ടി.എ. യൂസഫ് എന്ന ഹൈറുമൻ യൂസഫ്
തൃശൂർ: സ്വദേശത്തും വിദേശത്തുമായി കോടിക്കണക്കിന് രൂപയുടെ സാന്പത്തിക തട്ടിപ്പും പണം വെളുപ്പിക്കലും നടത്തിയെന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരേ നിയമനടപടി.
തൃശൂർ കോട്ടപ്പുറം മങ്ങാട് സ്വദേശി തൊമ്മൻ വളപ്പിൽ വീട്ടിൽ ടി.എ. യൂസഫ് എന്ന ഹൈറുമൻ യൂസഫിന് (56) എതിരേയാണ് അന്വേഷണം. ഖത്തർ സ്വദേശിക്കുവേണ്ടി അഭിഭാഷകനായ സജീബ് സിറാജുദ്ദീൻ എരുമാപ്പെട്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു നടപടി ആരംഭിച്ചു.
2018 ജനുവരിയിൽ ദോഹയിൽ വച്ച്, തന്റെ ഉടമസ്ഥതയിലുള്ള ’ലോജിക് ഇലക്്ട്രാണിക് ആൻഡ് സൂപ്പർമാർക്കറ്റ് ’ എന്ന സ്ഥാപനത്തിന് ഫണ്ട് ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് യൂസഫ് ഒപ്പിട്ട ചെക്ക് ഈടായി നൽകി ഖത്തർ സ്വദേശിയായ പരാതിക്കാരനിൽ നിന്ന് 18 മില്യൺ ഖത്തർ റിയാൽ (ഏകദേശം 50 കോടി ഇന്ത്യൻ രൂപ) ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
കൂടാതെ പരാതിക്കാരന്റെ വ്യക്തിപരമായ ഗാരന്റിയിൽ നാല് മില്യൻ ഖത്തർ റിയാൽ ദോഹ ബാങ്കിൽ നിന്നു പിൻവലിച്ച് നാട്ടിൽ വീടും വസ്തുക്കളും വാങ്ങി. യൂസഫ് നൽകിയ ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ മടങ്ങിയതിനെ തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയും ഖത്തർ കോടതി യൂസഫിന് ശിക്ഷവിധിക്കുകയും ചെയ്തു.
എന്നാൽ ശിക്ഷാവിധി വരും മുന്പേ ഹവാല വഴി ഇയാൾ പണം നാട്ടിലേക്ക് കടത്തി. ഈ തുക ഉപയോഗിച്ച് എരുമപ്പെട്ടിയിലും സമീപ പ്രദേശങ്ങളിലും വീട്, റിസോർട്ട്, ഭൂമി എന്നിവ വാങ്ങി. 2019ൽ ഇരുപതോളം പേരിൽ നിന്ന് സമാന രീതിയിൽ പണം തട്ടിയതിന് ഇന്റർപോൾ ഇയാൾക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എരുമപ്പെട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പാലക്കാട് സ്വദേശിയായ ഖത്തറിലെ വ്യവസായിയും യൂസഫിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഖത്തറിലെ ബിസിനസ് ഇടപാടുകളുടെ ഭാഗമായി യൂസഫ് ഇയാളിൽ നിന്ന് 2.50 കോടി രൂപ വിലവരുന്ന മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും കൈപ്പറ്റി.
എന്നാൽ ഈ തുകയ്ക്ക് പകരമായി നൽകിയ ചെക്കുകൾ ബാങ്കിൽ പണമില്ലാതെ മടങ്ങിയതോടെയാണ് പാലക്കാട് സ്വദേശിയും പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതോടെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനായി തൃശൂർ സെഷൻസ് കോടതിയിൽ യൂസഫ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. തുടർന്നു ഹൈക്കോടതിയെ സമീപിച്ചു. ചികിത്സയിൽ കഴിയുന്ന പ്രതിക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് കോടതി അറസ്റ്റ് തടഞ്ഞത്.
കൂടുതൽ തട്ടിപ്പു വിവരങ്ങൾ പുറത്ത്
യൂസഫ് നടത്തിയ കൂടുതൽ തട്ടിപ്പുകൾ വ്യക്തമാക്കുന്ന സുപ്രധാന രേഖകൾ പുറത്തുവന്നതോടെ കേസുകളുടെ വ്യാപ്തി വർധിക്കുന്നു. ഖത്തറിലെ 17 ബാങ്കുകളിലായി 500 കോടി രൂപയിലധികം വരുന്ന പുതിയ തട്ടിപ്പുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഇവയുമായി ബന്ധപ്പെട്ട പുതിയ കേസുകൾ കൂടി ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.
Tags : Fraud KottappuramNative Embezzled TAYusuf Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash