ബിനു ചാക്കോ
കോട്ടയം: മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 21 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ച കേസിൽ പ്രതിയായ തിരുവല്ല, കാവുംഭാഗം, പഴയചിറ ബിനു ചാക്കോ(50)യ്ക്ക് മൂന്നു വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 ജഡ്ജി എസ്. അനന്തകൃഷ്ണൻ ആണ് വിധി പ്രസ്താവിച്ചത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മകൾക്ക് എൻആർഐ ക്വാട്ടയിൽ എംബിബിഎസ് പ്രവേശനം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി പരാതിക്കാരനിൽനിന്ന് വിവിധ ഘട്ടങ്ങളിലായി 21 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. എന്നാൽ സീറ്റ് ലഭിച്ചില്ല. പണം തിരികെയാവശ്യപ്പെട്ടപ്പോൾ പ്രതി നൽകിയ ചെക്കുകളിൽ രണ്ടെണ്ണം മതിയായ തുകയില്ലാത്തതിനാൽ മടങ്ങി. തുടർന്ന് പ്രതി 2.50 ലക്ഷം രൂപ മാത്രം തിരികെ നൽകി.
അന്വേഷണ സംഘം ശേഖരിച്ച ബാങ്ക് രേഖകൾ, ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ, പ്രവേശന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ എന്നിവ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകൾ ഹാജരാക്കുകയും ചെയ്തു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സുനീഷ്, ശ്രീജിത്ത് ടി. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. റോബിൻ കെ. നീലിയറ ഹാജരായി.
Tags : Nattuvishesham DistrictNews DeepikaNews Fraud