പ്രതീകാത്മക ചിത്രം
കോട്ടയം: ജില്ലയിലെ മൂന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പു തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് അഞ്ചു മാസം കഴിയുമ്പോള്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്.
ജില്ലാ പഞ്ചായത്ത് 17-ാം വാര്‍ഡായ തൃക്കൊടിത്താനം, മീനടം പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചീരംകുളം, പാമ്പാടി പഞ്ചായത്ത് 10-ാം വാര്‍ഡ് കുമ്പന്താനം എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്. ഇന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 10 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 11നു നടക്കും. 14നാണു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 28നു രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണു വോട്ടെടുപ്പ്. 29നു രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള പഞ്ചായത്ത് വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷന് ഉള്‍പ്പെടുന്ന പഞ്ചായത്ത് വാര്‍ഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്.
ജില്ലാ പഞ്ചായത്തംഗമായിരുന്ന വിനു ജോബ് നിയമസഭാംഗമായതോടെയാണ് തൃക്കൊടിത്താനം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മീനടം പഞ്ചായത്തിലെ ചീരംകുളത്ത് യുഡിഎഫ് അംഗമായിരുന്ന പ്രസാദ് നാരായണന്, പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനത്ത് യുഡിഎഫ് അംഗമായിരുന്ന ബാബു മാത്യു ഡാണാവുങ്കല്‍ എന്നിവരുടെ അകാലത്തിലുള്ള നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Tags : Nattuvishesham DistrictNews