു ഹാജരാകാനാണ് സമന്‍സ്.
പ്രതിപ്പട്ടികയില്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും സ്ഥാനം 67 മുതല്‍ 73 വരെയാണ്. കരുവന്നൂര്‍ ബാങ്കിലുണ്ടായ ക്രമക്കേടുകളെത്തുടര്‍ന്ന് തൃശൂര്‍ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗമടങ്ങുന്ന സബ് കമ്മിറ്റി വലിയ വായ്പകള്‍ അനര്‍ഹര്‍ക്ക് അനുവദിക്കാന്‍ ഭരണസമിതിയില്‍ സമ്മര്‍ദം ചെലുത്തിയെന്നതാണ് പാര്‍ട്ടിക്കെതിരേ ആരോപിച്ചിട്ടുള്ള പ്രധാന കുറ്റം.
വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടു. പൊറത്തിശേരിയില്‍ സ്ഥലം വാങ്ങി പാര്‍ട്ടി ഓഫീസ് നിര്‍മിക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനമെടുക്കുകയും ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കുകയും ചെയ്തു. ഇതിനായി പാര്‍ട്ടി പി.ആര്.വൈ ബില്‍ഡിംഗ് ഫണ്ട് എന്നപേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി.
അനധികൃത വായ്പക്കാരില്‍നിന്നു കമ്മീഷന് വാങ്ങി ഈ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാന്‍ ബാങ്കധികൃതരും ഭരണസമിതി അംഗങ്ങളുമടക്കമുള്ളവരെ ചുമതലപ്പെടുത്തി.
പാര്‍ട്ടിയും ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ് ബാങ്കിനെ നിയന്ത്രിച്ചത്. ബിനാമി വായ്പകളും പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണു നല്‍കിയത്. പാര്‍ട്ടിയുടെ പേരില്‍ തുടങ്ങിയ വിവിധ അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കപ്പെട്ടു -കുറ്റപത്രത്തിൽ പറയുന്നു.
സബ് കമ്മിറ്റിയെ നിയമിക്കാന്‍ താത്പര്യമെടുത്തത് 2011 -16 കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീനായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അനര്‍ഹരായ ഒട്ടേറെപ്പേര്‍ക്കു വലിയ വായ്പയെടുക്കാന്‍ പദവി ദുരുപയോഗം ചെയ്ത് ഭരണസമിതിയില്‍ സ്വാധീനം ചെലുത്തി സഹായിച്ചു. തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍നിന്നു വായ്പയെടുത്തയാള്‍ നല്കിയ പണം തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
2018 -25 കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. വര്‍ഗീസ് ബില്‍ഡിംഗ് ഫണ്ട് അക്കൗണ്ടിലേക്കു വന്ന അനധികൃത കമ്മീഷനടക്കം ഉപയോഗിച്ചു തന്റെ പേരില്‍ പൊറത്തിശേരിയില്‍ പാര്‍ട്ടി ഓഫീസിനു സ്ഥലം വാങ്ങിയെന്നാണ് ആരോപണം. പി.ആര്.വൈ ബില്‍ഡിംഗ് ഫണ്ട് എന്ന ബാങ്ക് അക്കൗണ്ട് തുടങ്ങിയ 2016 -18 കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്ണന് അനധികൃത വായ്പക്കാരില്നിന്നുള്ള കമ്മീഷനടക്കം അക്കൗണ്ടിലേക്കു നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ പൊറത്തിശേരി ഓഫീസ് നിര്‍മാണത്തിനു ഫണ്ട് കണ്ടെത്താന്‍ പാര്‍ട്ടി മുഖേന ബാങ്ക് ഭരണസമിതിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതെന്നാണു കുറ്റം. അതേസമയം, കുറ്റപത്രത്തില്‍ നേതാക്കളുടെ പേര് ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നായിരുന്നു ഇവരുടെ അഭിഭാഷകരുടെ വാദം.
ബാങ്കില്‍ സ്വാധീനശക്തിയില്ലാത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിക്കുന്നത് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനാണ്. പാര്‍ട്ടിക്കു ലഭിച്ച സംഭാവനത്തുകയും തട്ടിപ്പിന്റെ ഭാഗമാക്കി മാറ്റുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി.
എന്നാല്‍, വിചാരണ നേരിടാന്‍ ഉത്തരവിടാനുള്ള തെളിവുകള്‍ ഈ ഘട്ടത്തില്‍ ലഭ്യമാണെന്നായിരുന്നു ഇഡിക്കുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജെ. സന്തോഷിന്റെ വാദം. നിലവില്‍ ലഭ്യമായ രേഖകളും മൊഴികളും പ്രകാരം പ്രഥമദൃഷ്ട്യാ പ്രതികളെ വിചാരണ ചെയ്യാനാകുമെന്ന് കോടതി വ്യക്തമാക്കി.
ബാങ്കിലെ തട്ടിപ്പിനെയും അനധികൃത വായ്പയെയും കുറിച്ച് പാര്‍ട്ടിക്കും നേതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നും അവര്‍ ഭരണസമിതിയെ ഇതിനായി സ്വാധീനിച്ചിട്ടുണ്ടെന്നും കേസില്‍ മാപ്പുസാക്ഷിക്കളാക്കപ്പെട്ട മുന്‍ ബാങ്ക് സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, മാനേജരായിരുന്ന ബിജു കരീം എന്നിവരടക്കമുള്ളവരുടെ മൊഴിയുണ്ട്.
നേരിട്ടോ അല്ലാതെയോ അറിഞ്ഞുകൊണ്ട് കുറ്റകൃത്യത്തെ സഹായിക്കുകയോ കുറ്റം ഒളിപ്പിച്ചു വയ്ക്കുകയോ കുറ്റകൃത്യത്തിലൂടെ നേടിയ പണത്തില്‍ പങ്കു പറ്റുകയോ ചെയ്താല്‍ പിഎംഎല്‍ ആക്ട് പ്രകാരം വിചാരണ നേരിടാന്‍ മതിയായ കാരണമാണെന്നു വിലയിരുത്തിയ കോടതി, തുടര്‍ന്നാണ് പ്രതികള്‍ക്കു സമന്‍സ് അയയ്ക്കാൻ ഉത്തരവിട്ടത്.
രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും വ്യക്തികളുടെ അസോസിയേഷന് എന്നനിലയില്‍ പിഎംഎല്‍ ആക്ട് പ്രകാരം കമ്പനിയായി കണക്കാക്കാനാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും കുറ്റകൃത്യം നടക്കുന്ന സമയത്തു ജനപ്രതിനിധികളല്ലാതിരുന്നതിനാല് വിചാരണയ്ക്കു പ്രത്യേക അനുമതി വേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

തൃശൂർ: പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും എ.സി. മൊയ്തീൻ എംഎൽഎ.
കരുവന്നൂർ ഇഡി കേസിൽ വിചാരണയ്ക്കു ഹാജരാകണമെന്ന കോടതി നിർദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇതു രാഷ്ട്രീയപ്രേരിതമായ കേസാണ്. ബിജെപിയും കോൺഗ്രസും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
പാർട്ടിയെ പ്രതിയാക്കുന്നതിൽ എന്തു ന്യായമാണുള്ളത്? ഇതിനു മുകളിലും കോടതിയുണ്ട്. രാജ്യത്തു നടക്കുന്ന ഇഡി അന്വേഷണങ്ങളിൽ ബിജെപിക്ക് പങ്കുണ്ട്. ഈ കേസിൽ സുരേഷ് ഗോപിയുടെ പങ്കുമുണ്ടാകുമെന്നും എ.സി. മൊയ്തീൻ പറഞ്ഞു.