ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ 2022 മുതല്‍ ജില്ലയില്‍ ലഭിച്ച മഴ സംബന്ധിച്ച വിവരം.
കല്‍പ്പറ്റ: വയനാട്ടില്‍ തകര്ത്തുപെയ്യാതെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. മണ്‍സൂണ്‍ മൂന്ന് മാസം പിന്നിടുമ്പോള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ മഴയളവില്‍ 37 ശതമാനം കുറവ്.
ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ ജില്ലയില്‍ ലഭിച്ചത് ശരാശരി 1,391 മില്ലി മീറ്റര്‍ മഴ മാത്രമാണെന്ന് ഹ്യൂം കാലാവസ്ഥ ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനങ്ങളും എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് മഴക്കുറവിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഈ കാലയളവില്‍ ജില്ലയില്‍ ശരാശരി 2,200 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ 2022ല്‍ 2043 ഉം 2023ല്‍ 1151 ഉം 2024ല്‍ 2,200 ഉം 2025ല്‍ 1917 ഉം മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നു.
ജൂണ്‍, ജൂലൈ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റില്‍ ഭേദപ്പെട്ട മഴ ലഭിച്ചത് ആശ്വാസമായെങ്കിലും മണ്‍സൂണിലെ മൊത്തത്തിലുള്ള കുറവ് നികത്താന്‍ പര്യാപ്തമായില്ല.
ജില്ലയിലെ പ്രാദേശിക മഴ ലഭ്യതയില്‍ വലിയ അന്തരമാണുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം (3,986 മില്ലി മീറ്റര്‍), മട്ടിലയം (3,435 എംഎം) പ്രദേശങ്ങളിലാണ്.
വൈത്തിരി പഞ്ചായത്തിലെ ലക്കിടിയില്‍ 3730 എംഎം മഴ ലഭിച്ചു. കിഴക്കന്‍ ഗ്രാമങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവില്‍ 383 ഉം നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലുമുക്കില്‍ 404 ഉം മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മുത്തങ്ങ മേഖലയില്‍ 316 എംഎം മഴയാണ് രേഖപ്പെടുത്തിയത്.
മണ്‍സൂണ്‍ പെയ്ത്തിന്റെ രീതിയിലും ജില്ലയില്‍ ആശങ്കജനകമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസം മുഴുവന്‍ നീളുന്ന പരമ്പരാഗത മഴയ്ക്ക് പകരം ഉച്ചയ്ക്കുശേഷം കുറഞ്ഞ സമയത്തിനകം കനത്ത തീവ്രതയോടെ പെയ്യുന്ന രീതിയാണ് ഇത്തവണ കണ്ടത്. ഇത്തരം മഴ വെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാന്‍ സമയം നല്‍കാതെ ഉപരിതലത്തിലൂടെ ഒഴുകിപ്പോകാന്‍ ഇടയാക്കുകയാണ്.
മഴക്കുറവും വരണ്ട അന്തരീക്ഷവും ജില്ലയിലെ പ്രതിമാസ ശരാശരി ഉയര്‍ന്ന താപനിലയെയും സാരമായി ബാധിച്ചു. കൂടുതല്‍ മഴ ലഭിച്ച ജൂലൈയില്‍ ഉയര്‍ന്ന ശരാശരി താപനില 26 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെങ്കിലും ജൂണില്‍ ശരാശരി 27.9 ഉം ഓഗസ്റ്റില്‍ 27.3 ഉം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മണ്‍സൂണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തുടരുന്ന മഴക്കുറവും താപനില വ്യതിയാനവും മണ്ണിലേക്ക് ജലം ആഴ്ന്നിറങ്ങാത്ത രീതിയിലുള്ള തീവ്ര മഴയും വരും വര്‍ഷത്തില്‍ ജില്ലയില്‍ വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമത്തിനും കാര്‍ഷിക പ്രതിസന്ധിക്കും വഴിവച്ചേക്കാമെന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു.
Tags : Nattuvishesham Districtnews Deepikanews