തകർന്ന സ്ലാബുകൾ തൊഴിലാളികൾ പുനഃസ്ഥാപിക്കുന്നു.
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ നിർമിച്ച ഡ്രെയിനേജ് സ്ലാബുകൾ ഒന്നിനുപിറകെ ഒന്നായി തകർന്നുവീഴുകയാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പ് സ്ലാബ് തകർന്ന റെയിൽവേ മേൽപാലം ഇറങ്ങി ദേശീയപാതയുമായി ചേരുന്ന ഭാഗത്താണ് ഇന്നലെ സ്ലാബ് തകർന്നു വീണത്.
സ്ലാബ് തകരുന്നതുമൂലം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഇന്നലെ ഉച്ചതിരിഞ്ഞ് കൊരട്ടി മുതൽ ചിറങ്ങര വരെ തൃശൂർ ദിശയിൽ ഉണ്ടായത്. നിർമാണം പൂർത്തിയായി ഒരു വർഷം പോലും പിന്നിടുന്നതിനുമുമ്പാണ് സ്ലാബുകൾക്ക് തുടർച്ചയായി കേടുപാടുകൾ സംഭവിക്കുന്നത്.
ഇതോടെ നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കയും ശക്തമായിരിക്കുകയാണ്. ഒരു ഭാഗത്തെ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടയിൽ മറ്റൊരു ഭാഗത്ത് വീണ്ടും തകരാർ സംഭവിക്കുന്ന സ്ഥിതിയാണുള്ളത്. തകർച്ച ആവർത്തിച്ചിട്ടും പ്രശ്നത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്തി ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags : Nattuvishesham DistrictNews